ഹൗ ഓള്‍ഡ് ആര്‍ യു ടീമിനു സൂര്യയുടെ വക വിരുന്ന്

ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് പതിപ്പായ 36 വയതിനിലേക്കു തമിഴ്നാട്ടില്‍ വന്‍ സ്വീകരണം. സിനിമ റിലീസ് ചെയ്തു 14 ദിവസം കഴിഞ്ഞപ്പോള്‍ നടന്‍ സൂര്യ വിജയപ്രതീകമായി ഒരു പ്രസ് മീറ്റ് സംഘടിപ്പിച്ചു. 'ഇതുവരെ ഞങ്ങള്‍ക്കു കിട്ടിയതില്‍ ഏറ്റവും ബഹുമാനം നേടിത്തന്ന സിനിമ' എന്ന് സൂര്യ പത്രസമ്മേളനത്തില്‍ ചിത്രത്തെ വിശേഷിപ്പിച്ചു. ബഹുമാനം മാത്രമല്ല പണവും ചിത്രം നേടിയെന്ന് ചിത്രത്തിന്റെ വിതരണക്കാരും സമ്മതിച്ചു.

ഈ സമ്മേളനത്തില്‍ നിര്‍ധരരും സ്വന്തം സ്വപ്നങ്ങള്‍ സൂക്ഷിക്കുന്നവരുമായ 25 സ്ത്രീകള്‍ക്ക് സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി സൂര്യ സാമ്പത്തികമായി സഹായിച്ചു. മലയാളത്തില്‍ സിനിമയുടെ തിരക്കഥ രചിച്ച ബോബിയ്ക്കും സഞ്ജയ്ക്കും തമിഴിലും മലയാളത്തിലും സിനിമ സംവിധാനം ചെയ്ത റോഷന്‍ ആന്‍ഡ്രൂസിനും മികച്ച അഭിനന്ദനങ്ങളാണ് ചിത്രം ഇപ്പോഴും നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ബാല 'ഇങ്ങനെയൊരു സിനിമ തനിക്കും സംവിധാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.'

സിനിമ റിലീസായി രണ്ടാമത്തെ ദിവസം തന്നെ നടന്‍ കമലഹാസന്‍ സിനിമ വന്‍ വിജയമാണെന്നും കാണുവാന്‍ ആഗ്രഹം ഉണ്ടെന്നും സന്ദേശം അയച്ചു. സിനിമ ഹിറ്റ് ആയതിന്റെ സന്തോഷത്തില്‍ ടീം അംഗങ്ങള്‍ക്ക് സൂര്യ സ്വന്തം വീട്ടില്‍ തന്നെ ഒരു വിഭവസമൃദ്ധമായ അത്താഴ വിരുന്ന് ഒരുക്കി. പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട ഈ വിരുന്നില്‍ നിരവധി വിഭവങ്ങള്‍ തയാറാക്കിയിരുന്നു.

തമിഴിലെ പ്രശസ്ത സംവിധായകരായ ധരണി, വിക്രം പ്രഭു, എന്നിവരെല്ലാം സൂര്യയുടെ അത്താഴവിരുന്നില്‍ പങ്കെടുത്തു. പുലര്‍ച്ചെ വരെ നീണ്ട പാര്‍ട്ടിയില്‍ ഉടനീളം മലയാള സിനിമയും തമിഴ് സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസുമായും ബോബി സഞ്ജയ്യുമായും സൂര്യ സംസാരിച്ചു. ജ്യോതികയുടെ തിരിച്ച് വരവിനു കാരണമായ 36 വയതിനിലെ നിര്‍മിച്ചത് സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയാണ്.