തെലുങ്കിൽ ട്രോള്‍ ബാധിച്ചില്ല; പ്രേമം വാരിയത് 22 കോടി

റിലീസിന് മുമ്പേ പ്രേമത്തിന്റെ തെലുങ്ക് പതിപ്പിന് മലയാളി–തമിഴ് പ്രേക്ഷകർ വിമർശനങ്ങളും ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തെലുങ്ക് പ്രേക്ഷകരെ ഒട്ടും തന്നെ ബാധിച്ചിട്ടില്ലെന്നാണ് സിനിമയുടെ കലക്ഷൻ സൂചിപ്പിക്കുന്നത്.

ആന്ധ്രയിലും തെലങ്കാനയിലുമായി 360 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ അഞ്ച് ദിവസത്തെ ആഗോള കലക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. 22 കോടിയാണ് ചിത്രം അഞ്ച് ദിവസം കൊണ്ട് വാരിക്കൂട്ടിയത്. അമേരിക്കയിലും ചിത്രം ഹിറ്റാണ്. യുഎസില്‍ 110 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

ആന്ധ്രയില്‍ നിന്നും 14 കോടി രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത ആദ്യ ദിവസം 2.38 കോടി രൂപ ചിത്രം നേടി. ദാദ എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇപ്പോള്‍ പ്രേമത്തിന് ലഭിച്ചത്.