പുലിമുരുകൻ കടുവയുമായി പീറ്റർ ഹെയ്ൻ ബാങ്കോക്കിൽ

പീറ്റർ ഹെയ്‍ൻ, മോഹൻലാൽ

ഈ വർഷം മലയാളസിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ യഥാർഥ കടുവയെ ആണ് ഉപയോഗിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്റെ കീഴിൽ ബാങ്കോക്കില്‍ നിന്നെത്തിയ പരിശീലകരാണ് കടുവയെ ട്രെയ്ന്‍ ചെയ്യിപ്പിക്കുന്നത്.

ബാങ്കോക്കിലെ സിനിമയുടെ ചിത്രീകരണസ്ഥലത്തെ ദൃശ്യങ്ങൾ പീറ്റർ ഹെയ്‍ൻ ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചു. ചിത്രത്തിലെ കടുവയുമായി നിൽക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള സിനിമയ്ക്കായി മോഹൻലാലും കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. കടുവയുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലേറ്റ്.

പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ഗോപീസുന്ദറാണ് സംഗീതം. ചിത്രം വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.