സൂര്യയും കുടുംബവും കുമരകത്ത്

മഴയെ കൂട്ടുപിടിച്ച് അവധിക്കാലം ആഘോഷിക്കാൻ തമിഴ് നടൻ സൂര്യയും കുടുംബവും കുമരകത്ത് എത്തി. ഭാര്യയും നടിയുമായ ജ്യോതിക, മക്കളായ ദിയ, ദേവ് ജ്യോതികയുടെ സഹോദരിയും നടിയുമായ നഗ്‌മ എന്നിവരാണു കുമരകം ലേക്ക് റിസോർട്ടിലെത്തിയത്. സൂര്യയും സംഘവും 15ന് ഉച്ചയോടെയാണു ലേക്ക് റിസോർട്ടിലെത്തിയത്. ഒരു ദിവസം മുഴുവൻ കായൽ യാത്രയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു സൂര്യ.

ആർ–ബ്ലോക്ക്, ചിത്തിര, പാതിരാമണൽ, തണ്ണീർമുക്കം ബണ്ട് എന്നീ ഭാഗങ്ങളിലൂടെയായിരുന്നു യാത്ര. വഞ്ചിവീട്ടിൽ നിന്നു കരിമീൻ പൊള്ളിച്ചതും കൂട്ടി ഉച്ചഭക്ഷണം കഴിച്ചു. റിസോർട്ടിനു സമീപത്തെ കായലോരത്തായിരുന്നു ഇന്നലെ ഉച്ചവരെ.

തുടർന്നു കൊച്ചിയിലെത്തി അവിടെ നിന്നു ചെന്നൈയിലേക്കു പോയി. റിസോർട്ട് ജനറൽ മാനേജർ ഡി. നീലകണ്ഠൻ, റസിഡന്റ് മാനേജർ സജ്ജയവർമ, അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്യൂരിറ്റി മാനേജർ ടി.ടി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു സൗകര്യങ്ങൾ ഒരുക്കിയത്.