വിക്രം വേദയിലെ സൂപ്പർ ഗായിക ഈ മലയാളിക്കുട്ടി!

േകരളക്കരയിലും തമിഴകത്തും പുതുതരംഗം സൃഷ്ടിച്ച് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് വിജയ് സേതുപതി– മാധവൻ ടീമിന്റെ ‘വിക്രംവേദ’ സിനിമയുടെ മിന്നും വിജയത്തിൽ മലയാളികള്‍ക്കും അഭിമാനിക്കാം. ചിത്രത്തിലെ ‘പോഗാതെ യെന്നെവിട്ട് ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനു പിന്നണി തീര്‍ത്തിരിക്കുന്നത് മലയാളി പെൺകൊടി നേഹാ വേണുഗോപാലാണ്. ഫിലിപ്സ് ആന്റ് ദി മങ്കിപെന്നിലെ ‘എൻ കണിമലരേ’ എന്ന ഗാനത്തിലൂടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ നേഹയുടെ ഏറെക്കാലത്തിനു ശേഷമുള്ള എൻട്രിയാണ് ‘വിക്രംവേദ’യിലേത്. നേഹയുടെ പാട്ടു വിശേഷങ്ങൾ

എങ്ങനെയാണ് വിക്രംവേദയുടെ ഭാഗമാകുന്നത്?

വിക്രംവേദയുടെ സംഗീതസംവിധായകൻ സാം സി.എസ് ആണ്. എന്റെയൊരു സുഹൃത്ത് വഴിയാണ് സാമിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനു എന്റെ ശബ്ദം വളരെ ഇഷ്ടമാണ്. എന്താണ് മറ്റു സംഗീത സംവിധായകരെ സമീപിക്കാത്തതെന്ന് എപ്പോഴും ചോദിക്കുമായിരുന്നു. വിക്രംവേദക്കു വേണ്ടി ‘പോഗാതെ യെന്നെവിട്ട്’ ഉൾപ്പെടെ ഒന്നിലേറെ ഗാനങ്ങൾക്കു വേണ്ടി ഞാൻ സ്ക്രാച്ച് പാടിയിരുന്നു. ഇതിലൊരു പാട്ട് നിനക്കുള്ളതാണെന്നു സാം പറഞ്ഞിരുന്നു. ‘പോഗാതെ’ പാട്ടിന്റെ ഔട്ട് കേട്ടപ്പോൾ തന്നെ സാമിനു അത് നന്നായി ഇഷ്ടപ്പെട്ടു.

ഒരുപാട് കാലമായിട്ട് ഈ പാട്ട് ‍ഞാൻ പാടും എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഈ സിനിമ ഇത്ര വലിയ വിജയമാകും എന്നൊന്നും അന്ന് ചിന്തിച്ചിട്ടില്ല. പാടുമ്പോൾ മാധവൻ–വിജയ് സേതുപതി സിനിമയ്ക്കു വേണ്ടി പാടുന്നു എന്ന ത്രില്ലായിരുന്നു ഉണ്ടായിരുന്നത്. സത്യത്തിൽ ഞാൻ ഭാഗ്യവതിയാണ് ഈ പാട്ടു കിട്ടിയതിൽ. കാരണം നമ്മൾ പാടും എന്നു അവസാന നിമിഷം വരെ കരുതുന്ന പല പാട്ടുകളും അവസാന നിമിഷം കൈവിട്ടു പോകാറുണ്ട്. ഇവിടെ സാം പറഞ്ഞ വാക്കു പാലിച്ചു.പ്രദീപ് കുമാറിനെ പോലൊരു ഗായകനൊപ്പം പാടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. മെയിൽ വോയ്സിനു പ്രാധാന്യമുള്ളൊരു പാട്ടാണിത്. എന്നിരുന്നാലും ഓരോ വരിയും എറെ ആസ്വദിച്ചാണ് പാടിയിരുന്നത്. വിക്രംവേദ പോലൊരു വലിയ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്റെ പ്രൊഫൈലിനെ തീർച്ചയായും ശക്തിപ്പെടുത്തുന്ന ഒരു ഗാനമായിരിക്കും അത് എന്നും.

മങ്കിപെന്നിനും വിക്രംവേദയ്ക്കുമിടയിൽ നാലു വർഷത്തെ ഇടവേള?

ഫിലിപ്സ് ആന്റ് ദി മങ്കപെൻ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വന്ന അവസരമാണ്. ആ സിനിമയുടെ സംഗീത സംവിധായകനും ഞാനും സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ഞാൻ ചെന്നൈയിലായിരുന്നു. ഗോവിന്ദ് മേനോനാണ് അത് പ്രോഗ്രാം ചെയ്തിരുന്നത്. എന്നെ സ്ക്രാച്ച് പാടാനാണ് സമീപിച്ചത്. നേരിട്ടു സിനിമയിൽ പാടാനുള്ള അവസരം ആയിരുന്നില്ല അത്. എന്റെ പാട്ട് സിനിമയുടെ അണിയറ പ്രവർത്തകര്‍ക്ക് ഇഷ്ടപ്പെടുകയും സിനിമയ്ക്കു വേണ്ടി എന്റെ ശബ്ദം ഉപയോഗിക്കുകയുമായിരുന്നു. പാടണമെന്നു ആഗ്രഹിച്ചു നടന്ന കാലമായിരുന്നില്ല അത്. അന്നു ചെന്നൈയിൽ ജോലി ചെയ്തു വരികയാണ്. സിനിമ പുറത്ത് ഇറങ്ങിയപ്പോഴും ഞാൻ ചെന്നൈയിലായിരുന്നു. സിനിമയും പാട്ടും ഹിറ്റായപ്പോഴും അതിന്റെ പ്രതികരണങ്ങളുടെ ചെറിയൊരു ശതമാനമേ ഞാനറിഞ്ഞിരുന്നുള്ളു. പാട്ടും സിനിമയും ചോദിക്കുമ്പോൾ പലര്‍ക്കും അറിയാമെങ്കിലും അത് പാടിയത് ഞാനാണെന്ന് പലർക്കും അറിയില്ലായിരുന്നു.

മങ്കിപെന്നിനും വിക്രമവേദയ്ക്കും ഇടയിൽ വലിയൊരു ഇടവേള ഉണ്ടെന്ന് പറയാൻ പറ്റില്ല. മങ്കിപെൻ റിലീസ് ചെയ്യുന്ന സമയത്ത് ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സംഗീത പഠനം സമാന്തരമായി നടന്നിരുന്നെങ്കിലും പാട്ടിനെ ഗൗരവമായി എടുത്തിരുന്നില്ല. ഒരു പ്രത്യേക പോയിന്റിൽ ഇതല്ല എന്റെ ലോകം എന്ന തിരിച്ചറിവ് ഉണ്ടായി. ഒന്നര വര്‍ഷം ജോലി ചെയ്ത ശേഷം സംഗീതത്തിലേക്ക് ട്രാക്ക് മാറ്റി ചവിട്ടി. കൂടുതൽ സീരിയസായി സംഗീതത്തെ കണ്ടുതുടങ്ങിയത് ആ കാലയളവിലാണ്. മ്യൂസിഷ്യൻസുമായി പരിചയപ്പെടുന്നതും സ്റ്റേജ് ഷോകൾ ചെയ്യുന്നതും റെക്കോർഡിങ്ങുകളിലും സജീവമായത് ആ സമയത്താണ്. അങ്ങനെ ചിന്തിക്കുമ്പോൾ നീണ്ട ഇടവേള എന്നു പറയാൻ പറ്റില്ല. ഞാൻ ആക്റ്റീവായിരുന്നു. ഇതിനിടയില്‍ കന്നഡയിൽ പാടി. കൊമേഴ്സ്യലായിട്ടുള്ള വലിയോരു പ്രോജക്റ്റ് തീർച്ചയായും വിക്രംവേദ തന്നെയാണ്. ചെറിയ സിനിമകളിൽ പാടുന്നുണ്ടായിരുന്നു.

പാട്ടുകാർക്കിടയിൽ മത്സരം കൂടുന്നത് അവസരങ്ങൾ കുറയ്ക്കുന്നുണ്ടോ?

ഒരു പാട് പ്രതിഭയുള്ള പാട്ടുകാർ കടന്നുവരുന്ന സമയമാണ്. അത് അനുസരിച്ച് അവസരങ്ങളും കൂടി പണ്ടൊക്കെ റിയാലിറ്റി ഷോകൾ മാത്രമായിരുന്നു പോപ്പുലർ ആകാനുള്ള ഏക മാർഗ്ഗം. കടുത്ത മത്സരവും ഉണ്ടായിരുന്നു. ഇപ്പോൾ അതു മാറി. നമുക്ക് സൗകര്യപ്രദമായ രീതീയിൽ മ്യൂസിക് നിർമ്മിക്കാനും പുറത്തു കൊണ്ടുവരാനും പ്ലാറ്റഫോമുകളുണ്ട്. Smule appവഴി തന്നെ പ്രതിഭയറിയിക്കുന്ന എത്രയോ ഗായകരുണ്ട്. മത്സരമുണ്ട്, വെല്ലുവിളിയുണ്ട് സമ്മതിക്കുന്നു. പക്ഷേ ഒരു ആർട്ടിസ്റ്റിന് കഴിവു പ്രകടിപ്പിക്കാനുള്ള എല്ലാ വേദികളും അവസരങ്ങളും നിലവിൽ ഉണ്ട്. 

ആഗ്രഹങ്ങള്‍

റഹ്മാൻ സർ, സന്തോഷ് നാരായണൻ, ഷോൺ റോൾഡൻ. മലയാളത്തിലും പാടാൻ ഒത്തിരി ആഗ്രഹമുണ്ട്. എല്ലാത്തിലും ഉപരിയായി എല്ലാവരും എന്നും കേൾക്കാൻ കൊതിക്കുന്ന കുറേ പാട്ടുകളിലെ പാട്ടുകാരിയാകണമെന്നാണ് വലിയ ആഗ്രഹം. 

ഇവരെന്റെ പ്രചോദനം

 ഞാൻ എല്ലാത്തരം പാട്ടുകളും കേൾക്കും. ഓരോ സംഗീതവും ഓരോ കലാകാരനും പ്രചോദനമാണ്. എല്ലവരില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാൻ ശ്രമിക്കാറുണ്ട്. എന്റെ ഗുരു ബിന്നി കൃഷ്ണകുമാറാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ പ്രചോദനം.

അച്ഛന്റെ മുഖത്തെ ചിരി

എല്ലാവരും വേണ്ട എന്നു പറയുമ്പോഴും എനിക്ക് ഇഷ്ടമുള്ള വഴികളിലൂടെ നടക്കാൻ  അച്ഛൻ തരുന്ന പിന്തുണ വളരെ വലുതാണ്. എന്റെ ഓരോ കുഞ്ഞു വിജയങ്ങളും അച്ഛനുള്ള സമർപ്പണമാണ്. വിക്രം വേദയിലെ പാട്ടു പാടിയപ്പോൾ കിട്ടിയ ഏറ്റവും വലിയ അംഗീകാരം അച്ഛന്റെ മുഖത്തെ ചിരിയായിരുന്നു. 

Read More: പ്രിയ സംഗീതജ്ഞരുമായുള്ള കൂടുതൽ അഭിമുഖങ്ങൾ വായിക്കാം, Read Interviews With Your Favourite Musicians