Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടീ വണ്ടീ നിന്നെപ്പോലെ...

first-malayalam-train-song

‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം

പവൻ അത്രയും ഉരുകിവീണുപോയ്

പിച്ചള കുണുക്കുമിട്ടു വിണ്ണകം

കടന്നെത്രവേഗം എങ്ങുമാഞ്ഞുപോയ്’

ട്രെയിനിലെ പാട്ട് എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ഈ ഗാനമാണ്. 1990ൽ ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിനുവേണ്ടി ഷിബു ചക്രവർത്തിയുടെ വരികളും ഔസേപ്പച്ചന്റെ ഈണവും. മോഹൻലാലിന്റെ തകർപ്പൻ പ്രകടനംകൊണ്ട്  ഓർമയിൽനിന്നു മായാത്ത രംഗങ്ങൾ.

പിന്നെയും നമുക്ക് ഓർക്കാൻ കുറേ ട്രെയിൻ പാട്ടുകളുണ്ട്. ‘കൃഷ്ണഗുഡി’യിലെ ‘പിന്നെയും പിന്നെയും...’, ‘പാളങ്ങളി’ലെ ‘ഏതോ ജന്മകല്പന...’യും  പോലുള്ള ഗാനങ്ങളും മനസ്സിൽ ഇരുമ്പിന്റെ താളമിടുന്നു. എന്നാൽ, മലയാളത്തിലെ ആദ്യ ട്രെയിൻപാട്ട് ഏതായിരുന്നു? 

1963ൽ ഇറങ്ങിയ ‘ഡോക്ടർ’ എന്ന സിനിമയിൽ മെഹബൂബ് പാടിയ 

‘വണ്ടീ വണ്ടീ നിന്നെപ്പോലെ

വയറിലെനിക്കും തീയാണ്

തെണ്ടി നടന്നാൽ രണ്ടുപേർക്കും

കയ്യിൽ വരുന്നതു കായാണേ’ എന്ന പാട്ടിലേക്കാണ് ഓർമകൾ എത്തുക.

സത്യൻ അവതരിപ്പിച്ച നായകൻ യാത്ര ചെയ്യുന്ന ട്രെയിനിൽ ഒരു യാചകൻ പാടുന്നതായാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത്. യാചകനും തീവണ്ടിയും തമ്മിലുള്ള ആശയ സാദൃശ്യങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന പി. ഭാസ്കരന്റെ വരികളാണ് പാട്ടിന്റെ ഹൈലൈറ്റ്.

ഇതു ദേവരാജന്റെ സംഗീതമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. കാരണം, നാം കേട്ടുശീലിച്ച ദേവരാജൻ ശൈലിയിൽനിന്നു വളരെ വ്യത്യസ്തമാണ് ഈ ഈണം. രാഘവൻ മാസ്റ്ററുടേതെന്ന് തെറ്റിദ്ധരിച്ചേക്കാം.

g-devarajan-master ദേവരാജൻ മാസ്റ്റർ

ഇതിലെ താളവാദ്യങ്ങളുടെ വിന്യാസം ശ്രദ്ധിക്കുക. പിൽക്കാലത്ത് ‘ഈറ്റ’ എന്ന ചിത്രത്തിലെ ‘മലയാറ്റൂർ മലഞ്ചെരുവില പൊന്മാനേ...’ എന്ന ഗാനത്തിലും ദേവരാജൻ ഈ മട്ടിൽ താളം വിന്യസിച്ചിട്ടുണ്ട്. അതുമൊരു യാത്രാഗാനമാണ്. തീവണ്ടിക്കു പകരം കാളവണ്ടിയാണെന്നു മാത്രം.

‘ചക്രത്തിന്മേൽ നിന്റെ കറക്കം

ചക്രം കിട്ടാ‍ൻ എന്റെ കറക്കം

മലയിൽക്കൂടി നിന്റെ കയറ്റം

ജനലിൽക്കൂടി നിന്റെ കയറ്റം’

തുടങ്ങി പി.ഭാസ്കരന്റെ അതീവ രസകരമായ വരികളിൽ മുങ്ങിപ്പോകുന്ന ആസ്വാദകൻ ഇതിലെ സംഗീതസംവിധാനത്തിന്റെ സൂക്ഷ്മാംശങ്ങൾ ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. 

ഈ ഗാനത്തിലും ഈ സിനിമയിലെതന്നെ മറ്റൊരു ഗാനമായ ‘കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത്...’ എന്നതിലെയും ഓർക്കസ്ട്രേഷന് ഏറെ പ്രത്യേകതയുണ്ട്. പാട്ടിന്റെ ഹാസ്യഭാവം പരമാവധി പ്രസരിപ്പിക്കുന്നതിന് പതിവു സംഗീതോപകരണങ്ങൾക്കപ്പുറം ചില ബാഹ്യശബ്ദങ്ങളെയും ആശ്രയിച്ചിട്ടുണ്ട്.  55 വർഷം മുൻപത്തെ പരിമിതമായ റിക്കോർഡിങ്, സാങ്കേതിക സൗകര്യങ്ങൾ കൂടി പരിഗണിക്കുമ്പോഴാണു നമ്മുടെ വിസ്മയം വർധിക്കുന്നത്. രണ്ടുപാട്ടും ഗംഭീരമായി പാടിയതു മെഹബൂബ് തന്നെ.

മെലഡി, ഹാസ്യം, ശോകം, ഫോക്ക് തുടങ്ങിയ വ്യത്യസ്ത സ്വഭാവമുള്ള എട്ടു പാട്ട് ഒരു സിനിമയിൽത്തന്നെ വരുന്നു എന്നതാണ് ‘ഡോക്ടറി’ന്റെ മറ്റൊരു പ്രത്യേകത. ഇത്രയും വൈവിധ്യമുള്ള വളരെ കുറച്ചു സിനിമകളേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. ഈ വെല്ലുവിളി ദേവരാജനും പി.ഭാസ്കരനും എത്രയോ സൗന്ദര്യാത്മകമായാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. മെഹബൂബ്, പി.ലീല, പി.സുശീല, യേശുദാസ്, കോട്ടയം ശാന്ത എന്നിങ്ങനെ വലിയൊരു ഗായകനിരയും അണിനിരക്കുന്നു.

p-bhaskaran പി.ഭാസ്കരൻ

സംഗീതസംവിധായകനും ഗാനരചയിതാവും ഗായകൻ മെഹബൂബും അഭിനേതാവ് എസ്.പി.പിള്ളയും ഒന്നിനൊന്നു മത്സരിക്കുന്ന ഗാനമാണ് ‘കേളടി നിന്നെഞാൻ കെട്ടുന്ന കാലത്ത്...’. പശ്ചാത്തലത്തിൽ പ്രവർത്തിച്ച എല്ലാവരെയും നാം മറന്നുപോകും, രംഗത്ത് എസ്.പി.പിള്ളയുടെ പ്രകടനം കണ്ടാൽ. കോട്ടയം ശാന്ത ഈ ഗാനരംഗത്ത് പാടുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പാട്ട് അതിന്റെ അളവുകളെല്ലാം ശരിയാക്കി പാടുന്നതോടൊപ്പം ഭാവം പകരുകയും ചെയ്യുക എന്നതാണു ചലച്ചിത്രഗാനാലാപനത്തിലെ വെല്ലുവിളി. പലപ്പോഴും ഇതിൽ ഏതെങ്കിലുമൊരംശം ഏറിയും കുറഞ്ഞുമിരിക്കുക സാ‍ധാരണമാണ്. ഡോക്ടറിലെ ‘പൊന്നിൻ ചിലങ്കയണിഞ്ഞപ്പോഴെന്റെ...’ എന്ന ഗാനം പി. ലീല പാടിയിരിക്കുന്നതു ശ്രദ്ധിക്കുക. ആലാപനപൂ‍ർണതയ്ക്കൊപ്പം എത്ര അനായാസമായാണ് അവർ ഈ പാട്ടിലേക്കു ഭാവം പകർന്നിരിക്കുന്നത്.

എട്ടു പാട്ടിൽ മിക്കവയും കാലാതിവർത്തിയാണ്. ശിവരഞ്ജിനി രാഗത്തിൽ ദേവരാജൻ ചിട്ടപ്പെടുത്തി പി.സുശീല പാടിയ

‘കിനാവിന്റെ കുഴിമാടത്തിൽ

നിലാവത്തു നിൽപോളേ

ഒരു തുള്ളിക്കണ്ണീരിൽ നിൻ

കദനക്കടലൊതുങ്ങുമോ?’

എന്ന പി.ഭാസ്കരന്റെ വരികൾ അലിയാത്ത വിഷാദമായി നെ‍ഞ്ചിനുള്ളിൽ അവശേഷിക്കും.