ഞാൻ നിരീശ്വരവാദി ആയതാകാം വിവാദങ്ങൾക്ക് കാരണം

കമൽഹാസൻ

'ഉത്തമവില്ലൻ ഒരു മതത്തെയും പറ്റിയുള്ള ചിത്രമല്ല. ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള ചിത്രമാണ്'. കമൽഹാസൻ പറയുന്നു. ഈ സിനിമ വിശ്വാസികളെക്കുറിച്ചോ അന്ധവിശ്വാസികളെക്കുറിച്ചോ ഒന്നുമല്ല. ഒരു മതത്തെയും ചിത്രവുമായി ബന്ധപ്പെടുത്തുന്നില്ല. കമൽ പറഞ്ഞു.

കമൽഹാസൻ ചിത്രങ്ങൾ റിലീസിന് മുൻപേ എന്തെങ്കിലും വിവാദങ്ങളുമായി കൂട്ടിയോജിപ്പിക്കുക ഒരു പതിവായി തീർന്നിരിക്കുകയാണ്. ഉത്തമവില്ലൻ എന്ന പുതിയ ചിത്രത്തിനെതിരെ ഹിന്ദു സംഘനടകൾ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റ സെൻസറിങും കഴിഞ്ഞ് മെയ് ഒന്നിന് ചിത്രം റീലീസ് ചെയ്യാനിരിക്കുമ്പോഴും വിവാദങ്ങൾ അടങ്ങുന്ന ലക്ഷണമില്ല. ഈ അവസരത്തിൽ കമൽഹാസൻ തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

‘ഞാനൊരു നീരീശ്വരവാദി ആയതാകാം ഈ ചിത്രത്തെചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടങ്ങാൻ കാരണമായത്. എല്ലാ മനുഷ്യർക്കും അവരുടേതായ ജീവിതശൈലി ഉണ്ട്. എന്റെ ജീവിതം ഞാൻ ബന്ധപ്പെടുത്തിയിരിക്കുന്നത് ഇത്തരം തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇതെല്ലാവരും മനസ്സിലാക്കുകയാണെങ്കിൽ ഒരു കുഴപ്പവും സംഭവിക്കില്ല. എന്റെ മാതാപിതാക്കൾ തികച്ചും ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരുന്നു. അങ്ങനെയുള്ള ഞാൻ എങ്ങനെ ഈ മതത്തിലുള്ളവരെ വെറുക്കും. കമൽഹാസൻ പറഞ്ഞു.

‘ആരാധകർ എന്നിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന കാര്യത്തിൽ ബോധവനാകാതെ അവരെ ഒഴിവാക്കുകയാണെന്ന് ഞാൻ ചെയ്യുന്നതെന്ന് വിമർശകർ പറയാറുണ്ട്. ഉത്തമവില്ലൻ ഒരു കോമിക് ചിത്രമല്ല. ഇത് വളരെ സീരിയസായ സിനിമയാണ്. ഇതിൽ ഒരുപാട് വൈകാരിക നിമിഷങ്ങൾ ഉണ്ട്. ഇത് ഹിന്ദുക്കളെയോ നിരീശ്വരവാദികളെപ്പറ്റിയോ പറയുന്നില്ല. ഉത്തമവില്ലൻ ജനങ്ങൾ വേണ്ടിയുള്ള ചിത്രമാണ്. കമൽ പറയുന്നു.