Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബലി വരുന്നു; ഒരു കലക്കു കലക്കാൻ

kabali-hd-poster

തമിഴകം കണ്ണും നട്ടിരിക്കുകയാണു െവള്ളിത്തിരയിലേക്ക്; കബലീശ്വരന്റെ വരവിനായി. കൊട്ടകകളിൽ പൂരം കൊട്ടിയിറങ്ങുക മേയിലോ ജൂണിലോ ആകും. പക്ഷേ, ആഘോഷത്തിനുള്ള പെരുമ്പുറപ്പാടു പണ്ടേ തുടങ്ങിക്കഴിഞ്ഞു. അതെ, തമിഴകം ഒരുക്കത്തിലാണ്. രജനീകാന്തിന്റെ പുതിയ ചിത്രം ‘കബലി’യെ സ്വീകരിക്കാനുള്ള ഒരുക്കം. രജനി അധോലോക നായകനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പൂർണകഥ ഇനിയും രഹസ്യം. ചെന്നൈയിലെ മൈലാപ്പൂരിൽ നിന്നു മലേഷ്യയിലേക്കു വളരുന്ന അധോലോക സാമ്രാജ്യമാണു കബലീശ്വരന്റേത്. അധോലോക സംഘങ്ങളുടെ കുടിപ്പകയിൽ നിന്നു സ്വന്തം മകളെ രക്ഷിക്കാൻ കബലീശ്വരൻ നടത്തുന്ന യുദ്ധങ്ങളുടെ കഥയാണു കബലിയെന്നു കോടമ്പാക്കം വാർത്തകൾ.

∙രജനിയുടെ 159-ാം ചിത്രം

ആകാംക്ഷയ്ക്ക് അറുതി വരാൻ രജനി ആരാധകർ ഇനിയും കാത്തിരുന്നേ പറ്റൂ. പക്ഷേ, കിട്ടിയ പൊട്ടും പൊടിയും കൊണ്ട് ആഘോഷം തുടങ്ങിക്കഴിഞ്ഞു, അവർ. സാക്ഷാൽ ജെറ്റ് ലീ വില്ലനായി എത്തുമെന്നായിരുന്നു ആദ്യ വാർത്ത. ജെറ്റ് ലീക്കു പകരം തയ്‌വാനീസ് താരം വിൻസ്റ്റൻ ചാവോ വില്ലനാകുമെന്നായി അടുത്ത പ്രചാരണം. ഇടയ്ക്കു പ്രകാശ് രാജിന്റെ പേരും പറഞ്ഞുകേട്ടു. രജനിയുടെ വ്യത്യസ്ത ഗെറ്റപ്പുമായി പുറത്തു വരുന്ന സ്റ്റിൽസ് ആരാധകർ ആവേശത്തോടെയാണു വരവേൽക്കുന്നത്.

kabali-hd-posters

ട്വിറ്ററിൽ കബലിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളിൽ രജനിയുടേതു ഹോട് ലുക്ക് ആണെന്ന് ആരാധകരുടെ സാക്ഷ്യം. മലേഷ്യയിലായിരുന്നു കബലിയുടെ ചിത്രീകരണം. രജനി മുറിക്കുള്ളിൽ ഇരിക്കുന്നത് ഉൾപ്പെടെയുള്ള സ്റ്റിൽസാണു പുറത്തുവന്നത്. നരച്ച താടിയും മുടിയുമായി സോൾട് ആൻഡ് പെപ്പർ ലുക്. കണ്ണുകൾ മറച്ചു കറുത്ത കൂളിങ് ഗ്ലാസ്. ത്രീ പീസ് സ്യൂട്ടിന്റെ പ്രൗഢി. ഇടയ്ക്കിടെ പുതിയ ചിത്രങ്ങൾ ട്വറ്ററിൽ അപ്ഡേറ്റ് ചെയ്യാൻ അണിയറ പ്രവർത്തകർ മറക്കുന്നില്ല. രജനിയുടെ 159-ാമതു ചിത്രമാണു കബലി. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ രജനി ഇപ്പോൾ ഷങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ ചിത്രീകരണത്തിലാണ്.

kabali-poster-hq

∙പാലഭിഷേകത്തിന് എതിരെ

കബലി തിയറ്ററുകളിൽ എത്താനിരിക്കെ, രജനിക്ക് എതിരെ ഒരു ഹർജിയും കോടതിയിലെത്തിയിട്ടുണ്ട്. രജനിയുടെ സിനിമകൾ റിലീസ് ചെയ്യുന്ന വേളകളിൽ ആരാധകർ അദ്ദേഹത്തിന്റെ കൂറ്റൻ കട്ടൗട്ടുകൾ ലീറ്റർ കണക്കിനു പാലു കൊണ്ട് അഭിഷേകം ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണു ഹർജി. ജനങ്ങൾക്കു കുടിക്കാനുള്ള പാൽ മഴവെള്ളം കണക്കെ കോരിയൊഴിച്ചു കളയുന്ന പരിപാടി നിർത്തണമെന്നാണു ഹർജിക്കാരനായ ഡോ. മണിവണ്ണന്റെ ആവശ്യം. രജനിചിത്രങ്ങളിലെ പാലഭിഷേകം തടയാൻ കോടതി ഇടപെടുമോയെന്നു കണ്ടറിയണം. ഒന്നുറപ്പ്. ഇതും കബലിക്കു പബ്ലിസിറ്റിയാകും! ‘മദ്രാസ്’ പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന കബലിയിൽ രാധിക ആപ്തെയാണു പ്രധാന സ്ത്രീ കഥാപാത്രം.

kabali-movie

∙ഒരു ടിക്കറ്റിനു ‘തെറി’ കാണാം, കബലി ടീസറും

80 കോടി രൂപ ചെലവിട്ടു കലൈപുലി. എസ്. താണു നിർമിക്കുന്ന ചിത്രത്തിന്റെ യുഎസ് വിതരണാവകാശം വിറ്റുപോയത് 8.5 കോടി രൂപയ്ക്കാണ്. വിജയ് ചിത്രം തെറിയുടെ നിർമാതാവും അദ്ദേഹം തന്നെ. ഏപ്രിൽ 14 നു തെറി റിലീസ് ചെയ്യുന്നതിനൊപ്പം കബലിയുടെ ടീസറുമെത്തുമെന്നാണു സൂചന. അങ്ങനെയെങ്കിൽ ‘തെറി’ക്കു ടിക്കറ്റെടുത്താൽ ഇളയ ദളപതിയെ കാണാം; സ്റ്റൈൽ മന്നനെയും.

kabali-theri
Your Rating: