കമൽഹാസനെതിരെ മുസ്ളീം സംഘടനകളും

ഉത്തമവില്ലൻ നിരോധിക്കണമെന്ന ആവശ്യവുമായി എത്തിയ വിശ്വഹിന്ദുപരിഷത്തിന് പിന്തുണയുമായി മുസ്ളീം സംഘടന. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം ഒരുക്കിയ കമൽഹാസനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇന്ത്യൻ നാഷണൽ ലീഗ്. വിശ്വരൂപത്തിലൂടെ മുസ്ളീം വികാരത്തെ വ്രണപ്പെടുത്താൻ ശ്രമിച്ച കമൽഹാസൻ ഇപ്പോൾ ഉത്തമവില്ലൻ എന്ന ചിത്രത്തിലൂടെ ഹിന്ദുക്കൾക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് ഇന്ത്യൻ നാഷനൽ ലീഗ് തമിഴ്നാട് ഘടകം സെക്രട്ടറി എം നസീർ അഹമ്മദ് ആരോപിക്കുന്നു. വിവാദങ്ങളുണ്ടാക്കി സിനിമകൾക്ക് ചീപ്പ് പബ്ലിസിറ്റിയുണ്ടാക്കാനാണ് കമൽഹാസൻ ശ്രമിക്കുന്നതെന്നും നസീർ അഹമ്മദ് പറഞ്ഞു.

നേരത്തെ ചിത്രത്തിലെ ഒരു ഗാനരംഗം ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദുപരിഷത്ത് തമിഴ് ഘടകം ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിഷ്ണു ഭക്തനായ പ്രഹ്ളാദനും പിതാവ് ഹിരണ്യകശിപുവും തമ്മിലുള്ള സംഭാഷണത്തിലൂടെ ഹിന്ദുമതത്തെ അവഹേളിക്കാൻ ശ്രമിച്ചുവെന്നാണ് സംഘടനയുടെ ആരോപണം. ഈ ഗാനരംഗം ഉള്ളതിനാൽ ചിത്രം നിരോധിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.

മത—സാമുദായിക സംഘടനകൾ ചിത്രങ്ങൾക്കെതിരെ വിവാദങ്ങളുമായി രംഗത്തെത്തുന്നത് ഒരുപതിവായിരിക്കുകയാണ്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വിവാദങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇത് റിലീസിനെ ബാധിക്കാൻ ഇടയുണ്ടെന്നും കോളിവുഡിൽ നിന്നും വാർത്തകളുണ്ട്.