ജ്യോതികയുടെ സിനിമ കാണാന്‍ കള്ളനും പൊലീസും ഒരുമിച്ച്

തമിഴകത്തിന്‍റെ താരറാണി ജ്യോതികയുടെ തിരിച്ചുവരവിനാല്‍ ശ്രദ്ധേയമായ 36 വയതിനിലെ എന്ന ചിത്രത്തിന് തമിഴകത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരുടെ തിരിച്ചുവരവിനാല്‍ സൂപ്പര്‍ഹിറ്റായി മാറിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് പതിപ്പാണ് ഈ ചിത്രം.

എന്തായാലും തങ്ങളുടെ പ്രിയനടിയുടെ തിരിച്ചുവരവ് തമിഴ് സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അങ്ങനെ ആവേശംമൂത്ത് ഡ്യൂട്ടി സമയത്ത് ജ്യോതികയുടെ സിനിമ കാണാന്‍ പോയ മൂന്ന് പൊലീസുകാര്‍ക്ക് കിട്ടിയ ഒരു പണിയും കിട്ടി. തമിഴ്നാട് വിഴിപുറത്താണ് സംഭവം. പൊലീസുകാര്‍ ഒറ്റയ്ക്കല്ല സിനിമയ്ക്ക് പോയത് , കൂട്ടിന് വന്നതോ ലോക്കപ്പില്‍ കൊണ്ടുപോകേണ്ട കള്ളന്മാര്‍ക്കൊപ്പം‍.

കയ്യില്‍ വിലങ്ങണിയിച്ച കള്ളന്മാര്‍ക്കൊപ്പം പൊലീസുകാര്‍ തിയേറ്ററിലെത്തിയപ്പോള്‍, ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്നെ പൊലീസുകാരായി ശ്രദ്ധാകേന്ദ്രം. ഇവര്‍ ബഹളം വച്ചെങ്കിലും സിനിമ കാണാനുള്ള പൊലീസുകാരുടെ ആഗ്രഹം കണ്ടപ്പോള്‍ ജനം ഒന്നടങ്ങി.

സിനിമ മുഴുവന്‍ കണ്ടതിന് ശേഷമാണ് മൂവരും തിയേറ്റര്‍ വിട്ടത്. അതിന് ശേഷം തടവുപുള്ളിയെ എത്തിക്കേണ്ടയിടത്ത് എത്തിക്കുകയും ചെയ്തു. എന്നാല്‍ വിഷയം പൊലീസ് സൂപ്രണ്ടിന്റെ കാതിലെത്തിയതോടെ മൂവരെയും സസ്‌പെന്റ് ചെയ്യുകയായിരുന്നു.