കബാലി തരംഗത്തിൽ ആരാധകർ; എവിടെ രജനി?

ലോകം മുഴുവൻ ചർച്ച ചെയ്യുന്നത് രജനിയുടെ കബാലി സിനിമയെക്കുറിച്ചാണ്. സ്കൂളുകളിലും ഓഫീസ് സ്ഥാപനങ്ങളിലും ആരാധകർ അവധിയൊക്കെ നേരത്തെ അപേക്ഷിച്ച് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

എന്നാല്‍ കബാലി റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ രജനി എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയ്ക്കായി പ്രത്യേക പ്രചാരണപരിപാടികൾ ഇനി ആവശ്യമില്ലെങ്കിലും റിലീസിന് മുന്‍പെങ്കിലും രജനി സ്വന്തം നാട്ടിലെത്തുമോ എന്നാണ് ഇവരുടെ ആകാംക്ഷ.

വലിയ ചിത്രങ്ങളുടെ റിലീസിന് മുമ്പേ രജനി ആധ്യാത്മിക യാത്രകൾ നടത്താറുണ്ട്. ഇപ്പോൾ അമേരിക്കയിലുള്ള അദ്ദേഹം വെര്‍ജീനിയയിലുള്ള ലോട്ടസ് ആശ്രമം സന്ദർശിച്ചു. മകൾ സൗന്ദര്യക്കൊപ്പമായിരുന്നു സന്ദർശനം.1980ല്‍ സ്വാമി സച്ചിദാനന്ദ സ്ഥാപിച്ച ആശ്രമമാണിത്.

കുടുംബത്തിനൊപ്പമാണ് രജനി അമേരിക്കയിൽ അവധി ആഘോഷിക്കാന്‍ എത്തിയത്. 20ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ജൂലൈ 22നാണ് കബാലി റിലീസിനെത്തുന്നത്.