സൈക്കിളിന്റെ സംഗീതം

നിത്യഹരിതമായ ചില ഹരങ്ങളുണ്ട്. കുട്ടികളെ സംബന്ധിച്ച്, അവധിക്കാലത്ത് കൂട്ടുകാരുമായി ചേർന്നുള്ള സൈക്കിൾ യാത്ര ഇത്തരത്തിലൊന്നാണ്. എത്ര വളർന്നാലും ആ യാത്രകളൊക്കെ, ജീവിച്ചതിന്റെ അർഥമായി എന്നും ഓർമകളിലുണ്ടാവും. ആ യാത്രകളിലെ കളികളും രസങ്ങളുമൊക്കെ അക്ഷികൾ വിടർത്തുന്ന ഗൃഹാതുരതയാണ്. ആ യാത്രയുടെ പശ്ചാത്തലത്തിൽ ഒരു നല്ല പാട്ടുകൂടി വന്നാലോ? അതും കാവാലം നാരായണപ്പണിക്കരുടെ രചനയിൽ ദേവരാജൻ സംഗീതം നൽകി ജയചന്ദ്രൻ ആലപിച്ച്.!

അപൂർവമായ ആ സ്വരക്കൂട്ടിന്റെ രുചി കാലംചെല്ലുംതോറും കൂടുതൽ ആസ്വാദ്യമാവുകയാണ്. ഭരതന്റെ സംവിധാനവും രാമചന്ദ്ര ബാബുവിന്റെ ക്യാമറയും കൂടിയാവുമ്പോൾ ഒരിക്കലും മടുക്കാത്ത ഉല്ലാസമാവുന്നു ഈ പാട്ടിന്റെ ദ്യശ്യങ്ങൾ. ഏറ്റവും ചർച്ച ചെയ്യപ്പെട്ട മലയാള സിനിമകളിലൊന്നായ രതിനിർവേദ’ത്തിലെ ‘കാലം കുഞ്ഞുമനസ്സിൽ ചായം കൂട്ടി...’ എന്ന ഗാനത്തിന്റെ ഓരോ കേൾവിയും കാഴ്ചയും നമ്മെ പ്രസരിപ്പാർന്ന ഒഴിവുകാല ഓർമകളിലേക്കു ക്ഷണിക്കുന്നു. ശരിക്കും സൈക്കിൾ ചവിട്ടുന്ന അതേ താളത്തിലുള്ള പാട്ട്. 1978 ൽ ഇറങ്ങിയ രതിനിർവേദത്തിന്റെ വിഷയവും രംഗങ്ങളും വലിയ ചർച്ചാവിഭവങ്ങളായിരുന്നു. പോസ്റ്ററുകൾ പോലും. അതിന്റെ അലയൊലികൾ ഇന്നും ശമിച്ചിട്ടില്ല. സിനിമയുടെ ഒരു റീമേക്കു കൂടി ഇറങ്ങിയശേഷവും.

പി.ജയചന്ദ്രൻ

പക്ഷേ, കാലമെത്ര കഴിഞ്ഞിട്ടും, ഈ ‘ഹോട്ട്’ സിനിമയിലെ കുളിരായി വലിയ മനുഷ്യരുടെ കുഞ്ഞുമനസ്സുകളിൽ ഈ ഗാനമുണ്ട്, ആ രംഗങ്ങളുമുണ്ട്. നായകനായ പപ്പു (നടൻ: കൃഷ്ണചന്ദ്രൻ) സൈക്കിളിൽ നാടു ചുറ്റാനിറങ്ങുന്ന കാഴ്ചകൾ. തുടക്കത്തിൽ ഒറ്റയ്ക്ക്., പിന്നീട് ഒരു കൂട്ടുകാരനെ കിട്ടുന്നു. പിന്നെ അതൊരു വലിയ സൈക്കിൾ സംഘമായി മാറുന്നു. ആ സംഘത്തിന്റെ കാഴ്ചകളും കുസൃതികളുമാണ് ഗാനരംഗം. സീനുകളോട് ഏറ്റവും നീതി പുലർത്തിയാണ് പാട്ട് റിക്കോർഡ് ചെയ്തിരിക്കുന്നത്. പല്ലവിയിൽ ജയചന്ദ്രൻ ഒറ്റയ്ക്കു തുടങ്ങുന്നു. അനുപല്ലവിയും കഴിഞ്ഞു ചരണത്തിൽ എത്തുന്നതോടെ അതു സംഘഗാനമായി മാറുന്നു. അപ്പോഴേക്കും സീനിൽ പപ്പുവിനൊപ്പം മറ്റു സൈക്കിൾ കൂട്ടുകാരും ചേർന്നിരിക്കുന്നു.

പതിവു ദേവരാജൻ ശൈലിയിൽനിന്നു വ്യത്യസ്തമാണ് ഇതിന്റെ സംഗീതം. മെല‍ഡി പ്രധാനമായ ദേവസംഗീതം ഇവിടെ പാട്ടിലെ വരികളിൽ പറയുംപോലെ താളത്തിനു പ്രാധാന്യം നൽകുന്നു. ‘താളം ഇതാണു താളം’ എന്ന് വരിചരണങ്ങളുടെ ഒടുവിൽ ആവർത്തിക്കുന്നുണ്ട്. താളപ്രധാനമായി ഈണം ചെയ്യാൻ ഉതകുന്ന രീതിയിൽ കൊച്ചുകൊച്ചു വാക്കുകൾ ഉപയോഗിച്ചാണ് കാവാലം രചന നിർവഹിച്ചിരിക്കുന്നത്.

‘തുടിച്ചു തുള്ളി കുതിച്ചു പായും

പതനുര ചിതറും

ഉള്ളിൽ കൊതിച്ചു മദിച്ചു തരിച്ച ജീവൻ

കലപില വച്ചു പിന്നെ കാലിടറാതെ വീണടിയാതെ

കാലിടറാതെ വീണടിയാതെ നടവഴിയിലെഴും

മുള്ളിൻ കടമ്പയൊക്കെ

തകർത്തു വരുമീ ഉൽസവമേളം

താളം ഇതാണു താളം

താളം ഇതാണു താളം’

ദേവരാജൻ മാസ്റ്റർ

സന്ദർഭത്തിനു യോജിക്കുന്ന രീതിയിൽ, കുട്ടികളുടെ ആഘോഷത്തിന്റെ പരമാവധി ഊർജം രചനയിൽ പകരാനും അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ രചനാസാഹചര്യത്തെപ്പറ്റി കാവാലം പറയുന്നു: ‘ഞാൻ ആദ്യം പാട്ടെഴുതിയത് തമ്പിൽ ആണെങ്കിലും ആദ്യം പുറത്തുവന്നത് ‘രതിനിർവേദം’ ആണ്. അതിനുവേണ്ടി ആദ്യം എഴുതിയത് ഈ പാട്ടാണ്. ചെന്നൈയിലെ ദേവരാജന്റെ വീട്ടിൽവച്ചാണ് ഇതെഴുതിയത്. കുട്ടികളുടെ ഉൽസാഹത്തിമിർപ്പിന്റെ ഒരു പാട്ടു വേണം എന്നു മാത്രമേ ഭരതൻ എന്നോടു പറഞ്ഞുള്ളൂ. പത്മരാജനും ഒപ്പം ഉണ്ടായിരുന്നു. ഞാൻ ഇതെഴുതിക്കൊടുത്തപ്പോൾ ദേവരാജന് ഇഷ്ടമായി. അദ്ദേഹം അപ്പോൾത്തന്നെ ഈ ഈണം ഇട്ടു. എല്ലാവർക്കും സന്തോഷമായി. ഒരു മാറ്റവും പിന്നീട് രചനയിലോ സംഗീതത്തിലോ വരുത്തിയില്ല. ഒറ്റ സിറ്റിങ്ങിൽ ഞങ്ങൾ ആ പാട്ട് പൂർത്തിയാക്കി.’

ഭരതൻ

പാട്ട് ഹിറ്റായതിൽ ഭരതന്റെ പങ്കും കാവാലം ചൂണ്ടിക്കാണിക്കുന്നു.: ‘ഭരതൻ ആ ഗാനം ഗംഭീരമായി ഷൂട്ട് ചെയ്തു. അതുകൊണ്ട് ഇന്നും അതു കണ്ടിരിക്കാൻ സന്തോഷമാണ്. പാട്ടിലെയും സംഗീതത്തിലെയും താളം കൃത്യമായി സൈക്കിൾ യാത്രയിലേക്കു സന്നിവേശിപ്പിച്ചതാണ് ഭരതന്റെ കഴിവ്. യഥാർഥ കലാകാരൻമാർക്കു മാത്രമേ ഇങ്ങനെ പാട്ടിന്റെ ആത്മാവറിഞ്ഞു ചിത്രീകരിക്കാൻ കഴിയൂ.’ അദ്ദേഹം ഭരതന്റെ അനിതരസാധാരണമായ സംവിധാനമികവിന് ക്രെഡിറ്റ് നൽകുന്നു.

കാവാലം നാരായണ പണിക്കർ

നെല്ലിയാമ്പതിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത രാമചന്ദ്രബാബുവിന്റെ ക്യാമറയാണു മറ്റൊരു സവിശേഷത. കൃഷ്ണചന്ദ്രൻ സൈക്കിളിൽ തേയിലക്കാടിറങ്ങി വരുന്ന രംഗം സാഹസികമായാണു ചിത്രീകരിച്ചത്. ഒരു വലിയ കൊക്കയുടെ വശത്താണ് ക്യാമറ വയ്ക്കാൻ ഭരതൻ നിർദേശിച്ചത്. ക്യാമറ വയ്ക്കാൻ സ്ഥലമില്ല. തന്നെ ഒരു കാറിൽ കെട്ടിവയ്ക്കാൻ രാമചന്ദ്ര ബാബു നിർദേശിച്ചു. കൃഷ്ണചന്ദ്രന്റെ സൈക്കിൾ സഞ്ചാരത്തിനൊപ്പിച്ച് കാറ് നീങ്ങിയപ്പോൾ കയ്യിൽ ക്യാമറ പിടിച്ചാണ് ആ രംഗങ്ങൾ അദ്ദേഹം ഷൂട്ട് ചെയ്തത്. ഈ ഗാനത്തിൽ കുട്ടി തെറ്റാലിയിൽ കല്ല് തെറിപ്പിക്കുമ്പോൾ മരത്തിൽനിന്ന് ആയിരക്കണക്കിനു വവ്വാലുകൾ പറന്നുപോകുന്ന മനോഹരമായ സീൻ പാലക്കാട് ഒരു വയലിനടുത്തുനിന്നാണ് ഷൂട്ട് ചെയ്തത്.

പത്മരാജൻ

സംഘം ഷൂട്ട് ചെയ്യാനായി അവിടെ എത്തിയപ്പോഴേക്കും സൂര്യൻ താണു കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന വെളിച്ചത്തിൽ ഷോട്ട് എടുക്കാൻ ഒരുങ്ങുമ്പോഴാണ് ക്യാമറയുടെ കണക്ടിങ് പിൻ ഒടിയുന്നത്. അതു മാറ്റിയിടാൻ പോയാൽ ഇരുട്ടാവും. അതുകൊണ്ട് കേബിൾ കൈകൊണ്ട് ചേർത്തുപിടിച്ചാണു പറക്കുന്ന പക്ഷികളുടെ ചലനത്തിനൊത്ത് ക്യാമറ ചലിപ്പിച്ചതെന്നു രാമചന്ദ്രബാബു അനുസ്മരിക്കുന്നു. സ്വപ്നം അത്രമേൽ മോഹിപ്പിക്കുന്നതാണെങ്കിൽ അതു സാക്ഷാത്കരിക്കാനായി ആരും സാഹസികരായിപ്പോവും. തന്റെ ചുറ്റുമുള്ളവരെ ഒരു വലിയ സ്വപ്നത്തിന്റെ ഭാഗമാക്കാനുള്ള മാന്ത്രികശക്തി ഭരതനുണ്ടായിരുന്നു.