സൂര്യയുടെ തല്ല് വിവാദം; വെളിപ്പെടുത്തലുമായി യുവതി രംഗത്ത്

അപകടം മൂലമുണ്ടായ വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട നടന്‍ സൂര്യ രണ്ട് വിദ്യാർത്ഥികളെ മര്‍ദ്ദിച്ചെന്ന് വാർത്തകൾ വന്നിരുന്നു. യുവതിയുടെ കാറും ബൈക്കും കൂട്ടിയിടിക്കുകയും ബൈക്കിൽ വന്ന വിദ്യാർത്ഥികൾ യുവതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് സൂര്യ ഇടപെട്ടന്നുമായിരുന്നു വാർത്ത. അതിനിടെ സൂര്യ തങ്ങളെ കാരണമില്ലാതെ മർദ്ദിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികളിൽ ഒരാൾ പൊലീസിൽ പരാതി നല്‍കുകയും ചെയ്തതോടെ ഇത് വലിയ വാർത്തയായി മാറി.

തിരുവികെ പാലത്തിനടുത്ത് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പ്രേംകുമാറും ലെനിനുമാണ് സൂര്യക്കെതിരെ പരാതിയുമായി എത്തിയത്. ഞങ്ങള്‍ കാറോടിച്ചിരുന്ന സ്ത്രീയോട് ബൈക്കിന് സംഭവിച്ച കേടുപാടുകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. ഇതിലിടപെട്ട സൂര്യ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ഞങ്ങളെ കുറ്റപ്പെടുത്തുകയും കാരണമില്ലാതെ തല്ലിയെന്നുമാണ് ഇവർ പറയുന്നത്.

എന്നാൽ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി യുവതി തന്നെ നേരിട്ട് രംഗത്തെത്തി. ഒരു സ്ത്രീയെ പൊതുമധ്യത്തിൽ കൈയ്യേറ്റം ചെയ്യുന്നത് കണ്ട് കാർ നിർത്തിയതിന് സൂര്യയോട് നന്ദി. കൃത്യസമയത്തായിരുന്നു അങ്ങ് ഇടപെട്ടത്. പുഷ്പ കൃഷ്ണസ്വാമി പറയുന്നു.

വലിയൊരു കൂട്ടത്തിന് നടുവിൽ ഈ രണ്ട് കുട്ടികളുടെ ഭീഷണിയുടെ സ്വരത്തിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അവർ ഫോൺ വിളിച്ച് നടപടി എടുക്കുമെന്ന് വരെ പറഞ്ഞു. മാത്രമല്ല എന്നോട് പണവും ആവശ്യപ്പെട്ടു.

രണ്ട് കുട്ടികളും ചേർന്ന് കാറിന്റെ ചില്ലു തകർത്തു. എന്നെ കാറിൽ കയറ്റാതിരിക്കാൻ ശ്രമിച്ചു. ആ സമയത്താണ് സൂര്യ ഇടപെട്ട് കുട്ടികളിൽ നിന്ന് എന്നെ രക്ഷിക്കുന്നത്. അവരുടെ അസഭ്യവർഷങ്ങളിൽ നിന്നും ഭീഷണയിൽ നിന്നും എന്നെ രക്ഷിച്ച സൂര്യയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. പുഷ്പ പറഞ്ഞു.

പുഷ്പയുടെ വാക്കുകൾക്ക് നന്ദിയുണ്ടെന്നും ആ സമയത്ത് ധൈര്യത്തോടെ പ്രതികരിച്ചതിൽ അഭിനന്ദിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

എന്നാൽ ഈ സംഭവത്തിൽ സൂര്യ തന്നെ തല്ലിയെന്നായിരുന്നു കുട്ടികളിൽ ഒരാളുടെ ആരോപണം. അദ്ദേഹത്തിന്റെ അടിയിൽ തല കറങ്ങി. തല ആകെ വേദനിക്കുന്നുണ്ടായിരുന്നു. എന്നെ ആളുകൾക്ക് മുന്നിൽ അദ്ദേഹം മാനംെകടുത്തി. സൂര്യയ്ക്കെതിരെ കേസെടുക്കണം. പ്രേംകുമാർ പറയുന്നു.

സൂര്യയുടെ രണ്ട് ബോഡീഗാർഡിനെ അവിടെ നിര്‍ത്തി അദ്ദേഹം കടന്ന് കളഞ്ഞു. പിന്നീട് പൊലീസ് വന്ന് ‍ഞങ്ങളെ പിടികൂടി. അദ്ദേഹത്തെ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കൂടിയില്ല. എന്റെ തൊട്ടടുത്ത് നിന്നാണ് അദ്ദേഹം തല്ലിയത്. പ്രേംകുമാർ പറഞ്ഞു