ആരാധികയുടെ കരച്ചിൽമാറ്റിയ സ്റ്റൈൽമന്നൻ

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്. താരജാഡകളില്ലാതെ ഏവരോടും ഒരോപോലെ പെരുമാറുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു കാരണം. പുതിയ ചിത്രമായ കബലിയുടെ ചിത്രീകരണത്തിനായി മലേഷ്യയിൽ മറ്റൊരു താരത്തിനും ലഭിക്കാത്ത വരവേൽപ്പാണ് രജനീകാന്തിന് ലഭിച്ചത്.

തങ്ങളുടെ ഒരുപ്രിയതാരത്തെ ഒരുനോക്ക് കാണാൻ വൻജനക്കൂട്ടമാണ് എത്തുന്നതും. ആരാധകരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം പ്രകടമാക്കുന്ന ഒരു സംഭവും അതിനിടെ അരങ്ങേറി.

രജനി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേക്ക് പോകവേ രജനിയുടെ കാറിന് ചുറ്റും ആരാധകര്‍ തടിച്ചുകൂടി. ആരാധകരുടെ സ്നേഹപ്രകടനത്തിൽ സന്തുഷ്ടനായ രജനി ലൊക്കേഷനിൽ കൃത്യസമയത്ത് എത്തേണ്ടതിനാൽ ആരാധകരോട് യാത്ര പറഞ്ഞ് കാറിൽ യാത്ര തുടർന്നു. ഇതിനിടെയാണ് രജനിയെ ഒരുനോക്ക് കാണാൻ നിറകണ്ണുകളുമായി ഒരു ആരാധിക ഓടിയടുത്തത്.

പ്രിയതാരത്തെ അടുത്ത് കാണാന്‍ പറ്റാത്തതിന്റെ സങ്കടം സഹിക്കാൻവയ്യാതെയാണ് യുവതി കരഞ്ഞത്. രജനി ഇത് കാണാനിടയാകുകയും കാർ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഉടൻ തന്നെ ആ പെൺകുട്ടിയെ തന്റെ അരികിലേക്ക് വിളിച്ചു.

കരച്ചിൽ നിർത്തുവാനും നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഒരുമിച്ച് ഫോട്ടോ എടുക്കാമെന്നും രജനി ആ കുട്ടിയോട് പറയുകയുണ്ടായി. കുറച്ചുനേരം സംസാരിച്ച് വിശേഷങ്ങളും ചോദിച്ചാണ് താരം തന്റെ പ്രിയആരാധികയെ മടക്കിയയച്ചത്.