നയന്‍താരയുടെ വില്ലനായി അരവിന്ദ് സ്വാമി

ഒരു കാലത്ത് തമിഴകത്തെ കാതല്‍ മന്നനായിരുന്നു അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് തനി ഒരുവന്‍. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ ജയം രവിയാണ് നായകന്‍.

സഹോദരങ്ങളായ ജയം രാജയും ജയം രവിയും ആറാം തവണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തനി ഒരുവന്‍. ജയം എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലൂടെയായിരുന്നു രാജയുടെയും രവിയുടേയും പേരും ജാതകവും മാറിയത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവും എഡിറ്ററുമായ മോഹന്‍റെ മക്കളായ ജയം രാജ സംവിധായകന്‍ ( ഇപ്പോള്‍ മോഹന്‍ രാജ ) എന്ന നിലയിലും ജയം രവി നടന്‍ എന്ന നിലയിലും പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചവരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്നുള്ള സിനിമകളായ ജയം,എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി,ഉനക്കും എനക്കും,സന്തോഷ്‌ സുബ്രഹ്മണ്യം എന്നിവ വന്‍ വിജയങ്ങളായിരുന്നു.

ഒരു ഹിറ്റ് ചിത്രം ആവശ്യമായി നില്‍ക്കുന്ന ജയം രവിയുടെ കരിയറില്‍ ഏറെ നിര്‍ണായകമാകുന്ന ചിത്രമായിരിക്കുമിത്. ഈ സിനിമ ചിത്രീകരിക്കുന്നത് ഫിലിമില്‍ എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. ഡെറാഡൂണ്‍, മസൂറി, ഗോവ, ബാങ്കോക് എന്നിവിടങ്ങളിലായാണ് തനി ഒരുവന്റെ ചിത്രീകരണം നടന്നത്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ ഒരുപാട് ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കാം എന്ന് സിനിമയോട് അടുത്തുനില്‍ക്കുന്ന കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. ഹിപ്പ്ഹോപ്‌ തമിഴ ഫെയിം ആദിയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗണേഷ് വെങ്കിട്ടരാമന്‍, അരവിന്ദ് സ്വാമി, തമ്പി രാമയ്യ, നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തു കൂടാതെ ബോളിവുഡ് നടി മുദ്ര ഗോഡ്‌സെ അരവിന്ദ് സ്വാമിയുടെ ജോഡിയായി എത്തുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ഈ മാസം അവസാനം തിയറ്ററില്‍ എത്തും.