സൗഹൃദത്തിനും സംഗീതത്തിനും കാഴ്ച വേണ്ട

അഫ്സൽ യൂസഫും ഗായകൻ നജീം അർഷാദും

പുതുതലമുറയിൽ മലയാളസംഗീതലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് താരങ്ങളാണ് സംഗീതസംവിധായകൻ അഫ്സൽ യൂസഫും ഗായകൻ നജീം അർഷാദും. അഫ്സലിന്റെ ഈണങ്ങളിൽ നജീം ആലപിച്ച ഗാനങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സംഗീതം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ഈ സൗഹൃദത്തിന് പിന്നിലെ കഥകളുമായി അഫ്സലും നജീമും മനോരമ ഓൺലൈനിലെ ഐ മി മൈസെൽഫിലൂടെ പങ്കുചേരുന്നു...

കാണുന്നില്ലെങ്കിലും സിനിമയെ കണ്ടറിഞ്ഞ അനുഭവമാണ് അഫ്സലിനുള്ളത്. സംഗീതത്തിൽ അധികമാർക്കും പരിചയമില്ലാത്ത അനുഭവങ്ങൾ, വെല്ലുവിളികൾ...നേരിട്ടുകാണാൻ കഴിയാതെ ഒരു സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കുക. സംവിധായകൻ ലാൽജോസ്, ഇമ്മാനുവൽ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കാൻ അഫ്സൽ യൂസഫിനെ ഏൽപ്പിച്ചത് അഫ്സലിന്റെ കഴിവിൽ പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ്. സംഗീതം എന്ന കലയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന അഫ്സൽ ഈ രംഗത്തേക്ക് കടന്നുവന്നതെങ്ങനെയെന്ന് പറയുന്നു...

മധുരശബ്ദത്തിലൂടെയും നറുപുഞ്ചിരിയിലൂടെയും ആസ്വാദകമനസ്സുകീഴടക്കിയ നജീം അർഷാദിന് കൈനിറയെ ഹിറ്റുകളായിരുന്നു. പ്രിയകൂട്ടുകാരൻ അഫ്സൽ യൂസഫ് സംഗീതം പകർന്ന ഇമ്മാനുവലിലെ മാനത്തുദിച്ചത് എന്ന ഗാനമായിരുന്നു 2013ൽ നജീമിന്റെ ആദ്യഹിറ്റ്. പിന്നീട് പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, ഫിലിപ്സ് ആൻഡ് മങ്കിപെൻ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം തുടങ്ങി റിങ് മാസ്റ്റർ വരെ നജീം ഹിറ്റുകൾ തുടരെ തുടരെ സൃഷ്ടിച്ചു.

‘പാതിരാ മണൽ‘ ആണ് 2013—ൽ അഫ്സൽ ഈണമിട്ട് പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിൽ മൃദുലാ വാര്യരും നജീമും പാടിയ ‘ആലോലം തേനോലും...‘ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. ഈ വർഷവും ഇതേകൂട്ടുകെട്ടിൽ മറ്റൊരു ഹിറ്റ്ഗാനം കൂടി പിറന്നു. മഴയിൽ നിറയും എന്ന ഗാനമായിരുന്നു ഈ വർഷം ഹിറ്റ് ചാർട്ടുകളിൽ നിറഞ്ഞുനിന്നത്. ‘പറങ്കിമല‘യുടെ പുതിയ പതിപ്പിനായി നജീം അർഷാദും മൃദുലാ വാര്യരും പാടിയതാണീ പാട്ട്. ശരിക്കും നജീം പിടിച്ചു വാങ്ങിയ പാട്ടായിരുന്നുവിത്. അതിനു പിന്നിലെ കഥ നജീം തന്നെ പറയും.

അഫ്സൽ കാണുന്നില്ലെങ്കിലും ആ ഉള്ളറിഞ്ഞ് നജിം അദ്ദേഹത്തിന്റെ ഒപ്പമുണ്ട്. കാഴ്ചയ്ക്കപ്പുറമുള്ള സംഗീതവും സൗഹൃദവുമായി മലയാള സംഗീതരംഗത്തെ അത്ഭുതപ്പെടുത്തുകയാണ് ഇവർ.