നൂറ് ആരാധകര്‍ക്ക് ഒരുലക്ഷം രൂപ നല്‍കി ലോറന്‍സ്

സൂപ്പര്‍സ്റ്റാര്‍ തുടങ്ങി ചെറിയതാരങ്ങളെ വരെ നെഞ്ചോട്ചേര്‍ത്ത് സ്നേഹിക്കുന്നവരാണ് തമിഴ്നാട്ടിലെ ആരാധകര്‍. ഇതാ ആരാധകര്‍ തന്നോട് കാണിച്ച സ്നേഹത്തിന് വലിയൊരു പ്രതിഫലം തിരിച്ചുകൊടുക്കയാണ് നടന്‍ ലോറന്‍സ്.

തനിക്ക് അഡ്വാന്‍സ് ആയി കിട്ടിയ ഒരു കോടി രൂപയാണ് തന്‍റെ ആരാധകരായ നൂറ് പേര്‍ക്ക് താരം നല്‍കിയത്. വേന്ദര്‍ മൂവീസ് നിര്‍മിക്കുന്ന കട്ട ശിവ മൊട്ട ശിവ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങുന്ന ചടങ്ങിലാണ് ലോറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. വേന്ദര്‍ മൂവീസിന്‍റ ബാനറില്‍ രണ്ടു ചിത്രങ്ങള്‍ക്കാണ് ലോറന്‍സ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഈ ചിത്രങ്ങള്‍ക്കായി ലഭിച്ച അഡ്വാന്‍സ് തുകയാണ് പാവങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ആദ്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞപ്പോള്‍ പലരും തന്നെ പരിഹസിച്ചിരുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തിന് എന്തെങ്കിലും നല്ലകാര്യം ചെയ്യണമെന്ന ബോധ്യമുള്ളതുകൊണ്ടാണ് തുക ദാനം ചെയുന്നതെന്ന് ലോറന്‍സ് പറഞ്ഞു.

ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരാധകരോ മറ്റാരോ ആകട്ടെ പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന ആര്‍ക്കും തന്നെ സമീപിക്കാമെന്ന് ലോറന്‍സ് പറയുന്നു. അവരുടെ അത്യാവശ്യം കണ്ടറിഞ്ഞതിന് ശേഷം അവരെ സഹായിക്കും.