ശശി കപൂർ – ലത– റഫി

കഴിഞ്ഞ ദിവസം അന്തരിച്ച ശശി കപൂർ അഭിനയിച്ച ഏറ്റവും മികച്ച ഗാനരംഗം ഏതാണ്? ഉത്തരങ്ങൾ വ്യത്യസ്തമായിരിക്കും.  എന്നാൽ ഏറ്റവും പ്രശസ്തി നേടിയ ഗാനം എന്ന ചോദ്യത്തിന് ‘കഭീ കഭീ മേരേ ദിൽ മേ...’ എന്നാവും ഉത്തരം. പക്ഷേ, ഈ ഗാനം ശശി കപൂറിന്റെ ഗാനമായില്ല. ചിത്രത്തിൽ രണ്ടു തവണ ഇതുണ്ട്. ശശി കപൂറും അമിതാഭ് ബച്ചനുമാണ് സീനുകളിൽ. എന്തുകൊണ്ടോ ‘കഭീ കഭീ മേരേ ദിൽ മേ...’യുടെ പ്രശസ്തി അമിതാഭ് ബച്ചനിൽ ചെന്നു ചേർന്നു. ശശി കപൂറിന് ലിപ് മൂവ്മെന്റ് ഇല്ലാത്തതു തന്നെ കാരണം.

ഏതാനും മാസം മുൻപ് കൊച്ചിയിൽ ഗായിക എലിസബത്ത് രാജുവിന്റെ നേതൃത്വത്തിൽ ലതാ മങ്കേഷ്കർ നൈറ്റ് നടന്നു. ലതാ മങ്കേഷ്കറുടെ ഏറ്റവും മികച്ച സോളോകളും ഡ്യൂയറ്റുകളുമാണു അവതരിപ്പിച്ചത്. ഓരോ ഗായകനുമൊപ്പമുള്ള ഏറ്റവും മികച്ച ഡ്യൂയറ്റുകൾ വേദിയിലെത്തി. ലത– റഫി കൂട്ടുകെട്ടിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടത് ‘ബേഖുദി മേ സനം...’ എന്ന ഗാനം. 1968ൽ ഇറങ്ങിയ ‘ഹസീന മാൻ ജായേഗി’ എന്ന ചിത്രത്തിലെ അനശ്വര ഈണം.

‘കഭീ കഭീ...’ മാറ്റി നിർത്തിയാൽ ശശി കപൂർ അഭിനയിച്ച ഏറ്റവും ആലാപന മികവുളള ഗാനം ഇതുതന്നെ. ലതാ മങ്കേഷ്കർ –മുഹമ്മദ് റഫി കൂട്ടുകെട്ടിൽ വിരിഞ്ഞ നൂറു കണക്കിനു പാട്ടുകളിൽ ഒന്നാം നിരയിൽ നിൽക്കുന്ന നമ്പർ.

ശശി കപൂർ – ബബിത ജോ‍ഡി മനോഹരമായി അഭിനയിച്ചു. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പശ്ചാത്തലം. എത്ര കണ്ടാലും മടുക്കാത്ത ഗാനരംഗം. എത്ര കേട്ടാലും മതിവരാത്ത സംഗീതം. അക്തർ റോമാനിയുടെ പ്രണയം തുളുമ്പുന്ന വരികൾക്കു സംഗീതം നൽകിയതു സാക്ഷാൽ കല്യാൺജി ആനന്ദ്ജി! 

ഹിന്ദി സിനിമയിലെ വലിയൊരു പ്രണയ നായകനായിരുന്ന ശശി കപൂറിന്റേതായി ഒരുപാടു നല്ല പാട്ടുകൾ ഉണ്ട്. മിക്കതും ഡ്യൂയറ്റുകൾ. പക്ഷേ ,അതിൽ വലിയ പങ്കിലും ശശി കപൂറിനുവേണ്ടി ശബ്ദം നൽകിയതു കിഷോർ കുമാറായിരുന്നു. അഭിനയിച്ച ഗാനരംഗങ്ങളുടെ എണ്ണം വച്ചു താരതമ്യം ചെയ്താൽ അദ്ഭുതപ്പെടുത്തുന്ന രീതിയിൽ കുറവാണു റഫി പാടിയ പാട്ടുകൾ. ഇത് എങ്ങനെ, എന്തുകൊണ്ടു സംഭവിച്ചു എന്ന അന്വേഷണം കൗതുകകരമായിരിക്കും. ശശി കപൂറിനുവേണ്ടി റഫി പാടി എന്നതും ‘ബേഖുദി മേ സന’ത്തിന്റെ പ്രത്യേകതകളിലൊന്നാണ്.

സംഗീത സംവിധാനത്തിലെ സവിശേഷതകൊണ്ട് ആലാപനത്തിൽ മുൻതൂക്കം ലഭിക്കുന്നതു ലതയ്ക്കു തന്നെ. ഒരു സ്വപ്നത്തിലെന്നോണം കാമുകന്റെ സന്നിധിയിൽ അണയുന്ന കാമുകിയുടെ ആത്മാലാപനമായാണു പാട്ടു തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ലതാ മങ്കേഷ്കറിനു പാട്ടിൽ വ്യക്തമായ മേൽക്കൈ കിട്ടുന്നു. കാമുകിയെ സ്വീകരിച്ച് അംഗീകരിക്കുന്ന ശാന്തനായ കാമുകനാണ് ഗാനരംഗത്ത്. അതുകൊണ്ടുതന്നെ റഫിക്കു തന്റെ റേ‍ഞ്ചിന്റെ സാധ്യതകൾ പുറത്തെടുക്കേണ്ട ആവശ്യം ഈ പാട്ടിൽ വരുന്നില്ല. എങ്കിലും തന്റെ ഭാഗം വളരെ ഭാവാത്മകമായിത്തന്നെ അദ്ദേഹം ഭംഗിയാക്കിയിരിക്കുന്നു.

ശശി കപൂർ ഇരട്ട വേഷത്തിലെത്തിയ ‘ഹസീന മാൻ ജായേഗി’ വൻവിജയമായിരുന്നു. കളക്ഷനിൽ ആ വർഷം ഒൻപതാം സ്ഥാനം നേടി. പ്രകാശ് മെഹ്റയുടെ പ്രഥമ സംവിധാന സംരംഭമായിരുന്നു എന്ന പ്രത്യകതകൂടി ഈ സിനിമയ്ക്കുണ്ട്.