എംജീസ് ബാൻഡ് ഉടൻ പ്രതീക്ഷിക്കാം

കഴിഞ്ഞ മുപ്പത്തിരണ്ട് വർഷമായി ഈ ശബ്ദം മലയാളിയുടെ കൂടെയുണ്ട്. ഗാന ഗന്ധർവ്വൻ യേശുദാസും, ഭാവ ഗായകൻ പി ജയചന്ദ്രനുമെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് കുസൃതി നിറഞ്ഞ ശബ്ദവുമായി ഈ ചെറുപ്പക്കാരൻ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ഈറൻമേഘവും, കണ്ണീർ പൂവും, ചാന്ത് പൊട്ടുമെല്ലാം അനശ്വരമാക്കിയ ഈ ശബ്ദ സൗകുമാര്യത്തിനുടമ എംജി ശ്രീകുമാർ മനസുതുറക്കുന്നു.

സിനിമയിൽ പാടണമെന്നോ, പാട്ടുകാരനാകണമെന്നോ വിചാരിച്ചിട്ടില്ല

പാട്ട് ചെറുപ്പംമുതൽക്കേ കൂടെയുണ്ടെങ്കിലും സിനിമയിൽ പാടണമെന്നോ, വലിയ പാട്ടുകാരനാകണമെന്നോ ആഗ്രഹവമുണ്ടായിരുന്നില്ല. യാദൃശ്ചികമായി സംഗീതത്തിലേക്ക് എത്തിപ്പെട്ടതാണ്. ചേട്ടനും ചേച്ചിയും സംഗീതത്തിന്റെ വഴിയേ സഞ്ചരിക്കുന്നവർ, അതുകൊണ്ട് തന്നെ താൻ സംഗീതം പ്രൊഫഷനാക്കുന്നതിനോട് വലിയ താൽപര്യമൊന്നും വീട്ടുകാർക്കുമുണ്ടായിരുന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോൾ കൂട്ടുകാരായ പ്രിയദർശനും സുരേഷ് കുമാറും സിനിമ ലോകത്തായി. അവരുടെ കൂടെ കൂടിയാണ് സിനിമയെന്ന മായികലോകത്തെത്തിയത്. ചേട്ടൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിക്കാൻ പോകുമായിരുന്നു, പിന്നീട് ഗാനമേളകളിൽ പാടി അങ്ങനെ സിനിമയിൽ പാടാൻ അവസരം കിട്ടി, വളരെ യാന്ത്രികമായി എത്തിപ്പെട്ടതാണ് സിനിമയിൽ.

ആദ്യ പ്രതിഫലം ഒരു വെള്ളിരൂപ

നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിൽ കെ എസ് ചിത്ര, അരുദ്ധതി എന്നിവരുടെ കൂടെ രണ്ട് വരികൾ പാടിയിട്ടുണ്ടെങ്കിലും ആദ്യത്തെ ഗാനം സുരേഷ് കുമാർ നിർമ്മിച്ച കൂലിയിലെ വെള്ളിക്കൊലുസ്സോടെ എന്നതായിരുന്നു. ആ ഗാനത്തിന് ലഭിച്ച ആദ്യ പ്രതിഫലം ഒരു വെള്ളിരൂപയാണ്.

സംഗീതത്തിന് വേണ്ടി ബാങ്ക് ഉദ്യോഗം ഉപേക്ഷിച്ചു

ബികോം പഠനത്തിന് ശേഷം ലിബിയയിൽ ജൂനിയർ അക്കൗണ്ടന്റായി ജോലിക്കുപോയി. അതിനുശേഷമാണ് എസിബിടിയിൽ ജോലി ലഭിക്കുന്നത്. മുണ്ടക്കയത്തായിരുന്നു ആദ്യ നിയമനം പിന്നീട് കായംകുളം, തിരുവനന്തപുരം ഹെഡ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ആറ് വർഷം എസിബിടിയിൽ ജോലി ചെയ്തതിന് ശേഷം സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു.

സംഗീതം ജന്മനാ ലഭിച്ച വരദാനം

സംഗീതപാരമ്പര്യമുള്ളൊരു കുടുംബത്തിൽ നിന്ന് ജന്മനാലഭിച്ചൊരു വരദാനമാണെനിക്ക് സംഗീതം. മനോഹരമായതെന്തും സംഗീതത്തിന്റെ കണ്ണിലൂടെ കാണാനാണ് ശ്രമിക്കാറ്. ഒരു ഗായകനെ സംബന്ധിച്ചിടത്തോളം അപ്രകാരമൊരു ജ്ഞാനമാണ് വേണ്ടത്. അത് ജന്മനാ ലഭിക്കുന്നൊരു വാസനയാണ്. ജ്ഞാനമുണ്ടെങ്കിൽ മാത്രമേ പാട്ടിന് ഭാവം വരൂ. സംഗീതം ജന്മനാ ലഭിച്ചതുകൊണ്ടാണ് ജോലികളെല്ലാം ഉപേക്ഷിച്ച് സംഗീതം തന്റെ വഴിയായി സ്വീകരിച്ചത്.

പ്രിയനും സുരേഷും എന്നിലെ പിന്നണി ഗായകന്റെ പ്രചോദനം

സംഗീതമല്ലാതൊരു പ്രൊഫഷൻ സ്വീകരിക്കണം എന്നതായിരുന്നു എന്റെ വീട്ടുകാരുടെ ആഗ്രഹം. സഹോദരൻ എംജി രാധാകൃഷ്ണനാണ് എന്നിലെ സംഗീതജ്ഞനെ വളർത്തിയത്. പതിനാല് വർഷത്തോളം ചേട്ടനോടൊപ്പം സംഗീതകച്ചേരികൾ അവതരിപ്പിച്ചു. എന്നാൽ എന്നിലെ പിന്നണി ഗായകന്റെ ജനനത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രിയദർശനും സുരേഷ് കുമാറുമാണ്. ഇവരുമായുള്ള ചങ്ങാത്തമാണ് എന്നെ സിനിമയിലെത്തിച്ചത്.

സംഗീതസംവിധാനത്തിൽ നിന്ന് അഭിനയത്തിലേയ്ക്ക്

എന്റെ സത്യാന്വേഷണ പരീക്ഷകൾ എന്ന ചിത്രത്തിന്റെ സംഗീതം ചെയ്യാനാണ് ആദ്യം ക്ഷണിച്ചത്. എന്നാൽ അതിന്റെ നിർമ്മാതാക്കൾ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചു. ഒരു സ്വാമിയുടെ വേഷമാണ് ആദ്യമായി ചെയ്തത്. തുടക്കത്തിൽ ചെറിയൊരു വേഷമായിരിന്നെങ്കിലും പിന്നീട് കൂടുതൽ സീനുകൾ ഉൾപ്പെടുത്തുകയായിരുന്നു. പ്രദീപ് രംഗന്റെ മേക്കപ്പ് മികച്ചതായിരുന്നു. പിന്നീട് ആ ക്യാരക്റ്ററായി മാറുകയായിരുന്നു. നന്നായി അഭിനയിച്ചു എന്നാണ് കരുതുന്നത്. സംവിധായകനും ചിത്രത്തിന്റെ അണിയറപ്രവർത്തകരും മികച്ച പിന്തുണയാണ് നൽകിയത്. ചിത്രം റിലീസായിട്ടില്ല.

ഇപ്പോഴത്തെ പാട്ടുകൾ കേൾക്കുമ്പോൾ അവസരങ്ങൾ കുറഞ്ഞതിൽ സന്തോഷിക്കുന്നു

പുതിയ ഒരുപാട് ഗായകർ വന്നുപോകുന്നുണ്ട്, അതുകൊണ്ട് തന്നെ ഞങ്ങളെപ്പോലുള്ളവരുടെ അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. ചിലപ്പോൾ വർഷത്തിൽ നാലോ അഞ്ചോ പാട്ടുകളാണ് പാടാറ്. ഇന്നത്തെ പാട്ടുകൾ കേൾക്കുമ്പോൾ അവസരങ്ങൾ കുറഞ്ഞതിൽ വലിയ നഷ്ടം തോന്നാറില്ല. ഇപ്പോഴത്തെ പാട്ടുകൾ പാടിയാൽ പിന്നണി ഗായകനാണെന്ന് പറയാം എന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. പുതിയ തലമുറയിൽ മികച്ച ഗായകർ വിരലിലെണ്ണാവുന്നവരേയുള്ളു. കേട്ട് മറക്കുന്ന പാട്ടുകളാണിപ്പോൾ, ഓർത്തിരിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്ന പാട്ടുകൾ വളരെ കുറവാണ്.

പഴയ കാലഘട്ടത്തിൽ പാടാൻ കഴിഞ്ഞത് ഭാഗ്യം

എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഗായകനായത് ഭാഗ്യമാണ്, കാരണം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. ഞാൻ പാടിയിട്ടുള്ള 4500 ലധികം ഗാനങ്ങളിൽ ഇന്നും ഓർത്തിരിക്കുന്ന നിരവധി പാട്ടുകളുണ്ടെന്നത് വലിയ ഭാഗ്യം തന്നെയാണ്. പുതിയ സംഗീത സംവിധായകരുണ്ടാക്കുന്ന ബഹളമയമായ പാട്ടുകൾ പാടിയിട്ടൊന്നും നേടാനില്ല.

ബാൻഡുകൾ പഴയ പാട്ടുകൾകൊണ്ടാണ് നിലനിൽക്കുന്നത്

ഇപ്പോഴുള്ള മ്യൂസിക് ബാൻഡുകൾ പഴയപാട്ടിന്റെ അടിസ്ഥാനത്തിൽ പിടിച്ചു നിൽക്കുന്നവയാണ്. മന്ദാരചെപ്പുണ്ടോ, പച്ചക്കറിക്കായ തട്ടിൽ ഇവയെല്ലാം ബാൻഡുകൾ പാടുമ്പോൾ ഹിറ്റാകുന്നത് ആ പാട്ടുകളുടെ സംഗീതമികവുകൊണ്ട് മാത്രമാണ്.

എംജീസ് ബാൻഡ് ഉടൻ പ്രതീക്ഷിക്കാം

കഴിഞ്ഞ തവണ അമേരിക്കയിൽ ചെന്നപ്പോൾ അവിടുത്തെ എന്റെ ഓർക്കസ്ട്ര ഒരു ബാൻഡ് തുടങ്ങുക എന്ന പ്രെപ്പോസലുമായി വന്നു. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനം. എംജീസ് എന്നായിരിക്കും ബാൻഡിന്റെ പേര്. ഇന്ന് നാം കാണുന്ന ബാൻഡുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും തന്റെ ബാൻഡ്. ക്ലാസിക്കൽ ബേസിലുള്ളൊരു ബാൻഡാണ് ഉദ്ദേശിക്കുന്നത്, എന്നാൽ മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ എല്ലാ തരത്തിലുമുള്ള പാട്ടുകളും ബാൻഡിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കും. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ല കാത്തിരിക്കുക.

ഞാൻ പാടണമെന്ന് ഇതുവരെ മോഹൻലാൽ ആവശ്യപ്പെട്ടിട്ടില്ല

ഞാൻ പാടിയ പാട്ടുകളിൽ അധികം മോഹൻലാലിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ സിനിമയില് ഞാൻ പാടണം എന്ന മോഹൻലാൽ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പ്രിയദർശന്റെ ചിത്രങ്ങളിൽ പാടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ എംജി ശ്രീകുമാർ കോമ്പിനേഷൻ ഒരു ഭാഗ്യമാണ് കാണുന്നത്. അതുപോലെ തന്നെ കോമ്പിനേഷനുകൾ ആവശ്യമാണ്. ശരിക്കും മമ്മൂട്ടി പോലെ ഗാംഭീര്യമുള്ളൊരു നടന് യേശുദാസിന്റെ ശബ്ദം മാത്രമേ ചേരൂവെന്നാണ് ഞാൻ കരുതുന്നത്. നേരത്തെ മോഹൻലാൽ – എംജിശ്രീകുമാർ, പ്രേം നസീർ – യേശുദാസ്, മമ്മൂട്ടി – യേശുദാസ് എന്നിങ്ങനെ വ്യത്യസ്ത കോമ്പിനേഷനുകളുണ്ടായിരുന്നെങ്കിലും ഇപ്പോളതില്ല, എല്ലാവരും എല്ലാവർക്കും വേണ്ടി പാടാൻ തുടങ്ങി.

ഹിസ്ഹൈനസ് അബ്ദുള്ളയിലെ ഗോപികാവസന്തം പാടാൻ ആഗ്രഹം

ഹിസ്ഹൈനസ് അബ്ദുള്ളയിലെ എല്ലാ ഗാനങ്ങളും പാടാൻ നിശ്ചയിച്ചിരുന്നത് എന്നെയായിരുന്നു. എന്നാൽ ചില സാങ്കേതികകാരണങ്ങളാൽ നാദരൂപിണി... മാത്രമേ പാടാൻ അവസരം കിട്ടിയുള്ളൂ ഭാഗ്യവശാൽ ആ ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. എന്നാൽ അതിലെ ഗോപികാവസന്തം എന്ന ഗാനം ഞാൻ പഠിച്ച് പാടാനെത്തിയതാണ് പക്ഷേ അവസരം ലഭിച്ചില്ല. ആ പാട്ട് വളരെയധികം ഇഷ്ടമാണ്.

നെടുമുടി വേണുവിന്റെ തിരക്കഥയിൽ ഒരു പടം

നെടുമുടി വേണുവിന്റെ തിരക്കഥയിൽ സംഗീതപ്രാധാന്യമുള്ളൊരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട് അതിൽ ഞാൻ പ്രാധാന്യമുള്ളൊരു വേഷം ചെയ്യുന്നുണ്ട്. നല്ല അവസരങ്ങൾ വരുകയാണെങ്കിൽ ഇനിയും അഭിനയിക്കും. അഭിനയം മാത്രമല്ല അർധനാരി എന്നൊരു ചിത്രം നിർമ്മിച്ചു. അടുത്തതൊരു തമിഴ് ചിത്രമാണ് നിർമ്മിക്കുന്നത് അതിനു ശേഷം ഒരു മലയാളചിത്രം കൂടി പരിഗണനയിലുണ്ട്.

സംഗീത സംവിധാനം കുറച്ചു

ഗാനമേള, ടിവി ഷോകൾ, യാത്രകൾ ഇതിനിടക്ക് സിനിമകൾക്ക് സംഗീതം നൽകുക എന്നത് വളരെ ശ്രമകരമാണ്. അതുകൊണ്ടുതന്നെ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിക്കുന്നത് വളരെ കുറവാണ്.

തന്റേതായ വഴിയിലൂടെ സഞ്ചരിച്ച ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി വന്ന് മലയാള സംഗീതവേദിയിൽ സ്വന്തം സ്ഥാനം കണ്ടെത്തിയ എംജി പാടിയ ഗാനങ്ങൾ മാത്രം മതി അദ്ദേഹത്തെ മലയാളസിനിമാസംഗീത ചരിത്രത്തിന്റെ ഭാഗമാക്കി നിലനിർത്താൻ...