വിപണി മൂല്യത്തിനൊത്താണ് ഞാൻ പാട്ടുണ്ടാക്കുന്നത്

പത്താം ക്ലാസ് തോറ്റവർ അത്യപൂർവ പ്രതിഭാസമായി മാറിയ ഇത്തവണത്തെ എസ്‌എസ്‌എൽസി ഫല പ്രഖ്യാപനത്തിനു പിന്നാലെയാണു പത്താം ക്ലാസ് സുന്ദരമായി തോറ്റതിന്റെ മാർക്ക് ലിസ്‌റ്റുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ ഫെയ്‌സ്‌ബുക്കിൽ ഞെളിഞ്ഞു നിന്നത്. ‘എന്നെ കണ്ടു പഠിക്കൂ’ എന്നു ഗോപി പറഞ്ഞില്ലെങ്കിലും പഠനത്തിൽ തോറ്റു ജീവിതം പാഴായെന്നു കരുതുന്നവർക്കു കണ്ടുപഠിക്കാൻ ഏറെയുണ്ട് ഈ ന്യൂ ജനറേഷൻ സംഗീതകാരന്റെ ജീവിതത്തിൽ. കാരണം യോഗ്യതയായി പറയാൻ ഗോപി സുന്ദറിനു സ്വന്തമായുള്ളത് ഒൻപതാം ക്ലാസ് മാത്രം! പത്താം ക്ലാസ് പോലും ബാലികേറാമലയായിരുന്നു. വലിയ സംഗീത പാരമ്പര്യവുമില്ല. എന്നിട്ടും ഹിറ്റ് ഗാനങ്ങളൊരുക്കിയും നിരവധി സിനിമകളുടെ പശ്‌ചാത്തല സംഗീതമൊരുക്കിയും ഗോപി സൂപ്പർ ഹിറ്റായി. സ്വന്തമായി മ്യൂസിക് കമ്പനി തുടങ്ങി. 1983 എന്ന സിനിമയുടെ പശ്‌ചാത്തല സംഗീതത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി. പാട്ടിന്റെ തിരക്കുകൾക്കു നടുവിൽ നിൽക്കുമ്പോൾ ഇതാണു താൻ സ്വപ്‌നം കണ്ട ജീവിതമെന്നു ഗോപി പറയുന്നു. അതു തന്റെ ജീവിതത്തിലെ 18 വർഷം നീണ്ട കഷ്‌ടപ്പാടിന്റേയും വേദനകളുടേയും പ്രതിഫലമാണെന്നും.

∙ ഓലഞ്ഞാലി കുരുവി പോലെ കഴിഞ്ഞ ഹിറ്റ് ഗാനമൊരുക്കിയ സിനിമയിൽ ദേശീയ പുരസ്‌കാരം തേടിയെത്തിയതു പശ്‌ചാത്തല സംഗീതത്തിന്. പ്രതീക്ഷിച്ചതാണോ?

ഒരിക്കലുമല്ല. പ്രത്യേകിച്ചും ദേശീയ പുരസ്‌കാരം. സിനിമയുടെ ടെംപോയ്‌ക്കു ചേർന്ന പശ്‌ചാത്തല സംഗീതം എന്നാണു ദേശീയ പുരസ്‌കാര ജ്യൂറി വിലയിരുത്തിയിരിക്കുന്നത്. അത് 1983 എന്ന സിനിമയുടെ വിജയം കൂടിയാണ്. കഴിഞ്ഞ വർഷം 21 സിനിമകളിൽ ഞാൻ പ്രവർത്തിച്ചു. അതിൽ മിക്കതിലും സംഗീത സംവിധാനവും പശ്‌ചാത്തല സംഗീതവും ഒരുമിച്ചു ചെയ്യുകയായിരുന്നു. തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യം പശ്‌ചാത്തല സംഗീതം ഒരുക്കലാണ്. തിരക്കഥാകൃത്തിന്റേയും സംവിധാകന്റേയും ക്യാമറാമാന്റെയും എഡിറ്ററുടെയും ഒപ്പം ഒരു സിനിമ മുഴുവൻ മനസ്സുകൊണ്ടു സഞ്ചരിച്ചു ചെയ്യേണ്ട ജോലിയാണത്. സിനിമയുടെ കമ്മ്യൂണിക്കേഷനെ മെച്ചപ്പെടുത്തുകയാണു പശ്‌ചാത്തല സംഗീതം കൊണ്ടു ചെയ്യുന്നത്. അതു പാളിയാൽ സിനിമ തന്നെ പാളിപ്പോകാം.

∙ തുടർച്ചയായി ഹിറ്റ് ഗാനങ്ങൾ. എന്താണു ജനപ്രിയ സംഗീതത്തിന്റെ ഫോർമുല?

പാട്ട് ചെയ്യാനിരിക്കുമ്പോൾ മനസ്സുകൊണ്ടു നമ്മളും സാധാരണക്കാരനായ ആസ്വാദകനാവുക എന്ന ലളിതമായ ടെക്‌നിക്കേ അതിനുള്ളൂ. ജനങ്ങൾ ആഗ്രഹിക്കുന്നതു നൽകുക.

∙ സംഗീത സംവിധാനമാണു വഴിയെന്നു തിരിച്ചറിഞ്ഞത്?

ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ നാടകത്തിനു മൂളിക്കൊടുത്ത പാട്ടിന്റെ ഈണം പിന്നീടു സഹപാഠികൾ മൂത്രപ്പുരയിൽ വരെ മൂളുന്നതു കേട്ടപ്പോഴാണ് ആ തിരിച്ചറിവുണ്ടായത്. അക്കാലത്തു ഞാൻ തബല പഠിക്കുന്നുണ്ടായിരുന്നു. കീ ബോർഡും പഠിച്ചു. പിന്നീടു മദ്രാസ് മ്യൂസിക് കോളജിൽ വാദ്യവിശാരദ് കോഴ്‌സിനു പഠിക്കുമ്പോൾ അച്‌ഛനാണു സുഹൃത്തു കൂടിയായ സംഗീത സംവിധായകൻ ഔസേപ്പച്ചൻ സാറിന്റെ അടുത്ത് എന്നെ കൊണ്ടാക്കുന്നത്. സാറിനൊപ്പം പ്രവർത്തിച്ച 12 വർഷമാണ് എന്റെ യഥാർഥ സംഗീതപാഠങ്ങൾ. ഉദയനാണു താരത്തിൽ ഔസേപ്പച്ചൻ സാറിനൊപ്പം ജോലി ചെയ്യുമ്പോഴുള്ള പരിചയം വച്ചു സംവിധായകൻ റോഷൻ ആൻഡ്രൂസ് നോട്ട്‌ബുക്കിൽ സ്വതന്ത്ര പശ്‌ചാത്തല സംഗീതം ഒരുക്കാൻ അവസരം തന്നു. പിന്നീടാണ് ഫ്ലാഷ് എന്ന ചിത്രത്തിൽ സിബി മലയിൽ സംഗീത സംവിധാനത്തിനുള്ള അവസരം നൽകിയത്.

∙ എസ്‌എസ്‌എൽസി തോറ്റയാൾ പിന്നെങ്ങനെ മദ്രാസ് സംഗീത കോളജിൽ?

10–ാം ക്ലാസ് മാത്രമല്ല, ഏഴിലും ഒൻപതിലും ഞാൻ തോറ്റു പഠിക്കുകയായിരുന്നു. പഠനത്തിൽ തീരെ മോശം. അതേസമയം ഭാഷ വിഷയങ്ങളിൽ മോശമല്ലാത്ത മാർക്ക് നേടുകയും ചെയ്യും. ഞാൻ വിശ്വസിക്കുന്നതു മറ്റൊന്നും പഠിച്ചില്ലെങ്കിലും ഭാഷകൾ പഠിച്ചാൽ ജീവിതത്തിൽ രക്ഷപ്പെടുമെന്നാണ്.

ഒന്നു മുതൽ 10 വരെ ക്ലാസിനിടെ ഓരോ സ്‌കൂളുകാരും കയ്യൊഴിഞ്ഞ് എറണാകുളത്തെ ഒൻപത് സ്‌കൂളുകളിൽ ഞാൻ മാറി മാറി പഠിച്ചിട്ടുണ്ട്. ക്ലാസിൽ ഒന്നും പഠിക്കാത്ത കുട്ടിയായിരുന്നതിനാൽ സ്‌കൂളുകാർ കയ്യൊഴിയുകയായിരുന്നു. പുത്തൻകുരിശിനു സമീപമുള്ള സ്‌കൂളിൽ നിന്ന് എന്നെ ഗതികെട്ടു പുറത്താക്കുകയായിരുന്നു. പിന്നീടു ഞാൻ സംഗീത സംവിധായകനായപ്പോൾ അതേ സ്‌കൂളിന്റെ വാർഷികത്തിനു രണ്ടു തവണ മുഖ്യാതിഥിയായി വിളിച്ചു. പോയെങ്കിലും ഈ കഥയൊന്നും പറഞ്ഞില്ല. 10–ാം ക്ലാസ് തോറ്റതു വീട്ടുകാർക്കും വലിയ ആഘാതമൊന്നുമായിരുന്നില്ല. അതുവരെ എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു അവർക്ക്. വീണ്ടും എഴുതിയിട്ടും കാര്യമില്ലെന്ന് അറിയാമായിരുന്നതിനാൽ നിർബന്ധിച്ചില്ല.

പാട്ടായിരുന്നു അന്നും കമ്പം. അതുകൊണ്ടാണു മദ്രാസ് മ്യൂസിക് കോളജിലേക്കു പോയത്. വാദ്യവിശാരദ് കോഴ്‌സിന് എട്ടാം ക്ലാസാണു യോഗ്യത. അവിടെ പ്രവേശനത്തിനു ചെന്നപ്പോൾ തബല വായിച്ചു. സംഗീത സംബന്ധമായ ചില ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞു. അവിടുത്തെ പഠനത്തിൽ മിക്ക വിഷയങ്ങളിലും കോളജിൽ ഒന്നാം സ്‌ഥാനമായിരുന്നു. പക്ഷേ അവസാന വർഷ പരീക്ഷ എഴുതുന്നതിനു മുൻപു പഠനം അവസാനിപ്പിച്ചു. അവിടെ എന്നെ പഠിപ്പിച്ച ഒരു സാറിന്റെ വീട്ടിൽ പോകാനിടയായി. ഏറെ സംഗീത ബിരുദങ്ങളുള്ള ആളാണെങ്കിലും വീട്ടിൽ പട്ടിണി. അതുകണ്ടപ്പോഴാണു ബിരുദം കൊണ്ടൊന്നും കാര്യമില്ലെന്നു തോന്നിയതും പഠനം അവസാനിപ്പിച്ചതും. അപ്പോഴേക്കും ഔസേപ്പച്ചൻ സാറിനൊപ്പം കൂടിയിരുന്നു.

∙ പാട്ട് കോപ്പിയടിക്കുന്നതു തുറന്നു പറയാൻ ധൈര്യമുണ്ടെന്നു പറയുമ്പോഴും അതൊരു ശരിയായ രീതിയാണോ?

മറ്റൊരു പാട്ടിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ചെയ്‌തതാണ് എന്നു പറഞ്ഞൊഴിയാനൊന്നും ഞാനില്ല. കോപ്പിയടിച്ചത് അങ്ങനെ ചെയ്‌തു എന്നു തുറന്നു സമ്മതിക്കും. അതു ശരിയായ രീതിയാണെന്നു പറയുന്നില്ല. ചില താൽപര്യങ്ങളുടെയും സാഹചര്യങ്ങളുടെയും ഭാഗമായി ചെയ്യുന്നതാണ്. അതു പക്ഷെ അപൂർവമാണ്. അതല്ലാതെയുള്ള നല്ല പാട്ടുകൾ ചെയ്യുമ്പോഴും കോപ്പിയടി എന്നു പറയുന്നതിലാണു വിഷമം. പിന്നെ ഒരു പാട്ടിനെതിരെ കോപ്പിയടിച്ചെന്ന് ആരോപണം ഉയരുന്നത് ആ പാട്ടു ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടാണല്ലോ? ഇല്ലെങ്കിൽ ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുമോ.

∙ ഇനിയും കോപ്പിയടിക്കേണ്ട സാഹചര്യമുണ്ടായാൽ മടി കൂടാതെ അതു ചെയ്യും?

അങ്ങനെ സാഹചര്യമുണ്ടാവാതിരിക്കട്ടെ.

∙ താരങ്ങളെക്കൊണ്ടു പാടിക്കുന്നതു മാർക്കറ്റിങ്ങിന്റെ ഭാഗമല്ലേ?

അങ്ങനെ തന്നെയായിരുന്നു. പക്ഷേ അദ്‌ഭുതപ്പെടുത്തിയ കാര്യം ഞാൻ പാടിച്ചിട്ടുള്ള താരങ്ങളെല്ലാം, അവർ മികച്ച അഭിനേതാക്കളായതുകൊണ്ടാവാം പാട്ടിന്റെയും ഭാവം കൃത്യമായി പ്രകടിപ്പിക്കാൻ മികവുള്ളവരായിരുന്നു. പിന്നണി ഗായകരെക്കാൾ മികവ് അവർ ആ കാര്യത്തിൽ കാട്ടുന്നുണ്ട്. അവരോടാരോടും ഫീൽ വേണം എന്നു പറയേണ്ടി വന്നിട്ടില്ല. പിന്നണി ഗായകരിൽ പലരോടും അതു പറയേണ്ടി വന്നിട്ടുണ്ട്. താര ഗായകരിൽ പാടാൻ പോലും അറിയില്ലെന്നു പറഞ്ഞു വന്ന് എന്നെ ഞെട്ടിച്ചതു ദുൽഖർ സൽമാനാണ്. എബിസിഡിയിലെ ആ പാട്ട് ഹിറ്റാവുകയും ചെയ്‌തു.‘നല്ലകാലേ നല്ലബുദ്ധി’ എന്നേ അതിനെക്കുറിച്ചു പറയാനുള്ളൂ.

∙ എന്തുകൊണ്ടാണു കൂടുതലും പുതിയഗായകരെ അവതരിപ്പിക്കുന്നത്?

യേശുദാസിനേയും ചിത്രയേയും സുജാതയേയും കൊണ്ട് ഒരു പാട്ടെങ്കിലും പാടിക്കുക എന്നത് എന്റെയും സ്വപ്‌നമാണ്. പക്ഷേ ഇതുവരെ ചെയ്യാത്തത് അവരോടുള്ള ആദരവും ആരാധനയും ചെറുപ്പം മുതൽ മനസ്സു നിറയെ ഉള്ളതുകൊണ്ടാണ്. അവർക്കു പാടാൻ പറ്റിയ മികച്ച ഗാനം ഇതുവരെ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു പാട്ട് ചെയ്‌ത് അവരെക്കൊണ്ടു പാടിക്കാനാവില്ല. അതൊരു ഹിറ്റായിരിക്കണം. പി. ജയചന്ദ്രനും വാണി ജയറാമിനും യോജിച്ച ഒരു പാട്ട് ഒത്തുവന്നപ്പോളാണ് ഓലഞ്ഞാലിക്കുരുവി അവരെക്കൊണ്ടു പാടിച്ചത്. ഇനിയൊരു അതിമനോഹരമായ ഗാനം ഒരുങ്ങുന്നുവെങ്കിൽ ദാസ് സാറിനെക്കൊണ്ടു പാടിക്കണമെന്നുണ്ട്.

∙ സ്വന്തം ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്?

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളല്ല ഞാൻ ഒരുക്കുന്നത് എന്നതാണു സത്യം. സ്വന്തം ഇഷ്‌ടങ്ങൾ മാറ്റിവച്ചു മാർക്കറ്റിന് അനുസരിച്ചുള്ള പാട്ടുകളാണ് ഒരുക്കുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് ഒരുപക്ഷേ മറ്റാരും കേൾക്കണമെന്നുമില്ല.

ഞാൻ കേൾക്കാനിഷ്ടപ്പെടുന്ന ഗാനങ്ങൾ

∙ താനെ തിരിഞ്ഞും മറിഞ്ഞു...

∙ മോഹം കൊണ്ടു ഞാൻ...

∙ ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം...

∙ സുഖമോ ദേവി...

∙ തേനു വയമ്പും...

∙ കാതോടു കാതോരം...

∙ നീയെൻ സർഗ സൗന്ദര്യമേ...

∙ മിഴിയോരം നനഞ്ഞൊഴുകും...

∙ ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം...

∙ തുമ്പി വാ തുമ്പക്കുടത്തിൽ...