ഇദ്ദേഹം പാരഡി പാട്ടിന്റെ മരണമാസ്

ടെക് ലോകം വഴിയുള്ള പ്രചരണങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയെന്നാണ് ചില വിശകലനങ്ങൾ. അ‌തുപോലെ തന്നെയല്ലേ പാട്ടുകളും. തെരഞ്ഞെടുപ്പ് പാരഡികളുടെ വലിയൊരുത്സവമാണ് കടന്നുപോയത്. അതിന്റെ അമരക്കാരനായിരുന്നു എറണാകുളംകാരൻ അബ്ദുൽ ഖാദറാണ്. ഇപ്പോഴിതാ എൽഡിഎഫിനായുള്ള വിജയ ഗാനവുമെത്തിയിരിക്കുന്നു.

"പൊട്ടീലേ ഞെട്ടീലേ ഇന്ന് ഐക്യമുന്നണി ദാണ്ടേ

പണി പാളി ചളമായി പല സ്വപ്നം സീറ്റും പോയില്ലേ..."

എന്ന പാട്ടൊരുക്കി തരംഗമൊരുക്കിയിരിക്കയാണ്. അമർ അക്ബർ അന്തോണിയിലെ "പൊൻമാനേ പൂന്തേനെ"... എന്ന ഗാനത്തിന്റെ ഈണത്തിലാണ് അബ്ദുൽ ഖാദർ പാട്ടെഴുതി ചിട്ടപ്പെടുത്തിയത്. സോളാറും അഴിമതിയും യുഡിഎഫിനെ തൂത്തെറിഞ്ഞെന്നും വിജയഭേരിയായി എൽഡിഎഫ് എത്തിയെന്നും പാടുന്ന ഗാനം സോഷ്യൽ മിഡിയയിൽ തരംഗമായിക്കഴിഞ്ഞു. ആയിരത്തി അഞ്ഞൂറിലധികമാളുകളാണ് ഇത് ഷെയർ ചെയ്തത്. ഇത്തവണത്തെ ഇലക്ഷനിൽ നാം കേട്ട കഥകൾ, വായിച്ച ലേഖനങ്ങള്‍, കണ്ട വിഡിയോകൾ എന്തെല്ലാമാണ്. അവയെല്ലാം ഓർമയിൽ നിന്ന് അധികം കഴിയാതെ മാഞ്ഞുപോകും. പുതിയ രാഷ്ട്രീയ കഥകൾ തേടിയെത്തും. പക്ഷേ അപ്പോഴും ഈ പാട്ടുകൾ അവിടെത്തന്നെ കാണും. ഒരുപക്ഷേ അടുത്ത ഇലക്ഷനിൽ എടുത്തിട്ട് അലക്കുകേം ചെയ്യും.

1998ലെ ഇലക്ഷനിലാണ് ആദ്യമായി അബ്ദുൽ ഖാദര്‍ പാരഡി പാട്ടെഴുത്തുകാരന്റെ വേഷം കെട്ടിയത്. അന്ന് പഞ്ചാബി ഹൗസ് ആയിരുന്നു ആയുധമാക്കിയത്. പാരഡി പാട്ടുകൾ പ്രചരണായുധങ്ങളിലെ അപ്രധാനി ആയിരുന്ന കാലത്ത് എറണാകുളത്തെ ഒരു കാസെറ്റ് കമ്പനിക്കാർ പറഞ്ഞിട്ടാണ് അബ്ദുൽ ഖാദർ പാട്ടുകളൊരുക്കുന്നത്. എൽഡിഎഫിനും യുഡിഎഫിനുമായി പത്തെണ്ണം വീതം. അത് ഹിറ്റായതോടെ ദിശ തെളിഞ്ഞു. 

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരായിരുന്നു അബ്ദുൽ ഖാദറിന്റെ പാട്ടുകളിൽ നിറഞ്ഞ് നിന്നത്. പഞ്ചാബി ഹൗസിലെ സോനാരേ സോനാരേ എന്ന പാട്ട് ....നായനാരേ നായനാരേ എന്നായി. അത് ആളുകൾക്കിടയിൽ (അല്ല യുഡിഎഫിനിടയിൽ) വൻ പ്രചരണം കിട്ടി. പിന്നാലെ 2001ലെ ഇലക്ഷനിൽ കേരളമൊട്ടുക്കുള്ള കോൺഗ്രസ് സ്ഥാനാർഥികൾക്ക് പാട്ടൊരുക്കുവാനുള്ള ഓര്‍ഡർ കിട്ടി. അന്ന് തെങ്കാശിപ്പട്ടണത്തിലെ പാട്ടായിരുന്നു താരം. "കെ കരുണാകരൻ എ കെ ആന്റണി കെ എം മാണി സിന്ദാബാദ്"..  എന്നത് ചിത്രത്തിലെ "കടമിഴിയിൽ കമലദളം"... എന്ന പാട്ടിന്റെ ഈണത്തിൽ പാടിയത് കേരളമൊട്ടുക്കെ പടർന്നു.

അബ്ദുൽ ഖാദറിനും രാഷ്ട്രീയമൊക്കെയുണ്ട്. പക്ഷേ അതെല്ലാം മാറ്റിവച്ച് പ്രൊഫഷണൽ ആകും പാട്ടിനിടയിൽ. എന്നാൽ മാത്രമേ രക്ഷയുള്ളൂവെന്ന് അബ്ദുൽ ഖാദർ പറയുന്നു. "പാർട്ടിക്കാരും അങ്ങനെ തന്നെയാണ് സമീപിക്കുന്നത്. ഇടത് വലത് വ്യത്യാസമില്ലാതെ എല്ലാവരുമെത്താറുണ്ട്. എന്നാലും ഏറ്റവുമാദ്യമെത്തുക കോൺഗ്രസ് തന്നെ. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. പാരഡിയൊരുക്കുക വെല്ലുവിളിയാണ്. അതൊരു രസവുമാണ്. പ്രതിപക്ഷത്തിരിക്കുന്ന പാർട്ടികൾക്ക് പാട്ടൊരുക്കാൻ എളുപ്പമാണ്. ഭരിക്കുന്നവർക്കായിട്ട് തയ്യാറാക്കാൻ വെള്ളംകുടിക്കും. കാരണം വീണ്ടും ഭരണത്തിലെത്തിക്കാനുള്ള ഊർജ്ജം പാട്ടിൽ വേണമല്ലോ.' അബ്ദുല്‍ ഖാദർ പറയുന്നു.

മിമിക്രി കലാകാരനായിരുന്നു അബ്ദുൽ ഖാദർ. ഏത് സിനിമയിറങ്ങിയാലും അതിലെ പാട്ടുകൾക്ക് പാരഡിയിറക്കുകയായിരുന്നു തൊഴിൽ. നാദിർഷ, അഭി എന്നിവർക്കൊപ്പം 1995 മുതൽക്കേ ഈ രംഗത്തുണ്ട്. അന്ന് ടിവി സീരിയലുകളേക്കാള്‍ സ്വീകാര്യതയായിരുന്നു അവയ്ക്ക്. കാസറ്റുകൾ ഒരുപാട് വിറ്റഴിഞ്ഞിരുന്നു. ആ അനുഭവമാണ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർക്ക് പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാക്കി അബ്ദുൽ ഖാദറിനെ മാറ്റിയത്. രണ്ട് പതിറ്റാണ്ടായിട്ടുണ്ട് ഈ രംഗത്ത്. പാട്ടെഴുത്തുകാരനായതുകൊണ്ട് ഒരു രാഷ്ട്രീയക്കാരും മുഷിവു കാണിച്ചിട്ടില്ല. ഈ രംഗത്ത് തനിക്ക് പ്രചോദനമായതും ഒരു നേതാവിന്റെ കമന്റ് ആണെന്ന് അബ്ദുൽ ഖാദർ പറയുന്നു....

നൂറു കവല പ്രസംഗത്തിനേക്കാൾ ഒരു പാട്ടിന് ജനങ്ങളെ സ്വാധീനിക്കാൻ കഴിവുണ്ടെന്ന്... എന്നായിരുന്നു ആ വാക്കുകൾ. ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല. ഹൈബി ഈഡന്റെ പിതാവ് ജോർജ് ഈഡൻ.