‘ഗരുഡ’ സിനിമയാക്കാൻ സാധിക്കില്ല: രാജമൗലി വെളിപ്പെടുത്തുന്നു

രാജമൗലി

മഹാഭാരതം ആസ്പദമാക്കി എസ് എസ് രാജമൗലി ‘ഗരുഡ’ എന്ന ചിത്രമൊരുക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഗരുഡ സിനിമയെ കുറിച്ച് നവമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്ന് രാജമൗലി വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മഹാഭാരതം തനിക്ക് പ്രിയപ്പെട്ടതാണെന്നും അതെന്നും സിനിമയാക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും രാജമൗലി പറഞ്ഞു. െചന്നൈ ഒരു കൊളേജ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം ഒരു പത്തുവർഷമെങ്കിലും അനുഭവസമ്പത്തുണ്ടെങ്കിലെ മഹാഭാരതം സിനിമയാക്കാൻ തുടങ്ങാനെങ്കിലും എനിക്ക് സാധിക്കൂ. ആ കഥ പൂർണമാകണമെങ്കിൽ നാലു ഭാഗങ്ങളെങ്കിലും വേണ്ടി വരും. കൃത്യമായി പറയാം. ബാഹുബലി രണ്ടു ഭാഗങ്ങളാക്കാൻ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. പ്രഭാസ് അതിനായി തന്റെ മൂന്നുവർഷം മാറ്റിവച്ചു. അയാൾ എന്റെ സ്വപ്നം പങ്കുവക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. രാജമൗലി പറഞ്ഞു.

ഇനി മഹാഭാരതത്തിലേക്ക് കടക്കാം, നാലു ഭാഗങ്ങൾ വേണ്ടി വരുന്ന ഈ സിനിമ പൂർത്തിയാക്കാൻ ആറുവർഷമെങ്കിലും വേണ്ടി വരും. അതിന് വേണ്ട കഥാപാത്രങ്ങളായ കൃഷ്ണ, ദുര്യോധന, ഭീമ, അർജുനൻ, കർണ അങ്ങനെ ഒരുപാട്പേർ സിനിമയിൽ അഭിനയിക്കേണ്ടി വരും.

ഈ സിനിമയിൽ അഭിനയിക്കാൻ തന്റെ കരിയറിന്റെ ആറുവർഷം നല്‍കുന്ന ഏത് താരം കാണും. അതൊരിക്കലും സാധ്യമാകില്ല. ഒരു സൂപ്പർതാരത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും പൂർണമായി ആറുവർഷം ഒരു ചിത്രത്തിന് വേണ്ടി സമർപ്പിക്കാൻ സാധിക്കില്ല - രാജമൗലി പറയുന്നു.

ഇനി മഹാഭാരതം സിനിമയാക്കണമെങ്കിൽ നമുക്ക് ‘താരങ്ങളെ’ സൃഷ്ടിക്കേണ്ടി വരും, നിലവിലുള്ള താരങ്ങളെവച്ച് ഈ സിനിമ ചെയ്യാനാകില്ല. ഹോളിവുഡിലെ ഗെയിം ഓഫ് ത്രോൺസ് സീരിസിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിൽ രണ്ടോ മൂന്നോ താരങ്ങളൊഴിച്ചാൽ ഈ സീരിസ് ആദ്യമായി തുടങ്ങുമ്പോൾ ഇതിൽ അഭിനയിച്ചിരുന്നവരെ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടായിരുന്നോ? എന്നാൽ അതേ സീരിസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസൺ അവസാനിക്കുമ്പോഴേക്കും അവർ നിങ്ങളുടെ പ്രിയതാരങ്ങളായി മാറികഴിയും. അത് മാത്രമല്ല ഈ വേഷം വേറെ ആരും ചെയ്യരുതെന്നും നിങ്ങൾ ആഗ്രഹിക്കും. അങ്ങനെയാണ് ഈ സിനിമ ചെയ്യേണ്ടത്. അതിനായി നമ്മൾ ‘താരങ്ങളെ’ സൃഷ്ടിക്കണം. രാജമൗലി പറഞ്ഞു.