Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുനിറയും ഈ പാട്ടുകൾ കേട്ടാൽ

stunning-songs

പാട്ടുകള്‍ ആര്‍ക്കാണ് ഇഷ്ടമാവാത്തത്? ഒരുവരി പാട്ടെങ്കിലും മൂളാത്തതായി ആരാണുള്ളത്? ശുദ്ധസംഗീതമെന്ന് മേല്‍ക്കൈ നേടിയിരിക്കുന്ന ചെമ്പൈയെയോ ത്യാഗരാജസ്വാമിയെയോ സ്വാതിതിരുന്നാളിനെയോ ഒന്നുമല്ല സാധാരണക്കാര്‍ ആഘോഷിക്കുന്നത്. മറിച്ച് വയലാറിനെയും ഓഎന്‍വിയെയും ദേവരാജനെയും രവീന്ദ്രനെയും ഇങ്ങേയറ്റം പുത്തഞ്ചേരിയെയും എം ജയചന്ദ്രനെയും ദീപക്‌ദേവയെയുമൊക്കെയാണ്...

നിത്യജീവിതത്തില്‍ സങ്കടം വരുമ്പോഴോ സന്തോഷം വരുമ്പോഴോ ഒന്നും സിനിമയിലേതുപോലെ ആളുകള്‍ പാടുകയോ നൃത്തംവയ്ക്കുകയോ ചെയ്യാറില്ല.  എന്നിട്ടും അവന്റെ സന്തോഷങ്ങളിലേക്കും സങ്കടങ്ങളിലേക്കും മേഘവര്‍ഷമായി പാട്ടുകള്‍ പെയ്തിറങ്ങാറുണ്ട്.

അതുകൊണ്ടാണ് ജീവിതത്തിലെ ഏതൊക്കെയോ ചില സന്ദര്‍ഭങ്ങളില്‍ കേട്ട ചില പാട്ടുകള്‍ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതും ഇന്നും മറന്നുപോവാത്തവയായി  നിലനില്ക്കുന്നതും. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ ഏതൊക്കയോ ചില ഓര്‍മ്മകള്‍ നമ്മിലുണരുന്നുണ്ട്.  

'

' മറന്നൂ, നീ, നിലാവില്‍ നമ്മളാദ്യം കണ്ടൊരാരാത്രി'' എന്ന ഗാനം കേള്‍ക്കുമ്പോള്‍ ചെമ്പകഗന്ധമുണര്‍ത്തുന്ന പഴയൊരോര്‍മ്മ എന്നെ ഇന്നും കടന്നുപോവുന്നുണ്ട്..  സത്യം. മുതിര്‍ന്നതിന് ശേഷം ഒരാളെന്നെ സ്‌നേഹപൂര്‍വ്വം ചുംബിച്ചത് അത്തരമൊരു രാത്രിയിലായിരുന്നു....

'' അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ '' എന്നത് ഇതേ വിഭാഗത്തില്‍പ്പെടുന്ന  മറ്റൊരു ഗാനമാണ്. സ്വന്തം വീട്ടില്‍ നിന്ന് കേള്‍ക്കുന്ന ചില പാട്ടുകളെക്കാള്‍ അയല്‍വക്കത്തുനിന്ന് ഉച്ചത്തില്‍  പാട്ട ്‌കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന സ്വഭാവക്കാരനുമാണ് ഞാന്‍.

വെള്ളിയാഴ്ച രാത്രികളിലെ 10 മണിയിലെയും ഞായറാഴ്ചകളിലെ ഉച്ചയ്ക്ക് 1 മണിക്കുമുള്ള റേഡിയോയിലെ 'രഞ്ജിനി'ക്ക് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നത് ഇന്നും മനസ്സിന്റെ നല്ലൊരോര്‍മ്മയാണ്.  സിഡിയും വാക്ക്മാനും മൊബൈലും ഒന്നും കൈവശമില്ലാതിരുന്ന കുട്ടിക്കാലത്ത് റേഡിയോയില്‍  കേള്‍ക്കുന്ന പാട്ടുകള്‍ തിടുക്കത്തില്‍ പേപ്പറില്‍ പകര്‍ത്താറുണ്ടായിരുന്നു. ഒരു ഗായകനായതുകൊണ്ടൊന്നുമായിരുന്നില്ല വെറുതെ മൂളിനടക്കാന്‍.

ആത്മാവുണ്ടെന്ന് തോന്നുന്ന ചില വരികള്‍, അല്ലെങ്കില്‍ എന്റെ ജീവിതവുമായോ, ഏതെങ്കിലും അനുഭവവുമായോ ബന്ധപ്പെട്ടിരിക്കുന്ന, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നവ അടങ്ങിയിരിക്കുന്ന ഗാനങ്ങളെയാണ് സ്‌നേഹിച്ചിരുന്നത്.

 ''

ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന'' എന്ന ഓഎന്‍വിയുടെ വരികള്‍ ഒരുദാഹരണം .

എം എയ്ക്ക് പഠിച്ചിരുന്ന കോളജിന്റെ അടുത്ത് ഒരു തീയറ്ററുണ്ടായിരുന്നു. ഉച്ചപ്പടത്തോടെയായിരുന്നു അവിടെ 'ദിവസം' തുടങ്ങിയിരുന്നത്. സ്ഥിരമായി ഒരു ഭക്തിഗാനമാണ് അവിടെനിന്നും ഉയര്‍ന്നിരുന്നത്.'' നീതിമാന്‍ ഒരുവന്‍ പോലും ഇല്ല..'' എന്നതായിരുന്നു അത്.

ഒരു പൊതുപ്രസ്താവന നടത്തി, മനസ്സാക്ഷിക്കടി കൂടാതെ ആളുകളെ ഉച്ചപ്പടത്തിന് ക്ഷണിക്കുകയായിരുന്നിരിക്കണം ആ റെക്കോര്‍ഡ് വയ്ക്കുന്നതിലൂടെ തീയറ്ററുകാര്‍ ഉദ്ദേശിച്ചിരിക്കുക എന്ന് അന്ന് തൊട്ടേ എനിക്ക് തോന്നിയിരുന്നു. അല്ലെങ്കിലെന്തിന് ആ ഷോയ്ക്ക് മാത്രം ആ പാട്ട് വയ്ക്കണം? മാത്രവുമല്ല, മാറ്റിനി ഷോയ്ക്ക് ആയിടയ്ക്കിറങ്ങിയ ഏതെങ്കിലും ഹിറ്റ് ഗാനമായിരിക്കും കേള്‍ക്കാന്‍ കഴിയുക..

''

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്''  എന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഗാനമാണ്.  ജനിച്ചു വളര്‍ന്ന വീടും നാടും വിട്ട് മറ്റൊരു ദേശത്തേക്ക് കുടിയേറിയ നാളുകളിലാണ് ആ പാട്ടിനെ ഞാനേറെ സ്‌നേഹിച്ചുതുടങ്ങിയത്...

'

' കൊതിതീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ'' എന്ന വയലാറിന്റെ ഗാനം ജീവിതത്തിലെ എത്ര വലിയ നിരാശകളിലും പിന്നെയും ജീവിതത്തെ സ്‌നേഹിക്കുവാനും ജീവിച്ചിരിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം എന്ന തോന്നല്‍ ഉണര്‍ത്താനും പര്യാപ്തമാണ്.

''

എനിക്കായ് മുറിവേറ്റ നാഥാ'' എന്ന ഭക്തിഗാനം കേള്‍ക്കുമ്പോഴെല്ലാം ഞാനൊരു സുഹൃത്തിനെ ഓര്‍ക്കും.    ഇന്നവന്‍ കാനഡയിലാണ്...

 ''

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര് വരും കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും'' എന്ന ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ എം എ കാലത്ത് എന്നെ പൊന്നുപോലെ സ്‌നേഹിച്ച ഒരു സുഹൃത്ത് എന്റെ നോട്ട്ബുക്കില്‍ കുറിച്ചുതന്നവയാണ്.

കോളജ് ഡേയും ആഘോഷങ്ങളും അവസാനിച്ച് ആട്ടോഗ്രാഫിനായി സമീപിച്ച ഗായികയ്ക്ക് കുറിച്ചുകൊടുത്തത്  '

'വരമഞ്ഞളാടിയരാവിന്റെ ഓര്‍മ്മ'' യായി നീയെന്നും മനസ്സിലുണ്ടാവുമെന്നായിരുന്നു.

''

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു'', ''പ്രഭാതത്തിലെ നിഴലുപോലെ ആദ്യമാദ്യം നീ അകന്നുനിന്നു'', ''രാത്രിയില്‍ മുഴുവന്‍ ഒറ്റയ്ക്കിരുന്നിട്ടും എന്റെ പ്രണയം മുഴുവനും നിന്നോട് പറഞ്ഞില്ല,''  ''ചുംബനപ്പൂ കൊണ്ട് മൂടി തമ്പുരാട്ടി നിന്നെ ഉറക്കാം''  തുടങ്ങിയ ഗാനങ്ങളൊക്കെ എനിക്ക് പറയാനുള്ളതോ ഞാന്‍ പറയാന്‍ ആഗ്രഹിച്ചിരുന്നതോ ആയവയായിരുന്നു.

''കടലിനഗാധമാം നീലിമയില്‍'' എന്ന ഗാനം, ജീവിതത്തിലെ നിരാശകളില്‍ നിന്നും ആകുലതകളില്‍ നിന്നും ഉയര്‍ന്നെണീല്ക്കുവാന്‍ തന്നെ പ്രേരിപ്പിച്ച ഗാനമായിരുന്നുവെന്ന് ഒരു സുഹൃത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

മേഘമല്‍ഹാറിലെ ''പൊന്നുഷസെന്നും നീരാടുവാനെന്നും... ജന്മാന്തരങ്ങള്‍ക്കപ്പുറമെങ്ങോ ഒരു ചെമ്പകംപൂക്കും സുഗന്ധം'' തുടങ്ങിയ വരികള്‍ ഗന്ധമാദിനിക്കാടുകളെ ഉലയ്ക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്.  

കണ്ണ് നിറഞ്ഞ് ഞാന്‍ പാടുന്ന ഒരു ഭക്തിഗാനമുണ്ട്. ''ദൈവമേ നീ തരുന്നതെന്തും നിറഞ്ഞമനസ്സോടെ ഏറ്റുവാങ്ങാനൊരു ഹൃദയമേകണേ'' എന്ന ഗാനമാണത്. ജീവിതത്തില്‍  ദൈവത്തിന് മുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്താന്‍ പ്രേരിപ്പിക്കുന്ന ഇതുപോലെ മറ്റൊരു ഗാനവും ഞാന്‍ കേട്ടിട്ടില്ല.

ഇനിയും എത്രയോ പാട്ടുകളാണ് മനസ്സിന്റെ അടരുകളില്‍ പുതഞ്ഞുകിടക്കുന്നത്. ഒരു ഗാനരചയിതാവാകുക എന്നത് അസുലഭ ഭാഗ്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം  ഒരു കഥയ്ക്കും നോവലിനും ഉള്ളതിലേറെ ആയുസും സജീവതയും ഒരു പാട്ടിനുണ്ട്.

ചെമ്മീന്‍ നോവല്‍ വായനയെക്കാള്‍ മാനസമൈനേ ഇന്ന് ആസ്വദിക്കപ്പെടുന്നില്ലേ.. ഗാനരചയിതാവിന് മരണമില്ല.

'' ഇന്നുമെന്‍ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിപ്പൂ, ഈറന്‍ മുകില്‍ മാനത്തൊരു ഇന്ദ്രധനുസ്സെന്ന പോലെ...''