നടികർ സംഘത്തിൽനിന്ന് രാജി വച്ച ചിമ്പുവിനെതിരെ വിശാൽ

ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കാൻ നടികർ സംഘത്തിനു കഴിയില്ലെന്നു സംഘം ജനറൽ സെക്രട്ടറി വിശാൽ. താരങ്ങൾക്കു വേണ്ടിയുളള സംഘടനയാണെങ്കിലും തനിക്കു വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന ചിമ്പുവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വിശാൽ.

സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിക്കറ്റ് മൽസരത്തിനു തന്നെ ക്ഷണിച്ചില്ലെന്നാരോപിച്ച ചിമ്പു സംഘത്തിൽനിന്നു രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്.

നടികർ സംഘം റിക്രിയേഷൻ ക്ലബ് അല്ലെന്നും എല്ലാവരും ചേർന്നാണു തീരുമാനമെടുക്കുന്നതെന്നും വിശാൽ പറഞ്ഞു. സംഘടനകളാണു പലപ്പോഴും എതിർപ്പ് ഉയർത്തുന്ന അംഗങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ, ഇവിടെ ഒരു അംഗം സംഘടനയെ അപമാനിക്കുകയാണെന്നു വിശാൽ ആരോപിച്ചു. നടികർ സംഘം തിരഞ്ഞെടുപ്പിൽ നാസർ, വിശാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിന് എതിരെ മൽസരിച്ച വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു ചിമ്പു.