രജനീകാന്ത് 40 കോടി നൽകണമെന്ന് വിതരണക്കാർ

രജനീകാന്ത്

തമിഴ്നാട്ടിൽ കോടികൾ വാരിക്കൂട്ടികൊണ്ടിരുന്ന രജനീകാന്ത് സിനിമകൾ ഇപ്പോൾ കോടികൾ നഷ്ടത്തിൽ. കൊച്ചടൈയാനിൽ തുടങ്ങിയ നഷ്ടം ലിംഗയിലും അവസാനിക്കുന്നില്ല. രജനിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറിയ ലിംഗയ്ക്കെതിരെ ഏഴു വിതരണക്കാർ സമരത്തിലേക്ക് കടക്കുന്നു.

തങ്ങൾക്കു നഷ്ടമായ 40 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ രജനീകാന്ത് ഇടപെടണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. 2002ൽ ബാബ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോൾ രജനീകാന്ത്നഷ്ടപരിഹാരം നൽകിയിരുന്നു.

വിതരണാവകാശമേറ്റെടുത്ത് കോടികൾ നഷ്ടമുണ്ടായതിനാൽ തങ്ങളെ സമരം ചെയ്യാൻ അനുവദിക്കണമെന്നു കാട്ടി ട്രിച്ചി, തഞ്ചാവൂർ ജില്ലകളിലെ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരുന്ന കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ മേഖലയിലെ വിതരണക്കാരായ മറീന പിക്ചേഴ്സ്, സമരം ചെയ്യാൻ അനുമതി തേടി സമർപ്പിച്ച ഹർജി ഇന്നലെ പരിഗണിച്ചപ്പോൾ ഇവർ കക്ഷിചേരുകയായിരുന്നു. അനുമതി നൽകുന്നതു സംബന്ധിച്ചു 48 മണിക്കൂറിനകം തീരുമാനമെടുക്കാൻ കോടതി പൊലീസിനോടു നിർദേശിച്ചു.

എട്ടു കോടി രൂപയ്ക്കാണ് രണ്ട് ജില്ലകളിലെ വിതരണം കമ്പനി ഏറ്റെടുത്തത്. രജനികാന്തിന്റെ സിനിമ ആയതുകൊണ്ടുതന്നെ വൻ ലാഭം പ്രതീക്ഷിച്ചായിരുന്നു കൂടിയ തുക നൽകി വിതരണം ഏറ്റെടുത്തത്. എന്നാൽ സിനിമ പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകർ കൈവിട്ടതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു വിതരണ കമ്പനി. മറ്റു ജില്ലകളിൽ വിതരണത്തിനേറ്റെടുത്തവരും നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ നിർമാതാവോ, രജനീകാന്തോ വിതരണക്കാരോടു ചർച്ചയ്ക്കു പോലും തയാറാവുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.