സംഗീതമധു അനിർഗളം

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. അച്ഛന്റെ സംഗീതത്തിൽ മകൾ പാടിയ പാട്ടിന് രണ്ടു പേർക്കും പുരസ്കാരം!  ‘ഇടവപ്പാതി’ എന്ന ചിത്രത്തിൽ ‘പശ്യതി ദിശി ദിശി...’ എന്ന ഗാനത്തിന്റെ സംഗീതസംവിധാനത്തിന് രമേശ് നാരായണനും ആലാപനത്തിന് മകൾ മധുശ്രീയുമാണ് അവാർ‍ഡ് നേടിയത്. രാജ്യത്ത് മുൻപെങ്ങും ഉണ്ടാകാത്ത മുഹൂർത്തം.

ഇതാണ് ഓരോ ഗാനത്തിനും ഒരു വിധിയുണ്ട് എന്നു പറയുന്നത്. നാല് വർഷം മുൻപ് സംഗീതം ചെയ്തു റിക്കോർഡ് ചെയ്തു വച്ച പാട്ടാണിത്. അഭിനേതാക്കൾക്കുണ്ടായ അസൗകര്യങ്ങൾ മൂലം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ‘ഇടവപ്പാതി’ നീണ്ടുപോയി. ഒടുവിൽ റീലീസ് അടുത്തപ്പോഴേക്കും പാട്ടുകാരിയുടെ പ്രായം 11ൽനിന്ന് 15 ആയി. ശബ്ദത്തിൽ തിരിച്ചറിയാൻ കഴിയാത്ത അന്തരം. അങ്ങനെ വീണ്ടും പാടി റിക്കോർഡ് ചെയ്യുന്നു. ചിത്രം പുസ്കാരത്തിനു സമർപ്പിച്ചപ്പോൾ ഈ പാട്ട് ഉൾപ്പെടുത്തിയിരുന്നോ എന്നുപോലും രമേശ് നാരായണൻ അന്വേഷിച്ചില്ല. അതുകൊണ്ടുതന്നെ അവാർഡ് വാർത്ത എത്തിയപ്പോൾ ആകാശത്തുനിന്നൊരു അദ്ഭുതം പൊട്ടിവീണ സന്തോഷമായിരുന്നു.

‘കേൾക്കുമ്പോൾ ലളിതമായി തോന്നുന്ന, എന്നാൽ പാടാൻ വളരെ ക്ലേശമുള്ള ഗാനമാണ് പശ്യതി ദിശി... ഇത് അനായാസം പാടി എന്നതാണ് മധുശ്രീയെ പുസ്ക്കാരത്തിനു പരിഗണിക്കാൻ കാരണം. പിന്നെ, സ്വർണത്തിനു സുഗന്ധംപോലെ നല്ല മധുരമായ ശബ്ദവും. ജന്മസിദ്ധമായി ഒട്ടേറെ കഴിവുകളുണ്ട് ഈ ഗായികയ്ക്ക്. പരിശ്രമിക്കുകകൂടി ചെയ്താൽ ഒരു വലിയഭാവി ഉറപ്പാണ്.’ ജൂറി ആയിരുന്ന സംഗീതജ്‍ഞൻ ശരത് പറയുന്നു.

ഈ പാട്ടിലേക്ക് മധുശ്രീ നിയോഗിക്കപ്പെട്ടതിലും യാദൃശ്ചികതയുണ്ട്. ഇതു മധുശ്രീയെ മനസ്സിൽക്കണ്ട് സംഗീതം ചെയ്തതല്ലെന്ന് രമേശ് നാരായണൻ പറയുന്നു. ‘എന്റെ മിക്ക പാട്ടുകളും ഞാൻ മക്കളായ മധുവന്തിയെക്കൊണ്ടോ മധുശ്രീയെക്കൊണ്ടോ ട്രാക്ക് പാടിപ്പിക്കാറുണ്ട്. ഈ ഗാനത്തിന് മധുശ്രീ പാടിയ ട്രാക്ക് കേട്ട് സംവിധായകൻ ലെനിൻ രാജേന്ദ്രനാണ് നിർദേശിച്ചത് ഇതു മധുതന്നെ പാടിയാൽ മതിയെന്ന്.’ അങ്ങനെയാണ് ഈ ഗാനം മധുശ്രീ പാടുന്നതും അതിലും അപ്രതീക്ഷിതമായി അവാർഡിന് അർഹമാകുന്നതും.

ഇന്ന്  രമേശ് നാരായണനൊപ്പം ഒട്ടേറെ രാജ്യാന്തര വേദികളിൽ അവിഭാജ്യഘടകമായി മധുശ്രീയുമുണ്ട്. പലപ്പോഴും അമ്മ ഹേമയും ചേച്ചി മധുവന്തിയും കൂടി ചേരുമ്പോൾ സമ്പൂർണ കുടുംബകച്ചേരികളാവുന്നു പലതും.

‘ഈ നേട്ടങ്ങളിലേക്കെത്താനും അച്ഛനൊപ്പം വിദേശരാജ്യങ്ങളിൽ സഞ്ചരിക്കാനും എനിക്കു സാധിക്കുന്നത് ഞാൻ പഠിക്കുന്ന തിരുവനന്തപുരം  കാർമൽ ഗേൾസ് ഹയർ സെക്കൻഡറിലെ അധ്യാപകരുടെ പിന്തുണകൊണ്ടാണ്. നഷ്ടപ്പെടുന്ന ക്ലാസുകൾ പ്രത്യേകമായി എടുത്തുതരാനും കലാപ്രവർത്തനങ്ങൾക്കു പിന്തുണ നൽകാനും എന്റെ ടീച്ചർമാരുടെ പ്രത്യേകം മനസ്സുവയ്ക്കുന്നു.’ പ്ലസ് ടുവിനു പഠിക്കുന്ന മധുശ്രീ പറയുന്നു. 

ഈ വർഷംതന്നെ മറ്റൊരു നേട്ടംകൂടിയുണ്ടായി രമേശ് നാരായണൻ–മധുശ്രീ കൂട്ടുകെട്ടിന്. ‘അലിഫ്’ എന്ന ചിത്രത്തിൽ രമേശ് നാരായണൻ സംഗീതം നൽകിയ ‘പനിമതിതൻ തൻ കബറിടത്തിൽ...’ എന്ന ഗാനത്തിന് മധുശ്രീക്കു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിഷന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. രമേശ് നാരായണനു പുറമേ മറ്റ് സംഗീതസംവിധായകരും മധുശ്രീയുടെ പ്രതിഭ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഔസേപ്പച്ചൻ, മഞ്ജു വിജയൻ തുടങ്ങിയവരുടെ ഗാനങ്ങൾ റിക്കോർഡിങ് കഴിഞ്ഞു റിലീസിനു കാത്തിരിക്കുന്നു. മധുശ്രീ എന്ന ഗായികയെ രമേശ് നാരായണൻ ഇങ്ങനെ വിലയിരുത്തുന്നു: 

‘കൈക്കുഞ്ഞായിരിക്കുമ്പോൾത്തന്നെ വീട്ടിൽ ഒരു പാട്ടോ കീർത്തനമോ വച്ചാൽ അതു തീരുന്നതുവരെ ഒരു നിമിഷംപോലും ശ്രദ്ധ പതറാതെ അവൾ കേട്ടിരിക്കുമായിരുന്നു. പാട്ടിനോട് അന്നേ ഗൗരവമായ സമീപനമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, വെസ്റ്റേൺ... അങ്ങനെ എല്ലാ ശ്രേണിയിലുമുള്ള ഗാനങ്ങൾ വഴങ്ങുന്നു എന്നതാണ് മധുശ്രീയുടെ ശക്തി. എന്നാൽ, ഒരു നല്ലഗായികയാകാനായി ഇനിയും എത്രയോ പഠിക്കേണ്ടിയിരിക്കുന്നു, അധ്വാനിക്കേണ്ടിയിരിക്കുന്നു.’ 

രമേശ് നാരായണന്റെ ഗുരുവായ പണ്ഡിറ്റ് ജസ്‌രാജ് മധുശ്രീയിൽ ഒരു വലിയഗായികയെ കാണുന്നു. ‘അനായാസമായി വഴങ്ങുന്ന സ്വരം’ എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

വർഷങ്ങൾ മുൻപ് രമേശ് നാരായണൻ കച്ചേരികൾക്കു വരുമ്പോൾ അഞ്ചുവയസ്സായ മകളും ഒപ്പം കൂടുമായിരുന്നു. അച്ഛനൊപ്പം വേദിയിലിരിക്കണമെന്നും മുന്നിൽ മൈക്ക് വേണമെന്നും കുട്ടി നിർബന്ധം പിടിക്കുമായിരുന്നു. മൈക്ക് ഓഫാണെന്ന് അറിയാതെ ആ പാവം കുട്ടി അച്ഛനൊപ്പം പാടിയിരുന്നു. കാലം കടന്നുപോകെ എപ്പോഴോ ആ മൈക്ക് ഓണായി. സംഗീതനദിയുടെ കൈവഴിയായി മധു ഒഴുകുകയായി...