വേദസംഗീതം

ഗുണ്ടെച്ച ബ്രദേഴ്സ്

ദ്രുപദ് – എല്ലാ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഉറവിടം. സൗഖ്യം നൽകുന്ന സംഗീതം എന്ന കേട്ടറിവ് നേരറിവാകുന്നതു കണ്ണുംപൂട്ടിയിരുന്ന് ദ്രുപദ് കേൾക്കുമ്പോഴാണ്. ഗായകന്റെ നാഭിയിൽനിന്ന് ആരംഭിക്കുന്ന സ്വരം കേൾവിക്കാരന്റെ രോമകൂപത്തെപ്പോലും വിറപ്പിക്കുന്നു, സ്മൃതികളെ മറയ്ക്കുന്നു, ശാരീരികാസ്വസ്ഥതകളെ അതിജീവിക്കുന്നു.

ഏതോ ഘട്ടത്തിൽ ആസ്വാദകൻ സംഗീതമായി മാറുകയും ഏതോ ആത്മീയാനുഭൂതിയുടെ തലങ്ങളിലൂടെ അപ്പൂപ്പൻതാടിയായി പറന്നുപോവുകയും ചെയ്യുന്നു. ഈ താള് നിറയെ എഴുതിയാലും പകരാൻ കഴിയാത്ത ആ അനുഭൂതി അനുഭവിച്ചറിയാത്തവർ യൂട്യൂബിൽനിന്നു ഹെഡ്ഫോണിലൂടെ ദ്രുപദ് അറിയുകയേ വേണ്ടൂ!.

ആദിനാദമായ ഓംകാരത്തിൽനിന്ന് രൂപമെടുത്ത ദ്രുപദിന്റെ ആരംഭം സാമവേദത്തിൽ. ദിവസം 12 മണിക്കൂർ വീതം നാലു വർഷം നീണ്ട പരിശീലനത്തിലൂടെ മാത്രം അൽപമൊക്കെ സ്വായത്തമാക്കാവുന്ന ഈ സംഗീതരൂപം ഇന്ത്യയിലെ രാജകൊട്ടാരങ്ങളോടനുബന്ധിച്ചാണു നിലനിന്നിരുന്നത്. മറ്റൊരു തരത്തിൽ, കൊട്ടാരസൗഭാഗ്യങ്ങളുടെ ലാഭേച്ഛയില്ലാത്ത പിന്തുണ ദ്രുപദിന്റെ നിലനിൽപിന് ആവശ്യവുമായിരുന്നു.

രാജഭരണം ക്ഷയിച്ച 19–ാം നൂറ്റാണ്ടിൽത്തന്നെ ദ്രുപദും മാഞ്ഞു തുടങ്ങി. ഖയാൽ, ഗസൽ, ഭജൻ തുടങ്ങി ദ്രുപദിൽനിന്നു രൂപമെടുത്ത, അഭ്യസിക്കാനും ആസ്വദിക്കാനും എളുപ്പമായ സംഗീതരൂപങ്ങൾ ജനകീയമായി. ഗുരുകുല സമ്പ്രദായത്തിൽ മാത്രമേ പഠിക്കാൻ കഴിയൂ എന്ന പരിമിതിയും ദ്രുപദിനു വിനയായി.

രോഗസൗഖ്യത്തിനും യോഗയ്ക്കും ധ്യാനത്തിനും ഉപയോഗിക്കാവുന്ന അദ്ഭുത സംഗീതമായി ലോകമെങ്ങും ഇന്നു ദ്രുപദ് അറിയപ്പെടുന്നു. യുഎസിലെ വാഷിങ്ടൺ ഡിസിയിൽ ഒരു ദ്രുപദ് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പ്രവർത്തിക്കുന്നു.

നഷ്ടപ്പെട്ടു പോകുമായിരുന്ന ഈ സംഗീത രൂപത്തിനു പുനർജനി ലഭിച്ചത് 20–ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. അതുവരെ ഈ തിരി കെടാതെ സൂക്ഷിച്ചതു ദാഗർ കുടുംബമാണ്. ഏതാനും തലമുറമുൻപ് ഹിന്ദുമതത്തിൽനിന്ന് ഇസ്‌ലാമിലേക്കു വിശ്വാസം മാറിയപ്പോൾ തങ്ങളുടെ പ്രൗഢമായ സംഗീതപാരമ്പര്യം ദാഗർ കുടുംബം ഒപ്പം കൂട്ടി. ‘ദാഗർ ബ്രദേഴ്സ്’ എന്നറിയപ്പെടുന്ന സിയ ഫരിദുദ്ദീന്റെയും സിയ മൊഹിയുദ്ദീന്റെയും ശിഷ്യരായ ‘ഗുണ്ടെച്ച ബ്രദേഴ്സ്’ ആണ് ഇന്നു രാജ്യത്തെ ഏറ്റവും വലിയ ദ്രുപദ് ഗായകർ. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശികളായ ‘ഗുണ്ടെച്ച ബ്രദേഴ്സ്’ ഈയിടെ കേരളത്തിലുമെത്തി. പത്മശ്രീയും ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഉമാകാന്തും രമാകാന്തും. പയ്യന്നൂർ പോത്താങ്കണ്ടം ആനന്ദഭവനത്തിലെ തുരീയം സംഗീതോൽസവത്തിന്റെ സമാപനത്തിൽ പങ്കെടുക്കാനെത്തിയ ഇവർ ‘മനോരമ’യോടു സംസാരിച്ചു.

ഗുണ്ടെച്ച ബ്രദേഴ്സ് എന്നറിയപ്പെടുന്ന രമാ കാന്തും ഉമാ കാന്തും അനുജൻ അഖിലേഷും പയ്യന്നൂരിലെ കവ്വായി കായൽത്തീരത്ത്. ചിത്രം: എം.ടി. വിധുരാജ്

കേരളവുമായുള്ള ബന്ധം?

∙കുറേവർഷം മുൻപ് തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിൽ ദ്രുപദ് അവതരിപ്പിക്കാൻ വന്നു. അതായിരുന്നു കേരളത്തിലേക്കുള്ള ആദ്യ വരവ്. പിന്നീട് ഒന്നു രണ്ടു പരിപാടികൾക്കുകൂടി വന്നു. ഞങ്ങൾ ഇന്ത്യയിൽ യാത്രചെയ്തിട്ടുള്ളതിൽ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള സ്ഥലം കേരളമാണ്. ഇതു നിങ്ങളെ സന്തോഷിപ്പിക്കാൻ പറയുന്നതല്ല.

35 വിദേശരാജ്യങ്ങളിൽ ഞങ്ങൾ ദ്രുപദ് അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെയത്ര സൗന്ദര്യമുള്ള ഒരിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ വരുന്നതിനു മുൻപേ മലയാള സിനിമകളിലൂടെ ഈ ദേശത്തെ ഞങ്ങൾക്കറിയാം. അരവിന്ദന്റെ സിനിമകൾ എത്ര മനോഹരമാണ്. അദ്ദേഹത്തിന്റെ ഉള്ളിൽ സംഗീതമുണ്ട്. അത് ആ സിനിമകളിൽ കാണാം. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും ആകർഷിച്ചത് ‘തമ്പ്’ ആണ്. ആ ചിത്രം മുഴുവൻ മ്യൂസിക്കലാണ്. അരവിന്ദനെ വേണ്ടവിധം നമ്മുടെ രാജ്യം മനസ്സിലാക്കിയിട്ടില്ലെന്നാണു തോന്നുന്നത്.

ദ്രുപദ് ഇൻസ്റ്റിറ്റ്യൂട്ടിനെപ്പറ്റി?

∙ ഞങ്ങൾ ഒരുപാടു കഷ്ടപ്പെട്ടാണ് ഇതു പഠിച്ചത്. കൃത്യമായ പാഠശാലകളോ പാഠങ്ങളോ ഇല്ലായിരുന്നു. അടുത്ത തലമുറയ്ക്ക് ഈ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന നിർബന്ധത്തിലാണ് ഭോപ്പാലിൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. രാജ്യത്തിന്റ വിവിധഭാഗങ്ങളിലെ 40 കുട്ടികളുള്ള ഡിഗ്രി കോഴ്സാണ് അവിടെ നടത്തുന്നത്. ഓരോ വർഷവും പത്തുപേർക്കേ പ്രവേശനമുള്ളൂ. പൂർണമായും ഗുരുകുല സമ്പ്രദായത്തിലാണ് അധ്യയനം. ഒരു മലയാളിയും ഉണ്ട്. പേര് മോഹനൻ. ചുരുങ്ങിയ കാലംകൊണ്ടു യുനെസ്കോയുടെ അംഗീകാരം നേടാനും വിദ്യാർഥികൾക്കല്ലാം സ്കോളർഷിപ് നേടാനും സാധിച്ചു.

ദേശീയ ചലച്ചിത്ര അവാർഡ് നേട്ടം?

∙ അതു യാദൃശ്ചികമായി വന്നതാണ്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ ഏറ്റവും മികച്ച സംഗീതത്തിനാണ് ഞങ്ങൾക്ക് 2006ലെ പുരസ്കാരം ലഭിച്ചത്. ‘രാഗാ ഓഫ് റിവർ നർമദ’ ആയിരുന്നു ഫിലിം. എൻഎഫ്ഡിസി ആണ് നിർമാണം. നർമദ നദിയുടെ കഥപറയുന്ന സിനിമ. പുഴയ്ക്ക് ഒരു താളമുണ്ട്. അത് അടിസ്ഥാനമാക്കിയാണു സംഗീതം ചെയ്തത്. അവാർഡ് പ്രതീക്ഷിച്ചേയില്ല. ഏൽപിച്ച കാര്യം ഭംഗിയാക്കി ചെയ്യണം എന്നേ കരുതിയുള്ളൂ.

വെല്ലുവിളികൾ?

∙ ഇടക്കാലത്ത് ദ്രുപദ് സംഗീതം തീർത്തും ഉപേക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ട് നഷ്ടപ്രതാപം വീണ്ടെടുക്കാൻ നല്ല അധ്വാനം ആവശ്യമാണ്. സ്റ്റേജിൽ നടക്കുന്ന മറ്റു സംഗീത പരിപാടികളെ അപേക്ഷിച്ച് ഇതിൽ ആകർഷണീയത കുറവാണ്. കാരണം ദ്രുപദ് ആലപിക്കുന്നതിനിടെ സ്റ്റേജിൽ വലിയ ചലനങ്ങളൊന്നുമില്ല. ദ്രുപദിന്റെ ആദ്യഭാഗത്തു രാഗവിസ്താരമാണ്. ഈ സമയം ചിലർക്കു താൽപര്യശോഷണം വരാം. മാത്രമല്ല, ഇത് ആസ്വാദകന്റെ വലിയ ഏകാഗ്രത ആവശ്യപ്പെടുന്ന സംഗീതമാണ്. ദൗർഭാഗ്യവശാൽ ഒട്ടും ക്ലേശിക്കാൻ താൽപര്യമില്ലാത്തവരാണു പുതിയ തലമുറ.

ഇവിടുള്ളവരെക്കാൾ ദ്രുപദിന്റെ ശക്തി മനസ്സിലാക്കിയിട്ടുള്ളത് വിദേശികളാണ്. പല രാജ്യത്തും അതിഗംഭീരമായി ദ്രുപദ് പ്രകടനം നടക്കുന്നുണ്ട്. ഇതിന്റെ ആത്മീയ രോഗമുക്തിശേഷികളിൽ വിദേശികൾക്കു വളരെയേറെ ബോധ്യമുണ്ട്. സത്യത്തിൽ ലോകത്ത് ലഭ്യതയെക്കാൾ ആവശ്യകത ഇപ്പോൾ ദ്രുപദിനുണ്ട്. അൻപതിലേറെ ആൽബങ്ങൾ ഞങ്ങൾ മാത്രം ഇറക്കിക്കഴിഞ്ഞു. ഞങ്ങളെക്കൂടാതെ വിരലിലെണ്ണാവുന്ന ചിലർകൂടി ഈ മേഖലയിലുണ്ട്. അവർക്കും വലിയ തിരക്കാണ്. ഞങ്ങൾതന്നെ ഇപ്പോ‍ൾ രണ്ടായിരം വേദികൾ പിന്നിട്ടു കഴിഞ്ഞു.

രോഗസൗഖ്യ ശേഷി?

∙ ഇത് ആത്മാവിനും ആരാധനയ്ക്കുമുള്ള സംഗീതമാണ്. കേവലമായ ഉല്ലാസം ഇതിന്റെ ലക്ഷ്യമേയല്ല. ആത്മവിശുദ്ധീകരണത്തോളം തന്നെ ശാരീരിക സ്വാസ്ഥ്യത്തിനും ഫലപ്രദമാണ്. ചികിൽസാമേഖലയിൽ ഇപ്പോൾത്തന്നെ പ്രസിദ്ധമാണ്. ദ്രുപദാണ് എന്ന് ഉപയോഗിക്കുന്നവർ അറിയുന്നില്ല എന്നേയുള്ളൂ. രോഗശാന്തിക്കുള്ള യോഗ ചെയ്യാനായി ഉപകരണ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദ്രുപദിലാണ്. ഹരിപ്രസാദ് ചൗരസ്യയുടെയും പണ്ഡിറ്റ് രവിശങ്കറിന്റെയുമൊക്കെ സംഗീതം നാദ യോഗയ്ക്കു വ്യാപകമായി ഉപയോഗിക്കുന്നു. അവയിൽ പലതും ദ്രുപദ് വാദനങ്ങളാണ്.

മാർഗി, ദേശി എന്നീ രണ്ടുതരം സംഗീതമുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ മാർഗി ഉന്നതമായ ആത്മീയ നിലവാരം ലക്ഷ്യമിടുന്നതും ദേശി നിത്യജീവിതത്തിന്റെ പാട്ടുമാണ്. നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കേവല സന്തോഷത്തിൽനിന്ന് എങ്ങനെ പരമാനന്ദത്തിലേക്കു നയിക്കാമെന്നാണു ദ്രുപദ് കാണിച്ചുതരുന്നത്. ചിന്താഭരിതനായ മനുഷ്യനെ ചിന്താരഹിതനായി രൂപാന്തരീകരണം നടത്തുകയാണ്. ഇത് ആലപിക്കുന്ന ഞങ്ങളും ഇതേ പ്രക്രിയയ്ക്കു വിധേയരാകുന്നുണ്ട്.

(തംബുരു, പഖാവാജ് എന്നീ രണ്ട് സംഗീതോപകരണങ്ങൾ മാത്രമാണു ദ്രുപദിൽ ഉപയോഗിക്കുന്നത്. ഉമാകാന്തിന്റെയും രമാകാന്തിന്റെയും അനുജനായ അഖിലേഷാണ് എല്ലാ വേദികളിലും പഖാവാജ് വായിക്കുന്നത്.)