കുട്ടിത്താരങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച് ധോണി

ദേശീയപുരസ്കാരം നേടിയ കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ കുട്ടിത്താരങ്ങളാണ് രമേശും വിഘ്നേശും. ഇരുവരും ഇപ്പോള്‍ മറ്റൊരു സ്വപ്നം യാഥാര്‍ഥ്യമായതിന്‍റെ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ടതാരമായ മഹേന്ദ്രസിങ് ധോണിയെ പരിചയപ്പെടാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് രണ്ടു പേരും.

ധോണി സാറുമൊത്തുള്ള നിമിഷങ്ങള്‍ മനോഹരമായിരുന്നെന്നും അദ്ദേഹം വളരെ സൗഹൃദപരമായാണ് ഞങ്ങളോടെ പെരുമാറിയതെന്നും കുട്ടികള്‍ പറയുന്നു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഇതൊരു സ്വപ്നസാക്ഷാല്‍ക്കാരമാണ്. രമേശ് പറഞ്ഞു.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ ആണ് കുട്ടികളുടെ ആഗ്രഹം മനസ്സിലാക്കി ധോണിയെ കാണാനുള്ള അവസരം ഒരുക്കിയത്.

ധോണി തന്നെയാണോ ഞങ്ങളുടെ അടുത്തിരിക്കുന്നതെന്നറിയാന്‍ കയ്യില്‍ നുള്ളി നോക്കിയെന്ന് വിഘ്നേശ് പറഞ്ഞു. ഇതുപോലെയുള്ള മികച്ച ചിത്രങ്ങള്‍ സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തി റിലീസ് ചെയ്യണമെന്നും ലോകമെന്പാടുമുള്ള ആളുകള്‍ ഇതിലൂടെ ഈ സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുമെന്നും ധോണി പറഞ്ഞു.

ധനുഷും സംവിധായകൻ വെട്രിമാരനും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച കുട്ടികൾക്കുളള ചിത്രത്തിനും മികച്ച ബാലതാരത്തിനുമുളള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മണികണ്ഠൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം എന്നിവയും മണികണ്ഠൻ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. തെരുവിൽ ജീവിക്കുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണ് കാക്കാ മുട്ടൈയുടേത്.