കണ്ണിനിമ നീളെ ചിരിയുമായ് നരേഷ്

നരേഷ് അയ്യർ

പാടുന്ന പാട്ടിന്റെ ശൈലിയിലുള്ള വ്യത്യസ്തതയാണ് നരേഷ് അയ്യർ എന്ന യുവ ഗായകനെ സംഗീത സംവിധായകർക്ക് പ്രിയങ്കരനാക്കുന്നത്. ഇന്ത്യൻ സംഗീത ചക്രവർത്തി എ.ആർ. റഹ്മാന്റെ സ്കൂളിൽ നിന്നും തുടങ്ങിയ സംഗീതയാത്ര. ഒരു ദശകത്തോടടുക്കുമ്പോൾ ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഒട്ടനവധി ഭാഷകളിൽ പ്രിയങ്കരങ്ങളായ ഒട്ടേറെ ഗാനങ്ങൾ നരേഷിനു നൽകി.

മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത രംഗ് ദേ ബസന്തിയിലെ റൂബാ റൂ, സില്ലൻട്്ര ഒരു കാതലിലെ മുൻപേ വാ, അൻവറിലെ കണ്ണിനിമ നീളെ തുടങ്ങിയ നരേഷ് അയ്യർ പാടിയ ഗാനങ്ങളെല്ലാം മലയാളികൾക്കും പ്രിയപ്പെട്ടവയാണ്. തിരക്കിനിടയിലും മലയാളികൾക്കു വേണ്ടി സമയം കണ്ടെത്തുന്ന നരേഷ് മനോരമ ഓൺലൈനിനോടൊപ്പം...

മലയാളത്തിലേക്ക് ആദ്യ അവസരം ലഭിക്കുന്നത് എങ്ങനെയാണ്?
ജോർജ് പീറ്റർ എന്ന സംഗീത സംവിധായകന്റെ ഹാർട്ട് ബീറ്റ്സ് എന്ന സിനിമയ്ക്കുവേണ്ടി പാടിയതാണ് മലയാളത്തിലെ എന്റെ ആദ്യ പാട്ട്. ഹേയ് മൊഴി തോർന്നുവോ എന്ന പാട്ടായിരുന്നു അത്. എന്റെ ഒരു സുഹൃത്ത് വഴിയാണ് ജോർജിനെ പരിചയപ്പെടുന്നത്. അതിനുശേഷം ഗോപി സുന്ദർ, ദീപക് ദേവ്, ജൊനാഥാൻ എന്നിവർക്കു വേണ്ടിയും പാടി.

ഗോപി സുന്ദറിനൊപ്പം അൻവറിലാണ് നരേഷ് ഒന്നിച്ചത്. എങ്ങനെയായിരുന്നു ആ അവസരമെത്തിയത്?
എന്റെ ഒരു നല്ല സുഹൃത്താണ് ഗായിക കൂടിയായ സുചിത്ര. ഗോപിക്കുവേണ്ടി സുചിത്ര പാടുവാൻ ചെന്നപ്പോൾ എന്നെക്കുറിച്ചു പറഞ്ഞിരുന്നു. അങ്ങനെയാണ് ‘കണ്ണിനിമ നീളെ എന്ന പാട്ട് പാടുന്നത്. ഏറ്റവും പുതിയ ലാസ്റ്റ് സപ്പറിലും ഗോപിയ്ക്കുവേണ്ടി ഞാൻ പാടി.

മറ്റു ഭാഷകളും മലയാളവും തമ്മിലുള്ള വ്യത്യാസമെന്താണ്?
അധികം വ്യത്യാസമൊന്നുമില്ല. റെക്കോർഡിങ്ങും സാങ്കേതികതയും ഒരു പോലെ തന്നെ. എനിക്ക് മലയാള ഭാഷ സംസാരിക്കുവാനുള്ള ബുദ്ധിമുട്ടാണ് ഒരു പ്രശ്നം. തമിഴോ ഹിന്ദിയോ പിടിച്ചെടുക്കുന്നതുപോലെ മലയാളം അത്രവേഗം എനിക്കു വഴങ്ങില്ല. അതേയുള്ളൂ ഒരു വ്യത്യാസം. ബാക്കി റെക്കോർഡിങ്ങായാലും, അറേഞ്ച്മെന്റായാലും എല്ലാം ഒന്നു തന്നെയാണ് എല്ലായിടത്തും.

മലയാളിയായിട്ടും മലയാളം ബുദ്ധിമുട്ടാണോ?
എന്റെ അമ്മ പാലക്കാട്ടുകാരിയാണ്. പാലക്കാടൻ അയ്യർ ഫാമിലിയിൽപ്പെട്ടവരാണ്. എങ്കിലും ഞങ്ങൾ വർഷങ്ങളായി മുംബൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. കുട്ടിക്കാലത്തു തന്നെ മലയാളം വായിക്കാനും മറ്റു പഠിച്ചിട്ടുണ്ടെങ്കിലും ഞാൻ അത്ര ഒഴുക്കോടെ മലയാളം സംസാരിക്കുന്ന ആളല്ല. തമിഴാണ് വീട്ടിൽ അധികവും സംസാരിക്കുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ മലയാളം പാട്ടുകൾ പാടുന്നതുകൊണ്ട് ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ‘നയും ‘റയുമൊക്കെ എഴുതി വച്ച് ഞാൻ ഉച്ചാരണം മെച്ചപ്പെടുത്താറുണ്ട്.

മലയാളത്തിൽ ഗാനങ്ങൾക്കുണ്ടായ മറ്റ് വ്യത്യാസങ്ങളെന്തൊക്കെയാണ്?
ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയ സംഗീതം മാത്രം അടിസ്ഥാനമാക്കിയ ഗാനങ്ങളിൽ നിന്നും മലയാളം ഒരുപാട് മുന്നോട്ട് വന്നിരിക്കുന്നു. എല്ലാ ഗണത്തിൽപ്പെട്ട പാട്ടുകളും പരീക്ഷണങ്ങളും ഇന്നിവിടെ ഉണ്ടാകുന്നുണ്ട്.

എ.ആർ. റഹ്മാനാണ് നരേഷിന് ആദ്യ സിനിമാ ഗാനം നൽകുന്നത്. ആദ്യ ദേശീയ അവാർഡ് നരേഷിന് ലഭിക്കുന്നതും റഹ്മാന്റെ ഗാനത്തിനു തന്നെ. അദ്ദേഹത്തോടൊപ്പമുള്ള അനുഭവം?
വളരെ നല്ല എക്പോഷറാണ് റഹ്മാനോടൊപ്പം പ്രവർത്തിക്കുമ്പോൾ കിട്ടുക. ഒരാളെക്കുറിച്ചും ഒരു മുൻവിധി അദ്ദേഹത്തിനില്ല. വിവിധ തരം ഗാനങ്ങൾ നമ്മളെക്കൊണ്ട് അദ്ദേഹം പാടിക്കും. രംഗ് ദേ ബസന്തിയിലെ റൂബാ റൂ, പാഠശാല, തൂബിൻ ബതായേ എന്നീ ഗാനങ്ങളും ‘വരലാറുവിലെ ഒരു സെമിക്ലാസിക്കൽ ഗാനവും ഒരു കൂത്തു പാട്ടും എനിക്കദ്ദേഹം നൽകിയത് ചില ഉദാഹരണങ്ങളാണ്. അദ്ദേഹത്തെ പോലൊരാളുടെ സ്കൂളിൽ കരിയർ ആരംഭിക്കാനായതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം.

ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ടോ?
ഉണ്ട്. കർണാടിക് സംഗീതം പത്മ ചാണ്ഡില്യന്റെ കീഴിൽ പഠിക്കുന്നുണ്ട്.

റിയാലിറ്റി ഷോയുടെ താരമാണ് നരേഷ്. പലപ്പോഴും റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടുന്നവരല്ല പിന്നീട് സിനിമയിൽ പോപ്പുലറാവുന്നത് എന്താണ് അഭിപ്രായം?
റിയാലിറ്റി ഷോയിൽ നമ്മൾ മറ്റൊരാൾ പാടിയത് പുനഃരവതരിപ്പിക്കുക മാത്രമാണ്. എന്നാൽ സിനിമയിൽ പാടുമ്പോൾ പുതിയ ഒരു ഗാനം നമ്മുടേതായി മാറ്റുവാൻ ലഭിക്കുന്ന അവസരമാണ്. അവിടെ നമ്മുടേതായ കൂട്ടിച്ചേർക്കലുകളും കോൺട്രിബ്യൂഷനുകളും അവതരണവും വേണം. ഇക്കാര്യങ്ങൾ സ്ഥിരതയോടെ നൽകുവാൻ കഴിയുമ്പോഴാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കൂടുതൽ അവസരം ലഭിക്കുന്നത്. റിയാലിറ്റി ഷോയിൽ എത്രാം സ്ഥാനത്ത് വന്നു എന്നത് അവിടെ ഒരു പ്രശ്നമേയല്ല.

ഇനി കുടുംബത്തെക്കുറിച്ച് പറയൂ?
അച്ഛൻ ശങ്കർ നാരായണൻ. അമ്മ രാധ. ഒരു ഇളയ സഹോദരിയുണ്ട്. നിഷ എന്നാണ് പേര്. കുടുംബത്തിൽ മുത്തശ്ശിയുൾപ്പെടെയുള്ള എല്ലാവരുമായും വളരെയധികം ആത്മബന്ധമാണ് ഞങ്ങൾക്കിടയിൽ. എല്ലാ കാര്യങ്ങളിലും വളരെ നല്ല പ്രചോദനവും പ്രോത്സാഹനവുമാണ് ഞങ്ങൾക്ക് കുടുംബത്തിൽ നിന്നും ലഭിക്കുന്നത്.

വിവാഹം?
ചിലപ്പോൾ ഒന്നു രണ്ടു വർഷത്തിനിടയിലുണ്ടാവും. ഇപ്പോൾ അനിയത്തിക്കുവേണ്ടി കല്യാണം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതിനുശേഷം എനിക്കും പ്രൊപ്പോസലുകൾ നോക്കിത്തുടങ്ങും.

പാടിയ ഗാനങ്ങളിൽ ഇഷ്ടപ്പെട്ട ഒരു ഗാനവും, ഇഷ്ടപ്പെട്ട ഒരു ഗായകനെയും തിരഞ്ഞെടുക്കാൻ പറഞ്ഞാൽ....?
വലിയ ബുദ്ധിമുട്ടാണ്. ഒരു പാടുണ്ട്. മലയാളത്തിൽ ഉസ്താദ് ഹോട്ടലിൽ ഞാൻ പാടിയ ‘ മേൽ മേൽ എന്ന ഗാനം ഒരു പക്ഷേ കൂടുതൽ ഇഷ്ടമാണ്, ഗായിക എന്ന നിലയിൽ സ്വർണലതയേയും അവരുടെ സ്വരവും ഇഷ്ടമാണ്.