നയന്‍താരയുടെ സിനിമകാണൂ; 5 ലക്ഷം നേടൂ

ഹൊറര്‍ ചിത്രങ്ങള്‍ തിയറ്ററില്‍ കണ്ട് പേടിച്ച് വിറക്കാത്തവരുണ്ടോ? അങ്ങനെയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ നേടാന്‍ സുവര്‍ണാവസരം. നയന്‍താരയുടെ പുതിയ ഹൊറര്‍ത്രില്ലറായ മായ എന്ന ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് തിയറ്ററില്‍ ഒറ്റയ്ക്ക് ഇരുന്നു കാണുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നു.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നയന്‍താരയുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

മയൂരി എന്നാണ് തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്. ചിത്രം ഒറ്റയ്ക്ക് കണ്ടു പുറത്തിറങ്ങുന്ന ആരാധകന് അഞ്ച് ലക്ഷം ഉറപ്പാണെന്ന് നിര്‍മാതാവായ സി കല്യാണ്‍ പറയുന്നു. കുറച്ച് നിബന്ധനകള്‍ കൂടിയുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്പോള്‍ പേടിച്ച് വിറക്കാന്‍ പാടില്ല. കണ്ണടക്കാന്‍ പാടില്ല, പള്‍സോ ബ്ലഡ് പ്രഷറോ പോലും സിനിമ കണ്ട് ഉയരാന്‍ പാടില്ല. ഇതൊന്നുമില്ലാതെ കണ്ടിരിക്കുന്ന വീരന് മാത്രമേ അഞ്ച് ലക്ഷം കിട്ടൂ, മറ്റൊരു കാര്യം വിജയിക്ക് സമ്മാനം നല്‍കുന്നത് സാക്ഷാല്‍ നയന്‍താരയായിരിക്കും.

സിനിമയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.