ഈ വീരപ്പനെ കണ്ടാല്‍ ഞെട്ടും !

ഒടുവില്‍ രാം ഗോപാല്‍ വര്‍മ വീരപ്പനെ കണ്ടെത്തി. ഒറിജിനല്‍ വീരപ്പനെ കടത്തിവെട്ടുന്ന ലുക്കിലാണ് പുതിയ വീരപ്പനെത്തുന്നത്. കുപ്രസിദ്ധനായ കാട്ടുകള്ളന്‍ വീരപ്പന്‍റെ കഥ പ്രമേയമാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്ദീപ് ഭരദ്വാജ് ആണ് വീരപ്പന്‍റെ വേഷത്തിലെത്തുന്നത്. വീരപ്പന്‍റെ വേഷത്തിലെത്തുന്ന സന്ദീപിന്‍റെ ഗെറ്റപ്പ് ആര്‍ജിവി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

വീരപ്പന്റെയും വീരപ്പനെ കൊല ചെയ്ത ദൗത്യസേന തലവന്‍ കെ വിജയകുമാറിന്റെയും ജീവിതമാണ് ആര്‍ജിവി അഭ്രപാളിയിലെത്തിക്കുന്നത്. വീരപ്പനെ ലോകത്തെ ഏറ്റവും ക്രൂരനായ വില്ലനായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നായകനാകുന്നത് വീരപ്പന്‍ തട്ടിക്കൊണ്ടുപോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകനും സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാറുമായ ശിവ് രാജ്കുമാര്‍ ആണ്.

ശിവരാജ് കുമാറിനെ വീരപ്പന്‍ ദൗത്യസേന തലവനാക്കുന്നതിനും രാം ഗോപാല്‍ വര്‍മയ്ക്ക് ന്യായീകരണമുണ്ട്. സ്വന്തം അച്ഛനെ തട്ടിക്കൊണ്ടുപോയ വീരപ്പനെ കൊലചെയ്ത് പകരം വീട്ടാനുള്ള അവസരമാണിതെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.

തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കഥ ആയതുകൊണ്ടുതന്നെ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ബിഗ് ബജറ്റ് ചിത്രമെടുക്കുന്നത്. സിനിമയ്ക്ക് കില്ലിങ് വീരപ്പന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.