റിലീസിന് മുമ്പേ 200 കോടി വാരി കബാലി

എല്ലാ റെക്കോർഡുകളെയും പിഴുതെറിയാനാണ് സ്റ്റൈൽമന്നന്റെ കബാലി എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ചിത്രം വാരിക്കൂട്ടിയത് 200 കോടി രൂപ. ജൂലൈ ആദ്യ വാരമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന ഖ്യാതിയും കബാലി സ്വന്തമാക്കിക്കഴിഞ്ഞു. 28 ദിവസം കൊണ്ടാണ് ടീസർ ഈ നേട്ടം കൈവരിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലെയും തിയറ്റർ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയി കഴിഞ്ഞു. കർണാടകയിൽ നിർമാതാവ് റോക്ലിൻ വെങ്കിടേഷ് റെക്കോർഡ് തുകയ്ക്കാണ് വിതരണം സ്വന്തമാക്കിയിരിക്കുന്നത്.

തിങ്ക് മ്യൂസിക് ആണ് ഓഡിയോ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വലിയ തുകയ്ക്ക് കരാ‍ർ ഉറപ്പിച്ച് കഴിഞ്ഞു. ഹിന്ദി പതിപ്പിന്റെ അവകാശത്തിനായി ബോളിവുഡിലെ രണ്ട് പ്രമുഖവിതരണക്കാർ ചെന്നൈയിൽ തമ്പടിച്ചിരിക്കുകയാണ്.

ചൈനയിലുള്ള പ്രമുഖ കമ്പനി സിനിമയുടെ ചൈനീസ് പതിപ്പിന് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. ബോളിവുഡ് പോലുള്ള സിനിമകൾക്ക് പോലും ചൈനയിൽ റിലീസ് ചെയ്യാനുള്ള അവസരം കിട്ടാറില്ല. മാത്രമല്ല ഇന്ത്യയിൽ റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞാകും ചിത്രം അവിടെ റിലീസ് ചെയ്യുക. അപ്പോഴാണ് അവിടെനിന്നൊരു കമ്പനി രജനി ചിത്രത്തിനായി പിടിവലി കൂടുന്നത്.

തമിഴ്‌നാടിന് പുറത്ത് നിന്നുള്ള വിതരണത്തില്‍ നിന്ന് മാത്രം ചിത്രത്തിന്റെ നാല്‍പ്പത് ശതമാനത്തോളം വരുമാനം നേടിക്കഴിഞ്ഞതായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. ഒരു തെന്നിന്ത്യൻ താരം സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള വിതരണത്തില്‍ നിന്നുമാത്രം ഇത്രമാത്രം വരുമാനം നേടുന്നതും ഇതാദ്യമായാണ്. ചെന്നൈയിലെ ചെങ്കൽപേട്ട് ഭാഗത്തെ വിതരണത്തിന് മാത്രം മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ 16 കോടിയാണ് കബാലിക്ക് വാഗ്ദാനം ചെയ്തത്.

കബാലിയുടെ റിലീസിങ്ങ് തീയതി കൃത്യമായി പറയാനാവില്ലെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ തിയറ്ററിലെത്തിക്കാനാണ് തീരുമാനം. റംസാന്‍ ചിത്രമായാകും കബാലി എത്തുക. ഏറ്റവും കൂടുതല്‍ ഭാഷയില്‍ വിവിധ രാജ്യങ്ങളില്‍ ഒരുമിച്ചിറങ്ങുന്ന ഏക സിനിമയെന്ന റെക്കോർഡും കബാലിയ്ക്കായിരിക്കും. 5000 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ബാഹുബലിയും ഈദ് റിലീസായാണ് തിയറ്ററുകളിൽ എത്തിയത്.