പിന്നണി ഗാനാലാപനം ഒരു സ്വപ്നമായിരുന്നു: ഷാജോൺ

കലാഭവൻ ഷാജോൺ

മിമിക്രി കലാരംഗത്ത് നിന്നും മലയാള സിനിമയിലെ താരമായി മാറിയ ഷാജോൺ തനിക്ക് കോമഡി മാത്രമല്ല, സീരിയസായുള്ള വേഷങ്ങളും ചേരുമെന്ന് തെളിയിച്ച സിനിമയായിരുന്നു മോഹൻലാൽ – ജീത്ത് ജോസഫ് ചിത്രമായ ദൃശ്യം. മികച്ച തിരക്കഥയിൽ ഒരുങ്ങിയ ദൃശ്യത്തിൽ ഏറ്റവുമധികം പ്രശംസ നേടിയ കഥാപാത്രം ഷാജോണിന്റേതായിരുന്നു. വില്ലൻ പരിവേഷത്തിലേക്കുള്ള ഷാജോണിന്റെ മാറ്റത്തിൽ നിന്നും മറ്റൊരു വ്യത്യസ്തതയുമായി എത്തുകയാണ് അദ്ദേഹം. ഇപ്പോൾ ഒരു ഗായകനാകുന്നു. എന്താണ് പെട്ടെന്നൊരു ഗാനം ആലപിക്കാനൊരു ആഗ്രഹം?

നേരത്തെ സ്റ്റേജ് പ്രോഗ്രാമുകൾക്കായി ഒക്കെ ഒരുപാട് പാടിയിട്ടുണ്ടെങ്കിലും സിനിമയിൽ പാടണമെന്നത് ഒരു ആഗ്രഹമായിരുന്നു. വളരെ വർഷങ്ങളായി മനസ്സിൽ നിന്നൊരു ആഗ്രഹം ഷാജോൺ പറയുന്നു. ‘ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്ന ചിത്രത്തിൽ ഒരു നല്ല ഗാനമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ തന്നെ സ്ക്രിപ്റ്റ് റൈറ്ററോട് ട്രൈ ചെയ്ത് നോക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു

‘സംഗീത സംവിധായകൻ രതീഷ് വേഗയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിനും മനസ്സിൽ അങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നെന്ന് പറഞ്ഞു. ഒന്ന് ട്രൈ ചെയ്ത് നോക്കാം നന്നായില്ലെങ്കിൽ വേറെ ആരെയെങ്കിലും കൊണ്ട് പാടിക്കാം എന്ന നിലപാടിൽ തന്നെയാണ് ഗാനം ആലപിച്ചത്. എന്നാൽ ദൈവം സഹായിച്ച് എന്റെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് വേണം പറയാൻ. അതിന് നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട് എന്നതിലും സന്തോഷം. ഷാജോൺ വ്യക്തമാക്കി.

ഹാസ്യ നടൻ, വില്ലൻ, ഗായകൻ എന്നതിൽ നിന്നും അടുത്തത് സംവിധാനമാണോ എന്നതിന് അതും മനസ്സിലെ ഒരു ആഗ്രഹം മാത്രമാണ്, എന്ന് സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത ആഗ്രഹമെന്നും ഷാജോൺ പറയുന്നു. പാടാൻ അവസരം ലഭിച്ചാൽ ഇനിയും പാടണമെന്ന ആഗ്രഹവും ഷാജോൺ മറച്ചു വെച്ചില്ല.