അതൊരു വരവായിരുന്നു

ഒരു വരവല്ല, ഒന്നൊന്നര വരവ്! ഇങ്ങനെ ഒരു പാട്ടുകാരനും ഹിന്ദി സിനിമയിൽ രംഗപ്രവേശനം ചെയ്തിട്ടില്ല. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്!. ഇന്ത്യയുടെ നഗരത്തെയും ഗ്രാമത്തെയും കാമുകരെയും വിരഹികളെയും ഒരുപോലെ ത്രസിപ്പിച്ച ഗാനം.

‘മേ ഷായർ തോ നഹീ

മഗര്‍ യേ ഹസീ

ജബ്സേ ദേഖാ മേനേ തുജ്കോ

മുജ്കോ ഷായരീ ആ ഗയി

‘മേ ആഷിഖ് തോ നഹീ

മഗർ യേ ഹസീ

ജബ്സേ ദേഖാ മേനേ തുജ്കോ

മുജ്കോ ആഷിഖീ ആ ഗയി.....’

അന്നത്തെ മുന്‍നിര ഗായകർ കിഷോർ കുമാറും മുഹമ്മദ് റഫിയും ഒരുപോലെ നിഷ്പ്രഭരായ നാളുകൾ. ‍ ശൈലേന്ദ്ര സിങ്- സുന്ദരനായ പാട്ടുകാരൻ. നടനാകാൻ മോഹിച്ച് പുണെ ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കെ വഴിതെറ്റി പാട്ടുകാരനായവൻ.

ഒരുപാടു പ്രത്യേകതകൾ ഉണ്ടായിരുന്നു ‘ബോബി’(1973 ) എന്ന പ്രണയകാവ്യത്തിന്. തന്റെ മകൻ ഋഷി കപൂറിനെ ബോളിവുഡിൽ അവതരിപ്പിക്കാൻ രാജ് കപൂർ തിരഞ്ഞെടുത്ത ചിത്രം. ഹിന്ദി സിനിമയിലെ മാദകത്തിടമ്പ് ഡിംപിൾ കപാഡിയയുടെ ആദ്യചിത്രം. പിന്നീട് ഒരുപാടു സിനിമകള്‍ക്കു പ്രേരണയായ ഇതിവൃത്തം . (പണക്കാരനായ കാമുകനും പാവപ്പെട്ട വീട്ടിലെ കാമുകിയും. ഒരാൾ ഹിന്ദു, മറ്റേയാൾ ക്രിസ്ത്യൻ). തന്റെ സ്ഥിരം സംഗീത സംവിധായകരായ ശങ്കർ- ജയ്കിഷനെ മാറ്റി ലക്ഷ്മികാന്ത്- പ്യാരേലാലിനെ രാജ് കപൂർ പരീക്ഷിച്ച ചിത്രം. പരീക്ഷണങ്ങളെല്ലാം വൻ വിജയമായിരുന്നു. ആർെക ഫിലിംസ് നിർമിച്ച ‘ബോബി ’ ഇന്ത്യ മുഴുവന്‍ തകർത്തോടി. അഞ്ച് ഫിലിം ഫെയർ അവാർഡും വാരിക്കൂട്ടി!

എല്ലാ ചോരുവകളും സമം ചേർന്ന ചിത്രം കാണാൻ യുവാക്കളുടെ പെരുമഴയായിരുന്നു. വി‍ജയത്തിലെ ഏറ്റവും നിർണായക ഘടകമായി ഗാനങ്ങൾ. അതിൽ തന്നെ ഏറ്റവും ഹിറ്റ് ആനന്ദ് ബക്ഷിയുടെ സുന്ദരമായ രചനയില്‍ വിരിഞ്ഞ ‘മേ ഷായർ തോ നഹീ... ’ തന്നെ.

(നടൻ ബാലചന്ദ്രമേനോനെ അനുകരിക്കാൻ മലയാളത്തിലെ മിമിക്രിക്കാർ ഇൗ ഗാനം കുറേനാൾ ഉപയോഗിച്ചിരുന്നു.)‌ തന്റെ മകന്റെ ശബ്ദത്തിനു യോജിക്കുന്ന ഒരു ഗായകനെ തിരഞ്ഞ രാജ് കപൂറാണു ശൈലേന്ദ്ര സിങ്ങിനെ കണ്ടെത്തിയത്. ഇൗ പുതു ശബ്ദം ഇന്ത്യ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.

ലതാ മങ്കേഷ്കറുമായി ചേർന്നു പാടിയ ‘ ഹം തും ഏക് കമരേ മേം ബന്ദ് ഹോ....,കുച്ച് കഹനാ ഹേ...’ എന്നിവയും സൂപ്പർഹിറ്റായി.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു ഗായകനു സ്വപ്നം കാണാൻ പോലും കഴിയാത്ത തുടക്കമാണു ശൈലേന്ദ്രയ്ക്ക്.1975 ൽ ഇറങ്ങിയ ‘ ഖേൽ ഖേൽ മേ’യിലെ ‘ഹംനേ തുകോ ദേഖാ... ’ എന്ന ഗാനവും വമ്പൻ ഹിറ്റായയോടെ ഇനി ശൈലേന്ദ്രയുടെ കാലം എന്നു വിധിയെഴുതിയവർ പോലുമുണ്ടായിരുന്നു. പക്ഷേ, സിനിമാ ജീവിതം പിരിയൻ ഗോവണി കയറുന്നതുപോലെയാണ്. അടുത്ത വളവിൽ എന്താണു കാത്തിരിക്കുന്നതെന്ന് അജ്ഞേയം.

വർഷങ്ങളോടെ ഋഷി കപൂറിന്റെ ശബ്ദമായിരുന്ന ശൈലേന്ദ്ര സിങ് പിന്നീട് എവിടെ പോയി? ആരും മോഹിക്കുന്ന തുടക്കം കിട്ടിയ ഇൗ ഗായകൻ ഒരു പാട്ടുപോലും കിട്ടാതെ സിനിമയ്ക്കു പുറത്തേക്കു നടക്കുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.

തന്റെ പ്രധാനമോഹമായ അഭിനയത്തിൽ ഇതിനിടെ പയറ്റി നോക്കി. നായകനായ രണ്ട് ഹിന്ദി സിനിമകളും പരാജയപ്പെട്ടു. ബംഗാളിയിൽ അഭിനയിച്ച ‘ അജാസ്രോ ധന്യബാദി ’ന് ഒരു കൗതുകമുണ്ട്. ഇതിലെ ഗാനം ആലപിച്ചത് സാക്ഷാൽ മുഹമ്മദ് റഫി!

എന്തായാലും വന്ന വേഗത്തിൽ തന്നെ ശൈലേന്ദ്രസിങ് മടങ്ങി. ആലാപനത്തിൽ നിന്നും അഭിനയത്തിൽ നിന്നും.

പക്ഷേ ഹിന്ദി സിനിമ ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ ഗാനങ്ങൾ നിലനിൽക്കും. മറ്റെല്ലാം മറന്നാലും അരുണ ഇറാനിയും ഋഷി കപൂറും ചേർന്ന് അനശ്വരമാക്കിയ ആ ഗാനരംഗം ‘ മേ ഷായർ തോ നഹീ....’ കാലം മായ്ച്ചു കളയില്ല. തലമുറകൾ പലതും കഴിഞ്ഞിട്ടും ഇന്നും ജനപ്രിയതയിൽ ഒട്ടും കുറവു വന്നിട്ടില്ല ഇൗ പാട്ടിന്.

ഇത്ര വമ്പൻ ഹിറ്റുകൾ തീർത്തിട്ടും എന്തുകൊണ്ട് ശൈലേന്ദ്ര പുറത്തായി.? ബോളിവുഡിലെ സിനിമാ നിരൂപകരുടെ പ്രിയ ഗവേഷണ വിഷയമാണിത്. ഗാനങ്ങളിൽ വൈവിധ്യം ഇല്ലായിരുന്നിതു വിനയായെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. ഒരേ നായകന്റെ ഗാനങ്ങളിൽ തളച്ചിടപ്പെട്ടതും ദോഷം ചെയ്തു. മെഗാസ്റ്റാർ അമിതാഭ് ബച്ചനു വേണ്ടി ഒരു പാട്ടുപോലും പാടാൻ കഴിയാതിരുന്നതാണു ചിലർ ചൂണ്ടിക്കാട്ടുന്ന കാരണം. സ്റ്റേജ് ഷോകളുമായി സഹകരിച്ച്, ഇൗ പോയകാല ഗന്ധർവൻ ഇന്നു ജീവിക്കുന്നു.

അദ്ദേഹത്തിന്റെ സംഗീതജീവിതത്തെ വിശകലനം ചെയ്യുന്നവരെല്ലാം ഒരുപോലെ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ബോളിവുഡ് കണ്ട ഏറ്റവും ഗുണമേന്മയുള്ള ശബ്ദമാണു ശൈലേന്ദ്ര സിങ്ങിന്റേത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ശബ്ദത്തിനു കാര്യമായ ഉടവു തട്ടിയിട്ടില്ലെന്നും അവർ എഴുതുന്നു.