തൂങ്കാവനത്തില്‍ കമലിന് വില്ലന്‍

ഇന്ത്യന്‍, നായകന്‍, ആളവന്താന്‍ തുടങ്ങി ഉലകനായകൻ കമൽഹാസന്റെ ഒട്ടേറെ ആക്​ഷന്‍ ചിത്രങ്ങള്‍ കണ്ട് ആവേശം കൊണ്ട ആരാധകര്‍ക്കിതാ, ഒരു സന്തോഷ വാര്‍ത്ത. കമലിന്റെ അടുത്ത ചിത്രം ഒരു പൊലീസ് ആക്​ഷന്‍ ത്രില്ലറാണ്, പേരു തൂങ്കാവനം. തമിഴിലും തെലുങ്കിലുമായാണു ചിത്രം ഒരുക്കുന്നത്. വേട്ടയാട് വിളയാട് എന്ന ചിത്രത്തിനു ശേഷം കമല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് തൂങ്കാവനത്തിന്.

കമലിന്റെ സംവിധാന സഹായിയായ രാജേഷ് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ തൃഷയാണു നായിക. മന്‍മഥന്‍ അമ്പിനു ശേഷം കമല്‍ഹാസന്‍റെ നായികയായെത്തുന്നതിലുളള ത്രില്ലിലാണു തൃഷ. ജിബ്രാന്‍ ആണു സംഗീതം.

പ്രകാശ് രാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആടുകളം, വനയുദ്ധം, പൊല്ലാതവന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോണ്‍ ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. കമലിന്‍റെ തന്നെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണു ചിത്രത്തിന്‍റെ നിര്‍മാണം.

ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററുകള്‍ പുറത്തുവന്നു കഴിഞ്ഞു. മേയ് 24നു ചിത്രീകരണവും ആരംഭിച്ചു. ഹൈദരാബാദിലും ചെന്നൈയിലുമായാണു ഷൂട്ടിങ്. പാട്ടുകളുടെ ചിത്രീകരണം വിദേശത്തായിരിക്കും. അതിനു പറ്റിയ ലൊക്കേഷന്‍ തേടി നടക്കുകയായിരുന്നു ഇതുവരെ.

തൂങ്കാവനത്തിന്‍റെ പോസ്റ്ററുകളാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാവിഷയം. കാരണം മറ്റൊന്നുമല്ല. കമല്‍ ഒരു നടിയെ ലിപ് ലോക്ക് കിസ് ചെയ്യുന്നതാണു പുറത്തിറങ്ങിയ പോസ്റ്ററുകളിലൊന്ന്. എന്നാൽ നടി ആരാണെന്നു പോസ്റ്ററിൽ വ്യക്തമല്ല. നായിക തൃഷയാണെങ്കിലും പോസ്റ്ററിലുള്ളതു മറ്റൊരു നടിയാണെന്നു പ്രചരിക്കുന്നുണ്ട്. എന്നാൽ തൃഷ തന്നെയാണെന്നും പറഞ്ഞുകേൾക്കുന്നു. ഏതായാലും ഇതു തിരിച്ചറിയാൻ ചിത്രം തിയറ്ററിലെത്തും വരെ കാത്തിരിക്കൂ എന്നാണു ചലച്ചിത്രപ്രേമികളോട് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ജയിംസ്ബോണ്ട് ചിത്രങ്ങളുടെ ആരാധകരാണു തെന്നിന്ത്യന്‍ പ്രേക്ഷകര്‍. അതിനാല്‍ തന്നെ ഒരു ജയിംസ്ബോണ്ട് ചിത്രത്തോടു കിടപിടിക്കുന്ന സാങ്കേതിക മികവോടെ ആകും ചിത്രം എത്തുകയെന്നു കമല്‍ഹാസന്‍ പറയുന്നു. ഏറെ വിവാദങ്ങൾക്കും കേസുകൾക്കും ശേഷം പുറത്തിറങ്ങിയ വിശ്വരൂപം ഹോളിവുഡ് ചലച്ചിത്രത്തിന്റെ മികവു കാണിച്ചിരുന്നു. തൂങ്കാവനം ‘അതുക്കും മേലെ’ ആയിരിക്കുമെന്നാണു കമലിന്റെയും കൂട്ടരുടെയും വാഗ്ദാനം. ഒരു യഥാര്‍ഥ ആക്​ഷന്‍ ചിത്രം എന്താണെന്നു തൂങ്കാവനം കാണിച്ചുതരുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഉത്തമവില്ലന്‍ തിയറ്ററുകളിലെത്തിയതിനു തൊട്ടുപിന്നാലെയാണു കമല്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഉത്തമവില്ലന്‍ ബോക്സ് ഒാഫിസിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തൂങ്കാവനം അടക്കമുള്ള പുതിയ ചിത്രങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണു കമല്‍. വിശ്വരൂപം രണ്ടാം ഭാഗം, പാപനാശം എന്നിവയാണു പുറത്തിറങ്ങാനിരിക്കുന്ന മറ്റു കമൽ‌ ചിത്രങ്ങൾ. ഓഗസ്റ്റിലാണു വിശ്വരൂപം-രണ്ട് തിയറ്ററുകളിലെത്തുക. സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ദൃശ്യത്തിന്‍റെ റീമേക്കായ പാപനാശത്തിന്‍റെ റിലീസിങ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.