ഭ്രമിപ്പിക്കുന്ന സംഗീതം; ഇന്ത്യയുടെ ഹൃദയം തൊട്ട് കളിക്കൂട്ടുകാർ

പർവാസ് എന്ന ഉറുദുവാക്കിന്റെ  അർഥം  ഫ്ലൈറ്റ് എന്നാണ്. പറന്നുപോകുന്ന പാട്ടിന്റെ കഥയാണു പർവാസ് എന്ന ബാൻഡ് പങ്കുവയ്ക്കുന്നത്. ഖാലിദ് അഹമ്മദ്, ഖാഷിഫ് ഇക്ബാൽ  എന്നീ രണ്ടു കാശ്മീരികൾ പാട്ടിന്റെ ചിറകേറി  സഞ്ചരിച്ചപ്പോൾ  അതു പർവാസ് എന്ന ബാൻഡായി.  സൂഫി റോക്കിന്റെ  പുതിയ തലങ്ങൾ ഇന്ത്യയിലെ സംഗീത പ്രേമികൾക്കു  പരിചയപ്പെടുത്തിയ  ഇവർ  കൊച്ചിയിൽ  ജെടി പാക്കിൽ  പരിപാടി  അവതരിപ്പിക്കാൻ   എത്തിയിരുന്നു.  ഖാലിദും ഖാഷിഫും തങ്ങളുടെ സംഗീത യാത്ര മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു. 

കാശ്മീരിൽ നിന്നു കേരളത്തിലേക്ക്

കഴിഞ്ഞ വർഷം  കൊച്ചിയിലെ  കഫേ പപ്പായയിൽ ഷോ ചെയ്തിരുന്നു. അന്നു മുതൽ തന്നെ കേരളത്തോടു വല്ലാത്തൊരു ഇഷ്ടമുണ്ട്. പാട്ട് നന്നായി ആസ്വദിക്കാൻ അറിയാവുന്നവരാണിവർ.  എല്ലാവരും  പാടാൻ  താൽപര്യമുള്ളവർ, പുതിയ സംഗീതം അറിയാൻ  ശ്രമിക്കുന്നവർ. അതു ബാൻഡുകൾക്ക്  പ്രചോദനമാണ്. കഴിഞ്ഞ മാസം  കൊച്ചിയിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിൽ  ഞാൻ(ഖാലിദ് അഹമ്മദ്) സോളോ  പെർഫോമൻസ് ചെയ്തിരുന്നു. അതും മറക്കില്ല. 

പാട്ടിന്റെ ചെറുപ്പം

ഞങ്ങൾ രണ്ടു പേരും കുട്ടിക്കാലം  മുതലേ സുഹൃത്തുക്കളാണ്. കാശ്മീരിൽ നിന്നു വന്നവർ. ചെറുപ്പത്തിൽ ഞങ്ങൾ  പരസ്പരം ഒരുമിച്ചു പാട്ടുകളും മറ്റും ചെയ്തിട്ടുണ്ട്. പിന്നീടു ബെംഗളുരുൽ പഠിക്കാനെത്തിയപ്പോഴാണു  വീണ്ടും കണ്ടുമുട്ടുന്നത്.  ഒരു കോളജ് കോംപറ്റീഷനു  മൽസരിക്കാൻ  വേണ്ടി  ഞങ്ങൾ എത്തിയപ്പോഴാണു  എന്തുകൊണ്ട്  ഒരുമിച്ചു കൂടെന്ന ചിന്ത വന്നത്. അങ്ങനെ ഒരുമിച്ചു ജാം ചെയ്യാൻ തുടങ്ങി. പാട്ടുകൾ രൂപപ്പെട്ടു. സച്ചിൻ ബനന്തൂർ, ഫിഡൽ ഡിസൂസ എന്നിവർ ഒപ്പം ചേർന്നതോടെ  പർവാസ് എന്ന ബാൻഡിന്റെ  പൂർണ രൂപമായി. ഡ്രമ്മർ സച്ചിൻ 2010 ഡിസംബറിലാണ് ഒപ്പം ചേരുന്നത്.  ഫിഡൽ ഡിസൂസ 2012 ജനുവരിയിലാണ്  ഒപ്പം ചേരുന്നത്. പർവാസായി  മാറിയിട്ട്   ഇത് ആറുവർഷമായി. 

പാട്ടിന്റെ സൗന്ദര്യം

ഞങ്ങളുടെ നാടിന്റെ  ഭംഗിയും  കാഴ്ചകളുമാണ്  പലപ്പോഴും  പാട്ടിൽ വരുന്നത്. കാശ്മീർ മറ്റുപലർക്കും  പേടിയുള്ള  ഒരിടമാണ്. പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല. അതെപ്പോഴും  നല്ല കാഴ്ചകളുടെയും  ഓർമകളുടെയും  ഇടമാണ്. അവിടെ എല്ലാവരുടെയും  മനസിൽ സംഗീതമുണ്ട്. സൂഫി ഗാനങ്ങളും ഖവാലികളും  കേട്ടാണ് ഞങ്ങൾ വളർന്നത്. അതാണ് ഞങ്ങളുടെ പാട്ടിന്റെ  പ്രചോദനം. പലപ്പോഴും ഞങ്ങളുടെ പാട്ട് എഴുതുന്നതു കാശ്മീരിൽ വച്ചാണ്. 

കലയിൽ  അതിർത്തികളില്ല 

ഏറെ കലാകാരൻമാരുള്ള  ഇടമാണ് പാക്കിസ്ഥാൻ. പാട്ടിലും  അഭിനയത്തിലുമെല്ലാം  മികച്ച  താരങ്ങളുള്ള ഇടം. കലയെയും  രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും പ്രശ്നങ്ങളും  കലയുടെ  ലോകത്തേക്കു  കൊണ്ടുവരരുതെനനാണ്  അഭ്യർഥ. കലയെ  ബഹുമാനിക്കുമ്പോഴാണ്  നല്ല മനുഷ്യരായി  മാറുന്നത്, ഹൃദയഭംഗിയുള്ളവരാകുന്നത്. 

എന്നും രുചിയുള്ള അവിയൽ

ഞങ്ങൾ പാട്ടിന്റെ  ലോകത്ത്  എത്തിപ്പെട്ട സമയത്ത്  ഏറെ ശ്രദ്ധിച്ചിരുന്ന ബാൻഡാണ്  കേരളത്തിൽ നിന്നുള്ള അവിയൽ. അവരുടെ  പാട്ടുകൾ ഇന്നും ഞങ്ങളുടെ   ഫേവറേറ്റ്സിന്റെ  കൂട്ടത്തിലുണ്ട്. പുതിയ ബാൻഡുകളെ  ഏറെ കേൾക്കാറുണ്ട്.  കൂടുതൽ ബാൻഡുകൾ വരുന്നത് നല്ലതാണ്. നല്ല ആർട്ടിസ്റ്റുകൾ ഉണ്ടാകുന്നു, അവരുമായി  ഇടപഴകാൻ പറ്റുന്നു. നമ്മുടെ ശബ്ദം മികച്ചതാകുന്നു. ഒരു ബാൻഡ് എന്ന തലത്തിൽ  നമ്മളെ പലതരത്തിലും  അതു  സഹായിക്കും. 

പുതിയ ബാൻഡിന്റെ  പണിപ്പുരയിലാണ്  പർവാസ്. ഖലീദ്  ഒറ്റയ്ക്കു  കൊച്ചിയിൽ ചെയ്ത ഷോയ്ക്കും  ഏറെ കയ്യടി  ലഭിച്ചു. കേരളത്തിൽ തങ്ങൾക്കേറെ കേൾവിക്കാരുണ്ടെന്നു  പർവാസ്  സംഘത്തിന്റെ  വാക്കുകൾ.