കുതിരയുടെ കാലൊടിച്ച എംഎൽഎ നരകത്തിൽ പോകുമെന്ന് തൃഷ

പ്രക്ഷോഭത്തിനിടെ ബിജെപി എംഎൽഎ പൊലീസ് കുതിരയുടെ കാൽ തല്ലിയൊടിച്ച സംഭവം ഇന്ത്യയ്ക്ക് തന്നെ നാണക്കേടാണെന്ന് തെന്നിന്ത്യൻ നടി തൃഷ. കുതിരയെ ക്രൂരമായി ഉപദ്രവിച്ച അയാൾ നരകത്തിലെ എരിതീയിൽ ഉരുകാൻ ഞാൻ പ്രാർഥിക്കുമെന്ന് തൃഷ ട്വിറ്ററിലൂടെ പറഞ്ഞു.

മുസൂറി എംഎൽഎ ഗണേഷ് ജോഷിയാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാൽ തല്ലിയൊടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുതിരയുടെ മുൻ കാല്‍ മുറിച്ചുമാറ്റേണ്ടിവരുമെന്നു ഡോക്ടർമാർ പറഞ്ഞു.

ബിജെപി എംഎൽഎയ്ക്കും സംഘത്തിനുമെതിരെ നെഹ്റു കോളനി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസെടുത്തു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ സംഭവം എംഎൽഎ ഗണേഷ് ജോഷി നിഷേധിച്ചു. സംസ്ഥാന സർക്കാർ യഥാർഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ മാറ്റാൻ തന്നെ തെറ്റായ കേസിൽ ഉൾപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.