‘എക്സ്ക്യൂസ് മീ... ഞങ്ങൾ അങ്ങനത്തെ ആളല്ല’

ബാലഭാസ്കർ

മുരുകൻ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയുടെ ഒരു പുത്തൻ പതിപ്പ് സംഗീതജ്ഞൻ ബാലഭാസ്കർ നേതൃúത്വം കൊടുക്കുന്ന ബാലലീല എന്ന ഗ്രൂപ്പ് പുറത്തിറക്കിയത് ശ്രദ്ധേയമായിരുന്നു. എല്ലാവർക്കും തിമിരം എന്നു തുടങ്ങുന്ന വരികളിൽ തിമിരം എന്ന വാക്കിനു പ്രാധാന്യം നൽകി തിമിരം എന്ന ടൈറ്റിലോടു കൂടിത്തന്നെയാണ് പുത്തൻ ഗാനം പുറത്തിറക്കിയത്. നിരവധി സംഗീതപ്രേമികൾ ഈ ഗാനം ആസ്വദിച്ചും ഒരു കവിതയെ റോക്ക്മ്യൂസിക്ക്പോലെ ആക്കിയതിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഒടുവിൽ ഈ സൃഷ്ടി യൂട്യൂബിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. എന്താണ് ഇതിനു പിന്നിൽ പുകയുന്ന വിവാദം എന്നറിയാൻ എല്ലാവരും ആകാംക്ഷയും കാണിച്ചു.

തിമിരം എന്ന തന്റെ സൃഷ്ടി എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നതിന് വിശദീകരണവുമായി ബാലഭാസ്ക്കർ തന്നെ രംഗത്തെത്തുകയും ചെയ്തു. കണ്ണട തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കവിതയായിരുന്നുവെന്ന് അതിനാൽ തന്നെ ആ കവിതയുടെ തന്റേതായ ഒരു പതിപ്പ് ഇറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതായും ബാലഭാസ്ക്കർ പറഞ്ഞു. ഈ ആഗ്രഹം സഫലീകരിക്കാനാണ് താൻ കവിതയെ ബാലലീലയിലൂടെ പുതിയ സംഗീതം നൽകി പുറത്തിറക്കിയതെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ നിർമ്മാണ സമയത്ത് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നെങ്കിലും ഒരു ശ്രോതാവ് എന്ന നിലയിൽ പിന്നീട് അത് കേട്ടപ്പോൾ അത്ര മികച്ച ഒരു സൃഷ്ടിയായി തനിക്ക് തോന്നിയില്ല എന്നും ബാലഭാസ്ക്കർ വ്യക്തമാക്കുന്നു.

തനിക്ക് ഇഷ്ടപ്പെടാത്ത തന്റെ സ്വന്തം സൃഷ്ടികൾ നിരവധിയുണ്ടെങ്കിലും അവയൊന്നും ഒഴിവാക്കാൻ പറ്റുന്ന ഒരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. കാരണം അതിനുപിന്നിൽ പ്രവർത്തിക്കുന്നത് നിരവധി പേരാണ്. പക്ഷേ തിമിരം തന്റെ സൃഷ്ടിയെന്നു മാത്രമല്ല തന്റെ ചാനൽ തന്നെ നിർമ്മിച്ച ഒന്നാണ്. അതിനാലാണ് ഇഷ്ടപ്പെട്ടില്ല എന്നു തോന്നിയപ്പോൾ തന്നെ അത് എല്ലായിടത്തുനിന്നും ഒഴിവാക്കിയത്.

ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചവരോടും ഇത് റോക്ക്മ്യൂസിക്കാണ് അതല്ല റാപ്പ് മ്യൂസിക്കാണ് എന്നൊക്കെ പറഞ്ഞവരോടും ബാലഭാസ്ക്കർ മറുപടി പറയുന്നുണ്ട്.. കവിതയുടെ റോക്ക് അല്ലെങ്കിൽ റാപ്പ് മ്യൂസിക്കല്ല ഞങ്ങൾ പുറത്തിറക്കിയത്. നിരവധി വലിയ കലാകാരന്മാർക്കൊപ്പം വേദിയൊക്കെ പങ്കിടുന്ന ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. അത്തരത്തിൽ ആരോപണം ഉന്നയിക്കുന്നവരോട് ‘എക്സ്ക്യൂസ് മീ ഞങ്ങൾ അങ്ങനത്തെ ആളല്ല... എന്നു മാത്രമേ പറയാനുള്ളൂ. ഈ വിഷയം വിവാദമാക്കാനോ ചർച്ചയാക്കാനോ ആഗ്രഹമില്ലെന്ന് കൂടുതൽ വർക്കുകളുമായി ഉടൻ കാണാമെന്നും ബാലഭാസ്ക്കർ വ്യക്തമാക്കി.