നേപ്പാള്‍ ദുരന്തം; വിക്രം രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

ഭൂകമ്പത്തില്‍ വന്‍നാശം വിതച്ച നേപ്പാളില്‍ നിന്നും വിക്രവും സംഘവും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. വിക്രത്തിനെ നായകനാക്കി വിജയ് മില്‍ട്ടന്‍ ഒരുക്കുന്ന പത്ത് എന്‍ട്രതുക്കുള്ളൈ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇവര്‍ നേപ്പാളില്‍ എത്തിയിരുന്നു.

രണ്ട് ആഴ്ചയ്ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഇവര്‍ മടങ്ങുന്നതും. നേപ്പാളിലെ ഭക്തപൂര്‍ എന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. ഭൂകമ്പത്തില്‍ ഏറ്റവുമധികം നാശം വിതച്ച പ്രദേശവും ഭക്തപൂരാണ്. ഭാഷ മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും വളരെ സ്നേഹമുള്ള ആളുകളാണ് അവിടെയുള്ളതെന്ന് സംവിധായകന്‍ വിജയ് മില്‍ട്ടന്‍ പറയുന്നു. ചിത്രീകരണത്തിനായി അവര്‍ വളരെയധികം സഹകരിച്ചെന്നും ഗ്രാമവാസികളില്‍ അധികംപേരും തങ്ങളുടെ സുഹൃത്തക്കളായി മാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വളരെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അത്. മിക്ക വീടുകളും ഇഷ്ടിക കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കാലവസ്ഥ ഒട്ടും അനുയോജ്യമല്ലായിരുന്നതിനാല്‍ ചിത്രീകരണത്തിന് ഒരുപാട് തടസങ്ങള്‍ നേരിടേണ്ടി വന്നു. പകുതി ദിവസവും അതിശക്തമായ മഴയായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഭക്തപൂര്‍. അങ്ങനെയുള്ള ഒരു പ്രദേശത്ത് ഇങ്ങനെയൊരു ദുരന്തമുണ്ടായതില്‍ അതിയായ വിഷമമുണ്ട്.

അവിടെയുള്ള പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ഇല്ല. അവരൊരിക്കലും ഇത്തരമൊരു ദുരന്തം അര്‍ഹിക്കുന്നില്ല. വിജയ് പറയുന്നു.