ഗൗതം മേനോനും സൂര്യയും ഒന്നിക്കുന്നു

സിനിമാപ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രങ്ങളാണ് വാരണം ആയിരവും കാക്ക കാക്കയും. എന്നാൽ ഗൗതമിന്റെ സ്വപ്നപദ്ധതിയായ ധ്രുവനച്ചത്തിരത്തിൽ നിന്ന് സൂര്യ പിന്മാറിയതോടെ ഇവർ പിന്നീട് ഒന്നിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ഗൗതം വാസുദേവ മേനോൻ — സൂര്യ കൂട്ടുകെട്ടിൽ ഒരു ചിത്രത്തിനായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പിണക്കങ്ങൾ മറന്ന് ഇവർ ഒന്നിക്കണമെന്ന് തന്നെയായിരുന്നു ഏവരുടെയും ആഗ്രഹം. ആരാധകരുടെയും പ്രേക്ഷകരുടെയും ആ പ്രാർഥന സഫലമാകാൻ പോകുകയാണ്.

ഗൗതം മേനോൻ ആണ് ഇതുസംബന്ധിച്ചൊരു സൂചനനൽകിയത്. പഴയതുപോലെ മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചെന്നും സൂര്യയുമായി ഒരു പ്രോജക്ട് ചർച്ച ചെയ്തെന്നും ഗൗതം മേനോൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ധ്രുവ നച്ചത്തിരം എന്ന ചിത്രം അനൗൺസ് ചെയ്ത് ചിത്രീകരണം തുടങ്ങാനിരിക്കുമ്പോഴാണ് സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറുന്നത്. ഗൗതം മേനോൻ കഥ പൂർത്തിയാക്കാതിരുന്ന സാഹചര്യത്തിലാണ് താൻ പിന്മാറിയതെന്നായിരുന്നു സൂര്യ കാരണമായി പറഞ്ഞത്.

പിന്നീടാണ് അജിത്തിനെ നായകനാക്കി ഗൗതം യെന്നൈ അറിന്താൽ സംവിധാനം ചെയ്യുന്നത്. എന്നാൽ ധ്രുവനച്ചത്തിരം സിനിമയായി കാണണമെന്നും സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കണമെന്നും ആരാധകർക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നീട് വിക്രത്തെ അദ്ദേഹം സമീപിച്ചെങ്കിലും ഈ പ്രോജക്ട് നടന്നില്ല. ഇപ്പോൾ സൂര്യയുമായി വീണ്ടും ഒന്നിക്കുന്പോൾ ആരാധകർ ആവേശത്തിലാണ്.