തോറ്റിടം ഭരിച്ചവർ

മനസ്സു മടുത്ത് ഉപേക്ഷിച്ചുപോകാനൊരുങ്ങിയ മേഖലയിൽ വിജയം നേടുക. അവിടെ മുടിചൂടാമന്നനാവുക! പ്രചോദനാത്മക പുസ്തകങ്ങളിലെ സാങ്കൽപിക പ്രോത്സാഹന കഥയല്ല; ഒരു കാലഘട്ടത്തിൽ തെന്നിന്ത്യയിലെ ഗാനരചനാ രംഗം ഭരിച്ച രണ്ടു പേരുടെ യഥാർഥ ജീവിതമാണിത്. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തൻചേരിയും തമിഴിലെ മുടിചൂടാ മന്നൻ വാലിയും. 

ചക്രവാളത്തിനും അപ്പുറം, ജോർജ്കുട്ടി c/o ജോർജ്കുട്ടി, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ആദ്യകാല സിനിമാ പരീക്ഷണങ്ങളൊന്നും വേണ്ടവിധം വിജയിക്കാതിരുന്ന കാലത്താണു ഗിരീഷിനു ‘ജോണിവാക്കർ’ എന്ന ചിത്രത്തിൽ പാട്ടെഴുതാൻ അവസരം കിട്ടുന്നത്. അതിന്റെ തിരക്കഥാകൃത്തായ രഞ്ജിത്തിന്റെ ശുപാർശയിലാണ് അവസരം ഒത്തുവന്നത്. പുതിയ രചയിതാവിനെ പരീക്ഷിക്കാൻ നിർമാതാവിനു താൽപര്യം ഇല്ലായിരുന്നെങ്കിലും രഞ്ജിത്ത് മമ്മൂട്ടിയെക്കൊണ്ടു പറയിപ്പിച്ച് ഗിരീഷിന് അവസരം നേടിക്കൊടുത്തു. 

ചെന്നൈയിലെത്തിയ ഗിരീഷിന് സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അഞ്ച് ഈണം കസെറ്റിലാക്കി നൽകി. പിറ്റേന്നാണു റിക്കോർഡിങ്. രാത്രി മുഴുവൻ ശ്രമിച്ചിട്ടും അദ്ദേഹത്തിന് ഒരു പാട്ടുപോലും എഴുതാൻ കഴിഞ്ഞില്ല. ചുരുട്ടിക്കൂട്ടിയ കടലാസ് കഷണങ്ങൾ നിറഞ്ഞ മുറിയിൽ പരാജിതനായി തലകുമ്പിട്ടിരിക്കുന്ന ഗിരീഷിനെയാണ് രാവിലെ സംവിധായകൻ ജയരാജും രഞ്ജിത്തും കാണുന്നത്. 

‘എനിക്കു പറ്റിയ പണിയല്ല ഇത്. കോഴിക്കോട്ടേക്ക് ഒരു ടിക്കറ്റ് എടുത്തു തന്നേക്കൂ. ഞാൻ പോവുകയാ. ഇനി ഒരിക്കലും സിനിമയിലേക്കില്ല.’ ഇതായിരുന്നു പ്രതികരണം. ‘എന്തായാലും നീ സ്റ്റുഡിയോയിലേക്കു വാ’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. സ്റ്റുഡിയോയിലെത്തിയ ഗിരീഷിനോട് വെറുതേ അവിടത്തെ പൂന്തോട്ടത്തിൽക്കൂടി നടക്കാനും നടക്കുന്നതിനിടയ്ക്ക് വെങ്കിടേഷിന്റെ ഈണങ്ങൾ മൂളിനോക്കാനും അവർ നിർദേശിച്ചു. അരമണിക്കൂർ കഴിഞ്ഞു കയറിവന്ന പുത്തൻചേരി പാടി. 

‘ശാന്തമീ രാത്രിയിൽ 

വാദ്യഘോഷാദികൾ 

കൊണ്ടുവാ...’ 

സമ്മർദം ഒഴിഞ്ഞു, എല്ലാവരുടെ മുഖത്തും പുഞ്ചിരി വിടർന്നു. അപ്പോൾത്തന്നെ മറ്റു നാലു പാട്ടും പിറന്നു. പിന്നീടുള്ള 18 വർഷവും ഈ ഗാനരചയിതാവ് ഈണങ്ങൾക്കു മുന്നിൽ തോറ്റിട്ടില്ല. എത്രയോ ജന്മമായ്, ഹരിമുരളീരവം, കാർമുകിൽ വർണന്റെ, കണ്ണുംനട്ടു കാത്തിരുന്നിട്ടും, കൈക്കുടന്ന നിറയെ, പിന്നെയും പിന്നെയും, ഒരു രാത്രികൂടി, ആകാശദീപങ്ങൾ സാക്ഷി, സൂര്യകിരീടം, കരുണാമയനേ, മൂവന്തിത്താഴ്‌വരയിൽ... തുടങ്ങി നൂറുകണക്കിനു ഹിറ്റുകൾ നമുക്കു സമ്മാനിച്ചു. 

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ പാട്ടെഴുത്തുകാരനായിരുന്നു വാലി. അവസാനകാലത്ത് ഒരു ഗാനത്തിന് രണ്ടു ലക്ഷം രൂപ! അദ്ദേഹവും ഈ രംഗത്തു തനിക്കു ശോഭിക്കാനാവില്ല എന്നു പറഞ്ഞ് തിരിച്ചുപോകാൻ ഒരുങ്ങിയതാണ്. 

കണ്ണദാസൻ തമിഴ് സിനിമയിലെ മുടിചൂടാ മന്നനായി വിലസിയിരുന്ന കാലത്താണ് വാലി ഭാഗ്യം പരീക്ഷിക്കാനായി കോടമ്പാക്കത്ത് എത്തുന്നത്. ദിവസങ്ങളോളം ഭക്ഷണം പോലും കിട്ടാതെ മുഴുപ്പട്ടിണിയിലായ വാലി കടുത്ത നിരാശയിലായിപ്പോയി. ഒരു അവസരവും കിട്ടിയില്ല. അങ്ങനെ സ്വദേശമായ തിരുച്ചിറപ്പള്ളിയിലേക്കു മടങ്ങാൻ തീരുമാനിച്ചു. മടക്കയാത്രയ്ക്കു ട്രങ്ക് പെട്ടിയിൽ സാധനം നിറച്ചുകൊണ്ടിരിക്കെയാണ് മുറിയിൽ ഒപ്പമുണ്ടായിരുന്ന ഗായകൻ പി.ബി.ശ്രീനിവാസ് കണ്ണദാസൻ എഴുതിയ ‘മയക്കമാ കലക്കമാ...’ എന്ന പാട്ട് പാടുന്നത്. (ചിത്രം ‘സുമൈതാങ്ങി’). നിരാശ വെടിയണമെന്ന ആ ഗാനത്തിന്റെ പ്രചോദനാത്മകമായ ആശയം വാലിയുടെ മനസ്സിൽ തൊട്ടു. പെട്ടി തിരികെ വച്ചു. മദിരാശിയിൽത്തന്നെ നിന്ന് വീണ്ടും പോരാടാൻ തീരുമാനിച്ചു. ആ നിശ്ചയദാർഢ്യം വിജയം കണ്ടു. 

നല്ലവൻ വാഴ്‌വാൻ, ഇദയത്തിൽ നീ, പടക്കോട്ടൈ തുടങ്ങിയ ഹിറ്റുകളിലൂടെ വാലി തമിഴിൽ കയ്യൊപ്പിട്ടു. ‘കർപ്പകം’ എന്ന ചിത്രത്തിൽ വാലിയുടെ ‘പക്കത്തു വീട്ടു വരുവമച്ചാൻ...’ എന്ന ഗാനം പുറത്തുവന്നുകഴിഞ്ഞപ്പോൾ കണ്ണദാസൻ ഒരു പൊതുവേദിയിൽവച്ചു തന്റെ പിൻഗാമിയായി വാലിയെ പ്രഖ്യാപിച്ചു. ജീവിതതത്വങ്ങളും സാരാംശങ്ങളും ശോകവും ഒഴുകിയ തൂലിക പതിറ്റാണ്ടുകളോളം തമിഴ് ഗാനരംഗം അടക്കിവാണു. വാലി – എം.എസ്.വിശ്വനാഥൻ കൂട്ടുകെട്ടിൽത്തന്നെ നൂറു കണക്കിനു ഹിറ്റുകൾ പിറന്നു. 

നിരാശയുടെ പടുകുഴിയിൽ വീണുപോയപ്പോൾ കൈപിടിച്ചു കയറ്റാൻ രണ്ടുപേർക്കൊപ്പവും സുഹൃത്ത് ഉണ്ടായിരുന്നു എന്നതു ശ്രദ്ധേയം.!