പുരസ്കാരങ്ങൾ തിരികെ നല്‍കില്ലെന്ന് കമല്‍ഹാസന്‍

തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ തിരികെ നൽകാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നടൻ കമൽഹാസൻ. അസഹിഷ്ണുത മറ്റൊരു വിഭജനത്തിന് കൂടി കാരണമാകരുതെന്ന് കമൽഹാസൻ പറയുന്നു. അവാർഡുകൾ തിരികെ നൽകി പ്രതിഷേധിക്കുന്നത് നിരർഥകമാണെന്നും അസഹിഷ്ണുതയെ ബുദ്ധിപൂർവം പരാജയപ്പെടുത്തണമെന്നും കമൽ പറഞ്ഞു.

ഓരോ മേഖലയിലും മികവിനാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ആ മേഖലയിലുടെ തന്നെയാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അവാര്‍ഡുകള്‍ തിരികെ നല്‍കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും അവാര്‍ഡ് തിരിച്ചു നല്‍കിയവരോട് ബഹുമാനമുണ്ടെന്നും അന്‍പതാം പിറന്നാളില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ താന്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാരുഖ് ഖാന്‍ പറഞ്ഞു.