രാജീവിന് രോഗബാധ; സബാഷ് നായിഡു സംവിധാനം ചെയ്യുന്നത് കമൽ

25 വർഷങ്ങൾക്ക് ശേഷം ടി.കെ രാജീവ് കുമാറും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് സബാഷ് നായിഡു. അമേരിക്കയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാൽ ഒരു ദുഃഖ വാർത്തയാണ് ഇപ്പോൾ അവിടെനിന്നും വരുന്നത്.

ടി.കെ.രാജീവ് കുമാറിന്റെ അസാന്നിധ്യത്തില്‍ കമൽഹാസനാണ് ചിത്രം ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. രാജീവ്കുമാര്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായതിനെ തുർന്നാണ് സംവിധാനം കമൽ ഏറ്റെടുത്തത്.

ലൈം ഡിസീസ് എന്ന രോഗമാണ് രാജീവ് കുമാറിന് പിടിപെട്ടത്. യൂറോപ്പിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു പ്രത്യേകതരം അണുബാധയാണത്. ഏകദേശം മൂന്നുമാസമെങ്കിലും അദ്ദേഹത്തിന് വിശ്രമം േവണമെന്നും അതുകൊണ്ട് ചിത്രം പൂർണമായും താൻ തന്നെയായിരിക്കും സംവിധാനം ചെയ്യുകയെന്നും കമല്‍ പറഞ്ഞു.

മുൻപും സിനിമ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഒരു സുഹൃത്തിന്റെ സ്ഥാനത്ത് നിന്ന് ഈ സിനിമ പൂർത്തിയാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കമൽ പറഞ്ഞു. രാജീവിനെ ലോസ് ആഞ്ചൽസിലെ ഏറ്റവും മികച്ച ഒരു ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം എത്രയുംവേഗം തിരിച്ചുവരാനാണ് സെറ്റ് മുഴുവന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന സബാഷ് നായിഡുവില്‍ കമലിന്റെ മകള്‍ ശ്രുതി ഹാസനും വേഷമുണ്ട്. കമൽഹാസന്റെ മകളായിത്തന്നെയാണ് ശ്രുതി സിനിമയിലെത്തുന്നത്. രമ്യ കൃഷ്ണനാണ് കമലിന്റെ ഭാര്യയുടെ റോളില്‍. ഇളയരാജയാണ് സംഗീതം. കമല്‍ഹാസനും ലൈക പ്രൊഡക്ഷൻസും േചർന്നാണ് നിർമാണം.