മാഞ്ഞു, മാരിവിൽപ്പൂവ്

വിഷാദത്തിന്റെ ഒരു കനാൽ. അതിലൂടെ യേശുദാസിന്റെ ശബ്ദം പ്രവഹിക്കുന്നു.

‘നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ

നീ പ്രണയത്തിൻ ഹംസഗാനം

നീ അതിലൂറും കണ്ണീർക്കണം

മായുന്നിതോ ഈ മാരിവിൽപ്പൂവ്’

യേശുദാസിന്റെ സ്വരമൊഴുകുന്ന വിഷാദത്തിന്റെ കനാൽ തീർക്കുന്നതു സബിതാ ചൗധരി. ആ ഹമ്മിങ്. ഒരുപക്ഷേ, ഇന്ത്യൻ സിനിമയിൽ പോലും ഉണ്ടാവില്ല, ഇങ്ങനെയൊരു ഹമ്മിങ്. ഒരു പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ. സബിത പാടിയ മറ്റെല്ലാ മലയാളം പാട്ടുകളെക്കാൾ നമ്മുടെ ഹൃദയത്തിൽ കൊളുത്തിവലിക്കുന്നു ഈ ഹമ്മിങ്.

എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത മദനോത്സവം (1978) എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ രാജുവും എലിസബത്തും (കമൽ ഹാസൻ, സറീന വഹാബ്) ഏറ്റവും ദുഃഖഭരിതമായ മുഹൂർത്തത്തിലൂടെ കടന്നുപോകുമ്പോൾ പശ്ചാത്തലമായി വരുന്ന ഗാനം. ഒഎൻവിയുടെ ഭാവപൂർണമായ വരികളും സലിൽ ചൗധരിയുടെ മാസ്മരിക സംഗീതവും.

പക്ഷേ, പാട്ടിനെ തൊട്ടിലാട്ടുന്നത് ആ ഹമ്മിങ്ങാണ്. ആ ഗാനത്തിന്റെ സത്ത അതിലൂടെയാണു പ്രസരിക്കുന്നത്. അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരു ഹമ്മിങ് ഉണ്ടെന്നുപോലും നിങ്ങൾ ഓർമിക്കുന്നില്ലല്ലേ... അതേ, അത്രമേൽ ആ ഗാനത്തോട് ഇഴുകിച്ചേർന്നിരിക്കുകയാണ് സബിത. ഒരു ഗാനമേളയിലും ഈ ഹമ്മിങ് പാടാറില്ലെന്നറിയുമോ? കീബോർഡിൽ സെറ്റ് ചെയ്തു പ്ലേ ചെയ്യുകയേ ഉള്ളൂ. ക്ലേശമാണ് അതു പാടാൻ.

തന്റെ ഈ വലിയ പരീക്ഷണത്തിനു രണ്ടാം ഭാര്യ സബിതയെത്തന്നെ സലിൽ ചൗധരി തിരഞ്ഞെടുക്കാൻ എന്തായിരിക്കും കാരണം? വികാരങ്ങൾ പകരാനുള്ള അവരുടെ അനന്യമായ കഴിവു തിരിച്ചറിഞ്ഞ മറ്റാരുണ്ട്. അത്രമേൽ ഇഴുകിച്ചേർന്നതായിരുന്നു അവരുടെ ജീവിതം. ഊണിലും ഉറക്കത്തിലും യാത്രയിലുമൊക്കെ പൊട്ടിവിടരുന്ന സലിൽദായുടെ ഈണങ്ങളെല്ലാം ആദ്യം പാടിയിരുന്നതു സബിതയായിരുന്നു. അവയെല്ലാം തന്നെ വെറും ഹമ്മിങ്ങുകളും ആയിരിക്കുമല്ലോ. സലിൽദായുടെ സ്വന്തം ഈണങ്ങളും അദ്ദേഹത്തിനു പ്രിയമായിരുന്ന ഈണങ്ങളും ഗാനങ്ങളുമെല്ലാം സബിതയ്ക്കു മനഃപാഠമായിരുന്നു. പെട്ടെന്നു മറക്കുന്ന സലിൽദായുടെ സഹായിയായി എപ്പോഴും ഭാര്യ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒഎൻവി കുറുപ്പ് സബിതയോട് ഇങ്ങനെ പറഞ്ഞത് ‘യു ആർ ഹിസ് മെമ്മറി ബോക്സ്’. – സലി‍ൽ ചൗധരിയുടെ ഓർമപ്പെട്ടി. അവസാനചിത്രമായ ‘തുമ്പോളി കടപ്പുറം’ ഒഴികെയുള്ള എല്ലാ സിനിമകൾക്കു വേണ്ടിയുമുള്ള കേരളയാത്രകളിൽ സലിൽദായ്ക്കൊപ്പം സബിതയും ഉണ്ടായിരുന്നെന്ന് ഒഎൻവിയുടെ മകൻ രാജീവ് സ്മരിക്കുന്നു. 

ഒഎൻ‌വിയുടെ കൂടി നിർബന്ധ പ്രകാരമാണു പ്രശസ്തയായ ആ ബംഗാളി ഗായിക മദനോത്സവത്തിൽ പാടാൻ സമ്മതിച്ചത്. 1975ൽ ‘തോമ്മാശ്ലീഹാ’യിലെ ‘വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ...’ എന്ന ഗാനം പാടിയിരുന്നെങ്കിലും ചില വിമർശനം ഉയർന്നു. കഥാപാത്രം ആവശ്യപ്പെടുന്ന ഒരു നാടൻ കാമുകിയുടെ എല്ലാ ഭാവങ്ങളും ആ പാട്ടിൽ സബിത ആവിഷ്കരിച്ചിരുന്നു. വയലാർ ഉദ്ദേശിച്ച ‘കുസൃതികൾ’ നിറഞ്ഞ പ്രണയം തന്നെ പാടിവച്ചു. പക്ഷേ, മലയാളപദങ്ങളുടെ ഉച്ചാരണം ഒരുവഴിക്കായിപ്പോയി. പല വാക്കുകളും ആളുകൾക്കു മനസ്സിലായില്ല. 

പക്ഷേ, ഒഎൻവിയുടെ പ്രേരണയ്ക്ക് അവർ വഴങ്ങി. സബിതയ്ക്ക് ആത്മവിശ്വാസം നൽകാനും പാട്ടു പഠിപ്പിക്കാനും മുന്നിൽ നിന്നതു സാക്ഷാൽ യേശുദാസ്!.  ‘മദനോത്സവ’ത്തിൽ ഒഎൻവി എഴുതിയ 

‘മേലേ പൂമല

താഴെ തേനല

കാറ്റേ വാ...’ എന്ന യുഗ്മഗാനം. 

ഉച്ചാരണത്തെറ്റുകൾ അവശേഷിച്ചെങ്കിലും ഊർജസ്വലതയുടെ പൂർണത കൊണ്ട് ഇന്നും ജനപ്രിയം. 

ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ‘ഏതോ ഒരു സ്വപ്നത്തിൽ’ (1978) ‘ഒരു മുഖം മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ...’ കേട്ടാൽ ഇവർ ശോകഗാനം പാടാൻ മാത്രം ജനിച്ചതാണെന്നു തോന്നിപ്പോകും. ഇങ്ങനെ അനായാസേന ഭാവം പകരാനുള്ള കഴിവിലൂടെയാണ് അവർ മറ്റു ഗായകരെ വിസ്മയിപ്പിച്ചത്. ഒരുപക്ഷേ, ഗീതാ ദത്തിനെയൊക്കെ ഇക്കാര്യത്തിൽ ഇവരോടും ചേർത്തു പറയാം.

ഒരു നല്ല ഗായികയും ഭാര്യയും മാത്രമല്ല, ഉപചാരമര്യാദകളുള്ള ഒരു സ്ത്രീ കൂടിയായിരുന്നു സബിതയെന്ന് ശ്രീകുമാരൻ തമ്പി സ്മരിക്കുന്നു. അദ്ദേഹം നിർമിച്ച ‘ഏതോ ഒരു സ്വപ്ന’ത്തിന്റെ പാട്ടുകളുടെ കംപോസിങ് സലിൽദായുടെ മുംബൈ പെദ്ദർറോഡിലെ ഫ്ലാറ്റിലാണു നടന്നത്. 

പുറത്തു ഹോട്ടൽ എടുത്തിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഭാരിച്ച ചെലവിൽനിന്ന് അതുകൊണ്ട് രക്ഷപ്പെടാൻ നിർമാണസംഘത്തിനു കഴിഞ്ഞു.

‘എല്ലാ ദിവസവും മൂന്നുനേരവും എനിക്ക് അവർ സ്നേഹപൂർവം ഭക്ഷണം തന്നു. അതും അവർ തന്നെ പാചകം ചെയ്ത്. സ്വന്തം സഹോദരനോടെന്നപോലെ എന്നോട് അവർ പെരുമാറി.’ ശ്രീകുമാരൻ തമ്പി പറയുന്നു. ‘ഹൃദയമുള്ള ഗായിക’– പാട്ടിലും ജീവിതത്തിലും.