സബാഷ് കബാലി !!!

കബാലി കീഴടക്കിയ റെക്കോർഡുകൾ കേട്ടാൽ അറിയാതെ നാമും പറഞ്ഞു പോകും. ഞെരിപ്പ് ഡാ. റിലീസിനു മുൻപേ 223 കോടി കലക്ട് ചെയ്യുക! റിലീസ് ചെയ്ത ദിവസം 250 കോടി. അങ്ങനെ കോടികൾ കോടികൾ വാരിക്കോരി മുന്നോട്ടങ്ങനെ മുന്നോട്ട്. 

അമേരിക്കയിൽ ഒരു ഇന്ത്യൻ പടത്തിന്റെ പ്രീമിയർ (ആദ്യദിനം) കലക്‌ഷനിലെ റെക്കോർഡ് ആണ് കബാലിയുടേത്. ബാഹുബലി ആദ്യ ദിനം അമേരിക്കയിൽ 13 ലക്ഷം ഡോളറിലേറെ നേടിയ സ്ഥാനത്ത് കബാലിയുടെ ബോക്സ് ഓഫിസിൽ 19 ലക്ഷം ഡോളറിലേറെ വീണു. ഇന്ത്യൻ സിനിമകളിൽ കലക്‌ഷനിൽ റെക്കോർഡിട്ട ബാഹുബലിയെ കബാലി കടത്തി വെട്ടുമോ എന്നാണിനി അറിയാനുള്ളത്.

കബാലിയുടെ കച്ചവടം മലയാള സിനിമയ്ക്കു സ്വപ്നം പോലും കാണാനാവാത്തതാണ്. 100 കോടി മുടക്കി ആരെങ്കിലും മലയാളം പടം പിടിക്കുമോ? പിടിച്ചാൽ തന്നെ ലോകമാകെ ആയിരക്കണക്കിനു സ്ക്രീനുകളിൽ റിലീസ് ചെയ്യുമോ? പടം ഇറങ്ങും മുൻപേ 200 കോടിയിലേറെ നേടി നിർമ്മാതാവിന് ഇരട്ടിയിലേറെ ലാഭം ഉണ്ടാക്കി കൊടുക്കുമോ? കബാലി ഇറങ്ങും മുൻപേ 223 കോടി കലക്ട് ചെയ്തു എന്നു പറയുന്നതു വെറുതേയല്ല. കണക്കുകൾ വച്ചാണ്. ബ്രേക്ക് അപ് ഇങ്ങനെ– തമിഴ്നാട്ടിലെ തിയറ്റർ അവകാശം വിറ്റത് 68 കോടിക്ക്. ആന്ധ്രയിൽ 32 കോടി. കർണാടക 10 കോടി. കേരളമോ...???

മലയാളത്താൻ പടിത്തു പാര്...ച്ചാൽ മലയാളികൾ വായിച്ചു നോക്ക്– 7.5 കോടിയാണ് കബാലിക്കു കേരളത്തിലെ തിയറ്റർ അവകാശം വിറ്റുകിട്ടിയത്. മലയാളം സൂപ്പർസ്റ്റാർ സിനിമയ്ക്ക് ഇത്രയും കിട്ടില്ല.

ഉത്തരേന്ത്യയിൽ 15.5 കോടി, മലേഷ്യയിൽ 10 കോടി, യുഎസ്–കാനഡ–8.5 കോടി, മറ്റെല്ലാ ഓവർസീസ് ലൊക്കേഷനുകളും– 16.5 കോടി. തിയറ്റർ അവകാശം കൊണ്ടു വരുമാനം തീരുന്നില്ല. സാറ്റലൈറ്റ് റൈറ്റ്– സർവ മലയാള സിനിമക്കാരും ഇതു കണ്ടിട്ടാണു പടം പിടിക്കുന്നതു തന്നെ. ചാനലുകൾക്കു വിറ്റു കിട്ടുന്ന തുക– ജയ ടിവിയാണു കബാലിയെ സ്വന്തമാക്കിയത്. സാറ്റലൈറ്റും സംഗീതവും ചേർത്ത് 40 കോടി. പലവകയായി 10 കോടിയിലേറെ കിട്ടിയിട്ടുമുണ്ട്.

എവിടെ തൊട്ടാലും കാശ് എന്നു പറയുന്നത് ഇതാകാം. എല്ലാം ചേർത്ത് 223 കോടി റിലീസിനു മുൻപ്! നിർമാതാവ് കലൈപ്പുലി എസ്.താണുവിനു കോള്! ന്യൂജൻ സംവിധായകൻ പാ.രഞ്ജിത്ത് പൊൻ രഞ്ജിത്തായി.ആദ്യ ദിനം ദക്ഷിണേന്ത്യയിലെ ഒറ്റ തിയറ്ററിൽ ടിക്കറ്റില്ല. രജനി ഡാ... കബാലി ഡാ... അല്ലാതെന്ത്. 

വിവരങ്ങൾക്ക് കടപ്പാട്: പി. കിഷോർ