ലക്ഷ്മി മേനോന്‍റെ സന്തോഷത്തിന് കാരണം

തെന്നിന്ത്യന്‍ സുന്ദരി ലക്ഷ്മി മേനോന്‍ ആകെ സന്തോഷത്തിലാണ്. ഈ അവസരത്തില്‍ എന്തുപറയണമെന്ന് പോലും താരത്തിന് അറിയില്ല. അത് ലക്ഷ്മിയുടെ ഒരു സ്വപ്നം കൂടിയായിരുന്നു. തന്‍റെ മാത്രമല്ല ഏത് നടിയുടെയും ഒരു സ്വപ്നമാണ് തനിക്കും വന്ന് ചേര്‍ന്നിരിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.

മറ്റൊന്നുമല്ല തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ തല അജിത്ത് കുമാറിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്‍റെ ആവേശത്തിലാണ് ലക്ഷ്മി മേനോന്‍. എന്‍റെ സ്വപ്നം ഇന്ന് പൂവണിയുകയാണെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും തനിക്കൊപ്പം ഉണ്ടാകണമെന്നും ലക്ഷ്മി പറയുന്നു.

സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്‍റെ 56 ാമത്തെ ചിത്രത്തിലാണ് സഹോദരി വേഷത്തില്‍ ലക്ഷ്മി മേനോന്‍ വരുന്നത്. നിത്യ മേനോന്‍ ആ വേഷത്തില്‍ എത്തുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അതൊക്കെയും വെറും ഗോസിപ്പുകള്‍ മാത്രമാണെന്നു തെളിഞ്ഞിരിക്കുകയാണിപ്പോള്‍. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന്‍റെ സൂപ്പര്‍ ഹിറ്റായ വീരം സംവിധാനം ചെയ്തത് ശിവയായിരുന്നു.