ഓകെ കണ്‍മണിയല്ല വിവാഹമോചനത്തിന് കാരണം: രമ്യ

തമിഴ് ടെലിവിഷന്‍ അവതാരകയും നടിയുമായ രമ്യയുടെ വിവാഹ മോചനം തമിഴകത്ത് വലിയ വാര്‍ത്തയായിരുന്നു. മണിരത്നം സിനിമയായ ഓകെ കണ്‍മണിയിലൂടെ സിനിമാരംഗത്തെത്തിയതാണ് വിവാഹമോചനത്തിന് കാരണമായതെന്നായിരുന്നു വാര്‍ത്ത.

രമ്യ സിനിമയില്‍ അഭിനയിച്ചത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ടപ്പെടാത്തതിനാല്‍ വിവാഹമോചനം നേടുകയായിരുന്നെന്നാണ് കേട്ടത്.എന്നാല്‍ ഇതൊന്നുമല്ല കാരണമെന്ന് രമ്യ വ്യക്തമാക്കുന്നു. യഥാര്‍ഥ കാരണം പുറത്തുവെളിപ്പെടുത്തിയില്ലെങ്കിലും മറ്റുചില സത്യങ്ങള്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി.

വിവാഹം കഴിഞ്ഞ് പത്തുദിവസം കഴിഞ്ഞപ്പോഴേക്കും ഒരുമിച്ച് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പരസ്പം തിരിച്ചറിഞ്ഞു. ഞങ്ങളുടേത് പൂര്‍ണമായും ഒരു അറേഞ്ച്ഡ് മാര്യേജായിരുന്നു. വിവാഹത്തിന് മുമ്പ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ അവസരം കിട്ടിയില്ല. വീട്ടുകാര്‍ വിവാഹം ഉറപ്പിച്ച ശേഷം ഒന്ന് രണ്ട് തവണ മാത്രമേ ഞങ്ങള്‍ പരസ്പരം കണ്ടിട്ടുള്ളൂ. അദ്ദേഹം ലണ്ടനിലാണ്. വിവാഹ ശേഷമാണ് പരസ്പരം ഒത്തുപോകില്ല എന്ന് തിരിച്ചറിഞ്ഞത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് തോന്നി. അത് മനസ്സിലാക്കിയ ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് വന്നു. വിവാഹ മോചനത്തിന്റെ കാരണം ഞങ്ങളുടെ വ്യക്തിപരമാണ്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ബഹുമാനിക്കുന്നതുകൊണ്ട് അക്കാര്യം ഇപ്പോഴും വെളിപ്പെടുത്താന്‍ കഴിയില്ല. രമ്യ പറയുന്നു.