വാക്കായ്, ഇൗണമായ്, ഒഴുകീ താഴ്‌വരയോരം

ഷൈല തോമസ്

എത്രകേട്ടാലും മതിവരാത്തത്ര മനോഹരിയാണ് മെലഡിയിൽ പൊതിഞ്ഞ പാട്ടുകൾ. ഒരു വേനൽമഴകണക്കെ അവ നമ്മുടെ മനസിന് കുളിർമയേകും. മെലഡിയുടെ മനോഹാരിതയും സുജാത മോഹന്റെ ഭാവം തുളുമ്പുന്ന ആലാപനവും കൊണ്ട് മനോഹരമായ ഗാനമാണ് മായുമീ താഴ്‌വരയോരം. ഹൃദയസ്പർശിയായ ആ ഗാനം രചിച്ച ഷൈല തോമസിന്റെ വാക്കുകളിലൂടെ...

ആദ്യസംരംഭം

കവിതകൾ എഴുതുമായിരുന്നെങ്കിലും ഇതുവരെയൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. മനോരമയുടെ ബാലജനസഖ്യത്തിലെ സംസ്ഥാന പ്രസിഡന്റായിരുന്നു. ജേർണലിസമായിരുന്നു പഠനവിഷയും. യേശുദാസ്, ഇഎംഎസ് എന്നിവരുടെ അഭിമുഖമൊക്കെ എഴുതിയിട്ടുണ്ടെന്നല്ലാതെ എഴുത്തുമായി അത്രവലിയ ബന്ധമൊന്നുമില്ലായിരുന്നു. പത്ത് വർഷം മുമ്പ് ഞാനെഴുതിയ ഒരു ക്രിസ്തീയ ഭക്തിഗാനം ബിനോയ് ചാക്കോ ചിട്ടപ്പെടുത്തി പാടിയിട്ടുണ്ടെങ്കിലും റിക്കോർഡ് ചെയ്തിരുന്നില്ല. നടി സുരഭി ലക്ഷ്മിയാണ് എന്റെ കവിത വായിച്ചിട്ട് ആൽബമാക്കി പുറത്തിറക്കാം എന്ന ആശയം തന്നത്. സുരഭി തന്നെയാണ് സംഗീതസംവിധായകനേയും ആൽബത്തിന്റെ അണിയറ പ്രവർത്തകരേയുമെല്ലാം കണ്ടെത്താൻ സഹായിച്ചതും.

ട്രാൻഡംസ് മീഡിയ പ്രൊഡക്ഷൻ

ഭർത്താവ് സംഗീത്തോട് വളരെയധികം താൽപര്യമുള്ള ആളാണ്. അതുകൊണ്ട് തന്നെ സംഗീത ആൽബം എന്നൊരു ആശയം വന്നപ്പോൾ നിർമ്മാതാവിനെ അന്വേഷിച്ചു ബുദ്ധിമുട്ടെണ്ടെന്നും അദ്ദേഹം തന്നെ നിർമ്മിക്കാമെന്നു പറഞ്ഞു അങ്ങനെയാണ് ട്രാൻഡംസ് മീഡിയ എന്ന സ്വന്തം കമ്പനി ആൽബം നിർമ്മിക്കുന്നത്.

ആറ് ഗാനങ്ങളും ഒരു കവിതയും

ആൽബമായി തന്നെ പുറത്തിറക്കാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് ഓരോ ഗാനങ്ങളായി പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ആദ്യ ഗാനം പുറത്തിറക്കിയത്. എല്ലാ ഗാനങ്ങളും പുറത്തിറക്കാൻ സജ്ജമാണെങ്കിലും ഘട്ടം ഘട്ടമായേ പുറത്തിറക്കുന്നുള്ളു. വേണുഗോപാൽ, സുദീപ് കുമാർ, ഗായത്രി, സച്ചിൻ വാര്യർ, അൽക്ക അജിത്ത്, അനഘ, സംഗീത് തുടങ്ങിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സംഗീതും രമേശ് കൃഷ്ണയും ഗാനത്തിന് ഈണം പകർന്നിരിക്കുന്നു. എല്ലാ ഗാനത്തിനും വരികൾ എഴുതിയിരിക്കുന്നത് ഞാൻ തന്നെയാണ്.

സിനിമയിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്

ഹോട്ടൽ കാലിഫോർണിയ, ഞാനും എന്റെ ഫാമിലിയും തുടങ്ങിയ ചിത്രങ്ങളിലും ഇന്ദുലേഖ, കരിക്കിനേത്ത് സിൽക്‌സ്, സലിം അസോസിയേറ്റ് ബിൽഡേഴ്‌സ് തുടങ്ങി കുറച്ച് പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

എല്ലാ പിന്തുണയും നൽകുന്ന കുടുംബം

സംഗീത പ്രേമിയായ ഭർത്താവ് ടോമി വർഗീസാണ് എല്ലാകാര്യങ്ങൾക്കും പിന്തുണ നൽകുന്നത്. കംപ്യൂട്ടർ എഞ്ചിനിയറായ അദ്ദേഹം ദുബായിൽ സ്വന്തമായി ഐടി ബിസിനസ് നടത്തുന്നു. കുടുംബത്തോടൊപ്പം ദുബായിലായിരുന്നു. നാട്ടിലെത്തിയിട്ട് അധികം നാളായിട്ടില്ല. മീര, രാഹുൽ എന്നിവരാണ് മക്കൾ. രണ്ട് പേരും വിദ്യാർഥികളാണ്. തിരുവനന്തപുരത്താണ് താമസമെങ്കിലും സ്വദേശം കോഴിക്കോടാണ്, ഹോമിയോ ഡോക്ടറായിരുന്നു അച്ഛൻ തോമസ് അമ്മ മറിയം, ടീച്ചറായിരുന്നു.