ഓട്ടോ ചന്ദ്രന്‍ വെനീസില്‍ എത്തിയ കഥ

ചെറുപ്പത്തിലേ നാടുവിട്ടു, പത്താം ക്ലാസ് ജയിച്ചിട്ടില്ല, ജയിലില്‍ കിടന്നിട്ടുണ്ട്. അനുഭവങ്ങള്‍ അയാളെ അവസാനം ഒരു ഓട്ടോ ഡ്രൈവറാക്കി. യാത്രക്കാരെ കാത്തിരിക്കുന്ന സമയത്ത് ലഭിക്കുന്ന ഇടവേളകളില്‍ അയാള്‍ നോവലുകള്‍ എഴുതാന്‍ തുടങ്ങി. ഇപ്പോള്‍ ആ നോവല്‍ ആസ്പദമാക്കിയെടുത്തിരിക്കുന്ന ചിത്രം വെനീസ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

എം. ചന്ദ്രകുമാര്‍ അഥവാ ഓട്ടോ ചന്ദ്രന്‍ എന്നുവിളിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതകഥയില്‍ ട്വിസ്റ്റും ടേണും ഒരുപാട് ഉണ്ടായിട്ടുണ്ട്. ആന്ദ്രപ്രദേശിലെ ജയില്‍വാസത്തില്‍ തനിക്കുണ്ടായ ക്രൂരമായ അനുഭവത്തെക്കുറിച്ചാണ് 2006ല്‍ എഴുതിയ ഈ നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ധനുഷ് നിര്‍മിച്ച് വെട്രിമാരന്‍ സംവിധാനം ചെയ്ത വിസാരണൈ എന്ന ചിത്രമാണ് ചന്ദ്രകുമാറിന്‍റെ നോവലിനെ ആസ്പദമാക്കിയെടുത്തിരിക്കുന്നത്. 72ാമത് വെനീസ് ചലച്ചിത്രമേളയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 120 രാജ്യങ്ങളില്‍ നിന്നുമുള്ള 2000 സിനിമകളില്‍ നിന്നും 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. വെനീസ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് വിസാരണൈ.