അമ്പിളിച്ചന്തമുള്ള പാട്ടുകൾ

നൃത്തത്തെയും സംഗീതത്തെയും ഒരു പോലെ പ്രണയിച്ച അമ്പിളിച്ചന്തമുള്ള പെൺകുട്ടി. കലോത്സവ വേദിയിൽ കലാതിലകമായി നിറഞ്ഞു നിന്നപ്പോഴും അഭിനയത്തിന്റെ വെള്ളി വെളിച്ചങ്ങളിൽനിന്ന് അകന്നു സംഗീതത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു അവൾക്കിഷ്ടം. നമുക്കു പരിചിതമായ പല ഗാനങ്ങളിലും അവളുടെ ശബ്ദസാന്നിധ്യമുണ്ട്. സെല്ലുലോയ്ഡിലെ ‘ഏനുണ്ടോടീ അമ്പിളി ചന്തം... എന്ന ഗാനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചപ്പോഴാണു സിതാരയെന്ന ഗായികയെ നമ്മളിൽ പലരും തിരിച്ചറിഞ്ഞതെന്നു മാത്രം. ശബ്ദ വ്യതിയാനങ്ങളിലൂടെ പാട്ടുകളിൽ പകർന്നാട്ടം നടത്തുന്ന ഈ ഗായിക ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട സ്വരമാണ്. ഹിന്ദുസ്ഥാനിയും കർണാട്ടിക്കും ഗസലും ചലച്ചിത്ര ഗാനങ്ങളും ഒരുപോലെ വഴങ്ങുന്ന കോഴിക്കോട്ടുകാരിയുടെ പാട്ടുവർത്തമാനങ്ങൾ കേൾക്കാം.

∙ അഭിനയം എന്റെ സ്വപ്നമായിരുന്നില്ല

സിനിമയിലേക്കുള്ളൊരു എൻട്രി മോഹിച്ചല്ല കലോത്സവങ്ങളിൽ മത്സരിച്ചിരുന്നത്. അഭിനയം ഒരിക്കലും എന്റെ സ്വപ്നമായിരുന്നില്ല. നൃത്തവും സംഗീതവും ഒരുപോലെ ഇഷ്ടമായിരുന്നു. കൂടുതൽ അവസരങ്ങൾ സംഗീതത്തിൽ ലഭിച്ചതുകൊണ്ട് ആ വഴി തിരഞ്ഞെടുത്തു എന്നു മാത്രം. നൃത്തത്തിനും സംഗീതത്തിനും ആത്മസമർപ്പണവും പരിശീലനവും ആവശ്യമാണ്. പക്ഷേ, നൃത്തത്തിനു പാട്ടിനെ അപേക്ഷിച്ചു കുറച്ചുകൂടി വലിയൊരു സ്പേസ് വേണം. പെട്ടെന്ന് ഒരു വേദിയിൽ കയറി നൃത്തം അവതരിപ്പിക്കാൻ പറ്റില്ല. പെട്ടന്നൊരു പാട്ടു പാടാൻ പറഞ്ഞാൽ സാധിച്ചെന്നു വരും. ആ വ്യത്യാസം ഉണ്ട്. സമയവും സന്ദർഭവും ഒത്തുവന്നാൽ നൃത്തത്തിലേക്കു മടങ്ങി വരാൻ ഇപ്പോഴും ആഗ്രഹമുണ്ട്.

∙ ശബ്ദത്തിൽ മിമിക്രി കാട്ടാറില്ല

പാടുമ്പോൾ ആരെയെങ്കിലും അനുകരിക്കാൻ ശ്രമിക്കാറില്ല. ശബ്ദത്തിൽ മിമിക്രി കാട്ടുന്നു എന്ന പ്രയോഗം തന്നെ എന്നെ വേദനിപ്പിക്കുന്നു. പാട്ടിനെ നമ്മൾ തിരഞ്ഞെടുക്കുകയല്ലല്ലോ. പാട്ടിനു വേണ്ടി നമ്മുടെ ശബ്ദം തിരഞ്ഞെടുക്കുകയല്ലേ. പല സംഗീത സംവിധായകരുടെ പല തരത്തിലുള്ള പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. ശബ്ദത്തെ ദോഷമായി ബാധിക്കാത്ത തരത്തിൽ ഓരോ പാട്ടിന്റെയും സ്വഭാവം അനുസരിച്ചു സൗണ്ട് മോഡുലേഷൻ വരുത്തി പാടാറുണ്ട് എന്നു മാത്രം. സിനിമ സംഗീതം വ്യത്യസ്തമാണ്. വരികളിൽ ഒളിഞ്ഞു കിടക്കുന്ന വികാരങ്ങൾ തീവ്രത നഷ്ടപ്പെടാതെ പാടി ഫലിപ്പിക്കണം. ഒരു തരം അഭിനയം എന്നു പറയാം. ചിരിയും കരച്ചിലും ഗദ്ഗദവുമൊക്കെ പാട്ടിൽ നിറയും.

∙ നിഷ്കളങ്കമായി പാടാൻ പറഞ്ഞു

ഫോക്ക് ടച്ചുള്ള പാട്ടുകൾ പാടാൻ എനിക്ക് ഇഷ്ടമാണ്. സെല്ലുലോയിഡിലെ ‘ഏനുണ്ടോടീ അമ്പിളി ചന്തം... വളരെ ആസ്വദിച്ചു പാടിയ ഗാനമാണ്. ‘പാട്ടു കേട്ടാൽ ശാസ്ത്രീയമായി സംഗീതം പഠിച്ച ഒരാളാണു പാടിയതെന്നു തോന്നാൻ പാടില്ല, വളരെ നിഷ്കളങ്കമായി പാടുക ഇതായിരുന്നു സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ നിർദേശം. അങ്ങനെ മനസ്സു നിറഞ്ഞ് സിനിമാറ്റിക്കായ ഘടകങ്ങളൊക്കെ മാറ്റിവച്ചു പാടിയ ഗാനമായിരുന്നു അത്.

∙ കുടുംബമാണ് എന്റെ ശക്തി

ഞാൻ കാലിക്കറ്റ് സർവകലാശാലയിൽ കലാതിലകവും എന്റെ ഭർത്താവ് ഡോ. എം. സജീഷ് കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനുമായിരുന്നു. സ്വാഭാവികമായും ഞങ്ങളുടേതു പ്രണയ വിവാഹം ആയിരുന്നില്ലേ എന്നു സംശയിച്ചാൽ തെറ്റില്ല. പക്ഷേ, ഞങ്ങളുടേത് വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച കല്ല്യാണമായിരുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഡോക്ടറാണ് അദ്ദേഹം. അച്ഛൻ കൃഷ്ണകുമാർ, അമ്മ സാലി, ഇപ്പോൾ സജീഷും... ഇവരാണ് എന്റെ വിജയങ്ങൾക്കു പിന്നിലെ പ്രോത്സാഹനവും ശക്തിയും.